'ബാലശങ്കറിന്‍റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല; പ്രതികരിച്ച് കെ സുരേന്ദ്രന്‍

ബാലശങ്കറിന്‍റേത് സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമായിരിക്കാം. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചതായി തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു
'ബാലശങ്കറിന്‍റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല; പ്രതികരിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന ആര്‍.എസ്.എസ് നേതാവും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബാലശങ്കറിന്‍റേത് സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമായിരിക്കാം. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചതായി തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബാലശങ്കര്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ചുപോലും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തിലുള്ള മറുപടിയും അര്‍ഹിക്കുന്നതല്ല, സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മാഫിയ സംഘമാണെന്നും ​കെ.സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ആര്‍. ബാലശങ്കര്‍ ആരോപിച്ചിരുന്നു. സി.പി.എം-ആര്‍.എസ്.എസ് കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങള്‍ക്ക്​ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്​തമാക്കുന്നു.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. അതിനൊപ്പം ബി.ജെ.പിക്ക് ഇത്തവണ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കര്‍ പറയുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എന്‍.എസ്​.എസും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തില്‍ ബന്ധുമിത്രാദികളടക്കം പതിനായിരം വോ​ട്ടെങ്കിലും ഉണ്ട്​. എന്നിട്ടും സീറ്റ്​ നിഷേധിച്ചതിന്​ പിന്നില്‍ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്​​. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കര്‍ പറയുന്നു.

ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com