
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് നിരീക്ഷകരെ നിയമിച്ചു. കേരളത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവര്‍ക്കാണ് ചുമതല.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുമെന്ന് എഐസിസി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം പ്രചാരണത്തിലുള്ള വീഴ്ചയാണെന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രചാരണ ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കളെ ഇറക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം.
കേരളം കൂടാതെ 2021ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കും മുതിര്‍ന്ന നിരീക്ഷകരെ നിയോഗിച്ചട്ടുണ്ട്. അസമില്‍ ഭൂപേഷ് ബാഗല്, മുകുള്‍ വാസ്നിക്, ഷകീല്‍ അഹമ്മദ് ഖാന് എന്നിവരാണ് നിരീക്ഷകര്‍. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡോ. എം. വീരപ്പമൊയ്ലി, എം.എം. പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവര്‍ക്കാണ് ചുമതല. പശ്ചിമബംഗാളില്‍ ബി.കെ. ഹരിപ്രസാദ്, അലംഗീര്‍ അലം, വിജയീന്ദര്‍ സിംഗ്ല എന്നിവര്‍ക്കാണ് ചുമതല.