മേപ്പാടി കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി ഉദ്ഘാടനം ഇന്ന്

തുരങ്കപാതയുടെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മേപ്പാടി കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി ഉദ്ഘാടനം ഇന്ന്

മേപ്പാടി: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. മന്ത്രി ടിഎം തോമസ് ഐസക് പങ്കെടുക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രാദേശികമായി രാവിലെ പത്തിന് പരിപാടി നടത്തും.

മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലും തിരുവമ്പാടി ബസ്സ്റ്റാന്‍ഡിലും ക്രമീകരിച്ച വലിയ സ്‌ക്രീനില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. തിരുവമ്പാടിയില്‍ മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍, എംപിമാരായ എംവി ശ്രേയാംസ് കുമാര്‍, എളമരം കരീം എന്നിവര്‍ പങ്കെടുക്കും. മേപ്പാടിയില്‍ സികെ ശശീന്ദ്രന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ സഹദ് എന്നിവരുമുണ്ടാകും.

പദ്ധതിയുടെ വിശദപഠനവും നിര്‍മാണവും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തുന്നത്. സര്‍വേ നടപടികള്‍ കഴിഞ്ഞമാസം 22ന് തുടങ്ങിയിരുന്നു. മൂന്നുമാസത്തിനകം പഠനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡിപിആര്‍ തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും.

തുരങ്കപാതയുടെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷംകൊണ്ട് തുരങ്കം പൂര്‍ത്തിയാക്കാനാകും. വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാകുമിത്. കൊച്ചി - ബെംഗളൂരു യാത്ര ദൂരംകുറയുകയും ചെയ്യും.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കലാണ് പ്രധാന ലക്ഷ്യം. യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവുംനീളമേറിയ തുരങ്കപാതയാകുമിത്. 800 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി 658 കോടിരൂപ വകയിരുത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com