തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ ചരിഞ്ഞ സംഭവം; പ്രതിഷേധം തുടരുന്നു; പ്രദേശത്ത് ഹര്‍ത്താല്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു
 
തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ ചരിഞ്ഞ സംഭവം; പ്രതിഷേധം തുടരുന്നു; പ്രദേശത്ത് ഹര്‍ത്താല്‍

ആലപ്പുഴ: തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതിൽ നാട്ടുകാരുടെയും ആനപ്രേമികളുടെയും പ്രതിഷേധം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. നിരവധി പേര്‍ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആനയോടുള്ള ആദരസൂചകമായി പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ വാസുവിന് ആനയുടെ ജഡത്തിന് സമീപത്ത് പോലും എത്താനായില്ല. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തുടര്‍ന്ന്‍ എന്‍ വാസുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആനപ്പാപ്പാനെതിരെ കേസ് എടുക്കണമെന്നും ആനപ്രേമികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിച്ചിരുന്നില്ല.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആനയ്ക്ക് പാപ്പന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതി. ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരി‍ഞ്ഞത്.

പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com