ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം; മുഖ്യമന്ത്രിക്ക് നിവേദനം 

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം; മുഖ്യമന്ത്രിക്ക് നിവേദനം 

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറുപടി.

തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം സജീവമാവുകയാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകളെ നിരോധിക്കാനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച് അന്വേഷണം. കോം ചീഫ് എഡിറ്റര്‍ സുല്‍ഫിക്കര്‍ സുബൈര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ഓണ്‍ലൈന്‍ ചൂതാട്ടം യുവജനങ്ങളെ എങ്ങനെ ബാധിക്കുന്നു, സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തില്‍ എത്രത്തോളം നഷ്ടം വരുന്നു എന്നത് ചൂണ്ടിക്കാട്ടുന്ന സമഗ്ര റിപ്പോര്‍ട്ട് അന്വേഷണം.കോം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം വേണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനം ചീഫ് എഡിറ്റര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

Also Read: "രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ"

ഓണ്‍ലൈന്‍ ചൂതാട്ട നിരോധനവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ കൈകൊള്ളുന്നതിനായി നിവേദനം, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലില്‍ നിന്ന് ലഭിച്ച പ്രതികരണം. മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

വിഷയം: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം.

സര്‍,

കേരളത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം സജീവമാകുന്നത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ. യുവജനങ്ങളെ പൂര്‍ണ്ണമായും അടിമകളാക്കുകയാണ് ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകള്‍.

ഓണ്‍ലൈന്‍ ചൂതാട്ടംജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. കുടുംബാന്തരീക്ഷം വഷളാക്കുന്നു. ഒടുക്കം ആത്മഹത്യയിലേക്ക് നയിക്കുന്നു. പ്രത്യേകിച്ചും സാധാരണക്കാരെ.

ഇന്ത്യയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ പ്രധാന കേന്ദ്രം. കോവിഡും ലോക്ക് ഡൗണും ഇത് ഊര്‍ജിതമാക്കി. ഓണ്‍ലൈന്‍ ചൂതാട്ടം സജീവമാകുന്നതിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഏറെ വലുതാണ്. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രസ്തുത വിഷയം പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടമെന്ന സാമൂഹിക തിന്മ നിരോധിക്കാന്‍ ആന്ധ്രാപ്രദേശ് ക്യാബിനറ്റ് തീരുമാനമെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. യുവാക്കളുടെ സംരക്ഷണം മുന്നില്‍ കണ്ടാണ് നടപടിയെന്ന് വിശദീകരണം.

മഹാരാഷ്ട്ര(ബോംബെ വേജര്‍ ആക്ട് 2019), തെലങ്കാന (തെലങ്കാന ഓഡിനൻസ് 20l7) തുടങ്ങിയ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചതാണ്. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന്‍റെ ആവശ്യകത ഇക്കഴിഞ്ഞ ജൂലായിൽ മദ്രാസ് ഹൈക്കോടതി ചൂണ്ടികാണിച്ചിരുന്നുവെന്നത് ശ്രദ്ധേയം.

ഓൺലൈൻ ചൂതാട്ട കമ്പനികളെ നിരോധിക്കാൻ വകുപ്പുകളില്ലെന്ന വാദമാണ് രാജ്യത്തെ ഉന്നത നീതിപീഠം പോലും നിരത്തിയത്. 1996ലെ വിചിത്രമായ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ തഴച്ചു വളരുന്നത്.

സാങ്കേതിക വിദ്യാ വിസ്ഫോടനത്തിന്‍റെ നാളുകളില്‍ കുറ്റകൃത്യം, അഴിമതി, കള്ളപ്പണ സ്വരൂപണം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുടെ കൂത്തരങ്ങാണ് ഓൺലൈൻ ചൂതാട്ടം. സാമൂഹിക തിന്മയ്ക്കാണ് നീതിപീഠം കുടപിടിക്കുന്നത്.

ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന നിയമസാധ്യതകളുംനികുതി ഘടനയിലുള്ള അവ്യക്തതയും മറയാക്കി ഓണ്‍ലൈന്‍ ചൂതാട്ടം ശക്തിപ്പെടുന്നു. സംസ്ഥാന ഖജനാവില്‍ കോടികളുടെ നഷ്ടമാണ് ഫലം.

അതിനാല്‍ താങ്കളുടെ സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനായി നിയമ നിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടം യുവജനങ്ങളെ എങ്ങനെ ബാധിക്കുന്നു, സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തില്‍ എത്രത്തോളം നഷ്ടം വരുന്നു എന്നത് ചൂണ്ടിക്കാട്ടുന്ന സമഗ്ര റിപ്പോര്‍ട്ട് കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ anweshanam.com പ്രസിദ്ധീകരിക്കുകയുണ്ടായി(https://www.anweshanam.com/investigations/kk-sreenivasan-on-the-country-that-is-under-clutches-of-online-rummy-companies). പ്രസ്തുത റിപ്പോര്‍ട്ട് ഇതോടൊപ്പം അയക്കുന്നുണ്ട്. താങ്കള്‍ അത് ശ്രദ്ധയോടെ വായിക്കുവാൻ സമയം കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം
മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം
മറുപടി സന്ദേശം
മറുപടി സന്ദേശം

പുതുച്ചേരി സര്‍ക്കാരും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ 30 ലക്ഷം രൂപ നഷ്ടമായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു പുതുച്ചേരി സര്‍ക്കാരിന്‍റെ ഇടപെടല്‍.

തകര്‍ന്ന കടുംബ ജീവിതവും കടക്കെണിയും ആത്മഹത്യയും തന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റുകള്‍ സമൂഹത്തിന് നല്‍കുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനമേര്‍പ്പെടുത്തി സമൂഹത്തെ രക്ഷിക്കാന്‍ സംസ്ഥാനത്തിന്‍റെ അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Related Stories

Anweshanam
www.anweshanam.com