അച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് ആശുപത്രി വിട്ടു

കുട്ടിയെ ശിശുക്ഷേമസമിതി ഉത്തരവ് പ്രകാരവും, കുട്ടിയുടെ അമ്മയെ സംസ്ഥാന വനിതാ കമ്മീഷൻ ഉത്തരവു പ്രകാരവും ഭാരവാഹികൾ ഏറ്റെടുത്ത ശേഷം പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി
 അച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് ആശുപത്രി വിട്ടു

കൊച്ചി: അച്ഛന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പിഞ്ചു കുഞ്ഞ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. തലയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമിട്ടിരുന്ന തുന്നൽ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കുഞ്ഞ് യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും അമ്മയുടെ മുലപ്പാൽ കുടിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടിയെ ശിശുക്ഷേമസമിതി ഉത്തരവ് പ്രകാരവും, കുട്ടിയുടെ അമ്മയെ സംസ്ഥാന വനിതാ കമ്മീഷൻ ഉത്തരവു പ്രകാരവും ഭാരവാഹികൾ ഏറ്റെടുത്ത ശേഷം പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ. എസ് അരുൺകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗം മഞ്ജുള വി എൻ, സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിൽ ആണ് കുട്ടിയെയും അമ്മയെയും ഏറ്റെടുത്തത്.

തന്റെ കുട്ടിയെ ക്രൂരമായി മർദ്ദിച്ച പിതാവിനോടും കുടുംബത്തോടൊപ്പം തുടർന്ന് താമസിക്കുവാൻ തനിക്ക് താല്പര്യമില്ല എന്നും തനിക്ക് സ്വന്തം നാടായ നേപ്പാളിലേക്ക് തിരികെ പോകണമെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷൻ അധ്യക്ഷയോടും ശിശുക്ഷേമ സമിതി ഭാരവാഹികളോടും പറഞ്ഞിരുന്നു.

തുടർന്നാണ് കേസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കുട്ടിയെയും അമ്മയെയും എറണാകുളം ജില്ലയിലെ പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിൽ താമസിപ്പിക്കുവാൻ ശിശുക്ഷേമസമിതിയും വനിതാ കമ്മീഷനും തീരുമാനിച്ചത്.

കുട്ടിയുടെ തുടർചികിത്സയും യാത്ര സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുൺകുമാർ അറിയിച്ചു.

അങ്കമാലി സ്വദേശിയായ ഷൈജുവിൻ്റെ ക്രൂരമായ ആക്രമണത്തിലാണ് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. കുഞ്ഞിനെ ഇയാള്‍ കട്ടിലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജൂൺ 18ന് രാവിലെ ബോധരഹിതയായ നിലയിൽ കൊണ്ടുവന്ന കുഞ്ഞിന് എന്തു സംഭവിച്ചെന്ന ചോദ്യത്തിന് അച്ഛനും അമ്മയും പരസ്പരബന്ധമില്ലാതെ മറുപടി നല്‍കിയതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് സംശയം ജനിച്ചത്. തുടര്‍ന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിൻ്റെ തലയോട്ടിയ്ക്കുള്ളിൽ കെട്ടിക്കിടന്ന രക്തം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com