മെഡിക്കല്‍ കോളേജില്‍ വെച്ച് സ്വ‌പ്‌നയെ കാണാന്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കര

സ്വപ്‌നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നും അനിൽ അക്കര ആരോപിച്ചു
മെഡിക്കല്‍ കോളേജില്‍ വെച്ച് സ്വ‌പ്‌നയെ കാണാന്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കര

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കരെ എം.എല്‍.എ. സ്വപ്‌നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നും അനിൽ അക്കര ആരോപിച്ചു.

സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ഒരുമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ മന്ത്രി എ സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം ഒഴിവാക്കാനായിരുന്നു ഇതെന്നും എം.എല്‍.എ പറഞ്ഞു.

സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണ്. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎൽഎ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നും അനിൽ അക്കരെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നും എം.എല്‍.എ ആരോപിച്ചു.

കഴിഞ്ഞ ഏഴിനാണ് സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ്ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വപ്ന ആശുപത്രി വിട്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുളള ശാരീരികാസ്വാസ്ത്യമായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും ഇസിജിയിൽ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ ദിവസങ്ങൾക്കിടെ കോളേജിലെത്തിയ മന്ത്രി സ്വപ്നയ്ക്ക് ചർച്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് അനിൽ അക്കരയുടെ ആരോപണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com