ലൈഫ് മിഷൻ പദ്ധതി നടത്തിപ്പ്; സിബിഐ അന്വേഷണം വേണമെന്ന് അനിൽ അക്കര
Kerala

ലൈഫ് മിഷൻ പദ്ധതി നടത്തിപ്പ്; സിബിഐ അന്വേഷണം വേണമെന്ന് അനിൽ അക്കര

ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത്.

News Desk

News Desk

തിരുവനന്തപുരം: റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ​ഗവർണർക്ക് കത്ത് നൽകി. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ആരോപണം.

റെഡ് ക്രസൻ്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിക്കുന്നു.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എന്‍ജിഒയുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ട്, അവർക്കു സർക്കാർ ഭൂമി നൽകി അതുവഴി പ്രിൻസിപ്പൽ സെക്രട്ടറിയും ഇടനിലക്കാരിയും ചേർന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങുന്നതും രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാന ലൈഫ് മിഷന്‍ അധികാരികളും, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്സ് റെഡ് ക്രസന്റ് ഭാരവാഹികളും യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷൻ സിഇഒയുമായിരുന്ന എം ശിവശങ്കറും വടക്കാഞ്ചേരി മുന്‍സിപ്പല്‍ ഭരണ നേതൃത്വവും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമായുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അനില്‍ അക്കരെ ആരോപിക്കുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്ന എം ശിവശങ്കര്‍ ഈ സാമ്പത്തിക നേട്ടങ്ങള്‍ മുഴുവന്‍ നേടിയെടുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്നുള്ളതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മാത്രമല്ല യൂണിറ്റാക്ക് ഗ്രൂപ്പ് ലൈഫ് മിഷന്‍ പദ്ധതിയുടെ നിർമാണം നടത്തിയതും അന്വേഷണ വിധേയമാക്കേണ്ടതാണ് എന്നും അനിൽ അക്കര ​ഗവർണർക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്.

Anweshanam
www.anweshanam.com