വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കോണ്‍ഗ്രസ്​ രാഷ്​ട്രീയ ഗൂഢാലോചനയാണെന്ന് ആനാവൂര്‍ നാഗപ്പന്‍
Kerala

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കോണ്‍ഗ്രസ്​ രാഷ്​ട്രീയ ഗൂഢാലോചനയാണെന്ന് ആനാവൂര്‍ നാഗപ്പന്‍

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതല്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്.

News Desk

News Desk

തിരുവനന്തപുരം: കോണ്‍ഗ്രസ്​ രാഷ്​ട്രീയ ഗൂഢാലോചനയാണ്​ വെഞ്ഞാറമൂട്​ തേമ്ബാംമൂടില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്​ പിന്നിലെന്ന്​ സി.പി.എം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അന്വേഷണത്തിന്​ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കൊലപാതകത്തിന്​ പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണം യൂത്ത്​ കോണ്‍ഗ്രസ്​ തള്ളി. ഈ പ്രചാരണം സി.പി.എം ഗൂഢാലോചനയാണെന്ന്​ യൂത്ത്​ കോണ്‍ഗ്രസ്​ പ്രതികരിച്ചു. ഡി.വൈ.എഫ്​.ഐ കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്‍റ്​ ഹഖ്​ മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിന്‍റ്​ സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ്​ തിങ്കളാഴ്​ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന്​ പേര്‍ കസ്​റ്റഡിയിലായിട്ടുണ്ട്​. കൊലപാതകത്തില്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ക്ക്​ പങ്കുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു​. ഹഖ് മുഹമ്മദിനെ തേമ്ബാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാന്‍ എത്തിയതായിരുന്നു മിഥിലാജ്. അഞ്ചുപേരടങ്ങുന്ന സംഘമാണ്​ കൊല നടത്തിയതെന്നാണ്​ നിഗമനം.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതല്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വെള്ളി സജീവിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.

രണ്ടു മാസങ്ങള്‍ക്കു മുൻപ് ഡി.വൈ.എഫ്.ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പ്രതികളുടെ കെ.എല്‍ 21 കെ 4201 ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌​ ഡി.വൈ.എഫ്​.ഐ ഇന്ന്​ സംസ്​ഥാന വ്യാപകമായി കരിദിനം ആചരിക്കും.

Anweshanam
www.anweshanam.com