ബിലിവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇന്നും തുടരും

40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്
ബിലിവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇന്നും തുടരും

കൊച്ചി: സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് പരിശോധന. സഭാ ആസ്ഥാനത്തടക്കം ഇന്നലെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

തിരുവല്ലയിലെ ബിലിവേഴ്സ് ചര്‍ച്ച്‌ ആസ്ഥാനത്തടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അകൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും .

ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്. അതേസമയം ചില സാമ്പത്തിക ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച്‌ സഭക്ക് പുറത്തേക്കും പരിശേധന നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. അതേസമയം ഇന്നും റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പൊലീസിനോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com