സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മി; മാപ്പ് പറഞ്ഞ് വിജയ് പി നായര്‍

യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മി; മാപ്പ് പറഞ്ഞ് വിജയ് പി നായര്‍

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ. ഡോ. വിജയ് പി. നായർക്ക് നേരെയായിരുന്നു ആക്രമണം.

ഇയാളെ കരി ഓയിൽ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്.

പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ദിയ സന ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും ഭാഗ്യലക്ഷ്മിയും ദിയ സനയും പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവരുടെ പ്രതികരണം.

അതേസമയം, സ്ത്രീകളുടെ കൈയേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് ഡോ. വിജയ് പി നായർ. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും ഞാൻ സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും വിജയ് പി നായർ പ്രതികരിച്ചു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താൻ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൻ്റെ ലാപ്ടോപ്പും മൊബെലും ആക്രമിച്ചവർ കൊണ്ടുപോയന്നും വിജയ് പറഞ്ഞു.

യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ ഇയാള്‍ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

Related Stories

Anweshanam
www.anweshanam.com