ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ഹോട്ടലുകള്‍ രാത്രി 7.30വരെ

രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം

ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ഹോട്ടലുകള്‍ രാത്രി 7.30വരെ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയര്‍ ഹൗസുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാനാണ് ബിവറേജസ് കോര്‍പറേഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂര്‍ കുറച്ചു. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ 9.30വരെ പാഴ്‌സലുകള്‍ നല്‍കാം. ഇന്നുമുതല്‍ നടപ്പാക്കുന്ന നൈറ്റ് കര്‍ഫ്യു സംബന്ധിച്ചുള്ള ഉത്തരിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

സംസ്ഥാനത്ത് തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കില്ല. സ്ഥിതി പരിശോധിച്ച ശേഷം മാത്രം അക്കാര്യത്തില്‍ അന്തിമ തീരമാനമെടുക്കുകയുള്ളുവെന്ന് കോവിഡ് കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇന്ന് മുതല്‍ നിലവില്‍ വരുന്ന രാത്രികാല കര്‍ഫ്യുവിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രികളിലുള്ള സൗകര്യങ്ങളെ കുറിച്ച് കോര്‍കമ്മറ്റിവിശദമായി വിലയിരുത്തി. വെന്റിലേറ്റര്‍ സൗകര്യങ്ങളുംതൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. രോഗം വ്യാപനം കൂടിയാല്‍ സ്വകാര്യമേഖലയിലുള്ള ആശുപത്രികളോട് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com