പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു
Kerala

പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു

രണ്ടുദിവസം മുന്‍പാണ് സംഭവം. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു

News Desk

News Desk

എറണാകുളം: അങ്കമാലിയില്‍ പിതാവ് കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിലാണ്. കുഞ്ഞിന്റെ തലയോട്ടിക്കുളളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ കാലുകളില്‍ ചതവുമുണ്ട്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്.

അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് പെണ്‍കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്‌.

രണ്ടുദിവസം മുന്‍പാണ് സംഭവം. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്.

Anweshanam
www.anweshanam.com