ജലദോഷ പനിയടക്കമുള്ളവര്‍ക്ക് 5 ദിവസത്തിനുള്ളില്‍ ആന്റിജന്‍ ടെസ്റ്റ്; പരിശോധനയ്ക്ക് പുതിയ മാര്‍ഗ രേഖ
Kerala

ജലദോഷ പനിയടക്കമുള്ളവര്‍ക്ക് 5 ദിവസത്തിനുള്ളില്‍ ആന്റിജന്‍ ടെസ്റ്റ്; പരിശോധനയ്ക്ക് പുതിയ മാര്‍ഗ രേഖ

ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധന നടത്തും

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ രേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ച് ദിവസത്തിനകം ആന്റിജന്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധന നടത്തും.

നേരത്തെ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇനി രോഗം ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ എത്തുന്നവരാണെങ്കില്‍ കൊറോണ പരിശോധന നടത്തും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് അഡ്മിഷന് മുന്‍പ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന കാര്യം ഉറപ്പു വരുത്തും.

വലിയ ക്ലസ്റ്ററുകളില്‍ നിന്നെത്തുന്ന മുന്‍ഗണന വിഭാഗത്തിലെ ആളുകള്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും.

യാത്രാ ചരിത്രം ഉള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയാല്‍ പിസിആര്‍ പരിശോധന നടത്തണം. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് അടക്കമുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. മൃതദേഹത്തില്‍ ആദ്യം എക്‌സ്പര്‍ട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആര്‍ പരിശോധന നടത്താനുമാണ് നിര്‍ദ്ദേശം.

തടവുപുള്ളികള്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ഭേദമായവരില്‍ വീണ്ടും ലക്ഷണങ്ങള്‍ കണ്ടാല്‍ പി.സി.ആര്‍ പരിശോധനയാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Anweshanam
www.anweshanam.com