സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല ; എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല ; എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള‌ളി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴിയുള‌ള പാഴ്‌സല്‍ വില്‍പനയാണ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലുമുള‌ളത്. ഇതിന് ബെവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

മ‌റ്റ് സംസ്ഥാനങ്ങളിലെ ബാറുകള്‍ തുറന്നത് പോലെ സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന മുന്‍പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്‌സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാര്‍ശയില്‍ ഉളളത്.

Related Stories

Anweshanam
www.anweshanam.com