പ്രാരാബ്ധമാണോ വിഷയം? തൊഴിലാളി വർഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല; വിശദീകരണവുമായി എ എം ആരിഫ്

ക്ഷീര കർഷകൻ ആയാലും കർഷകൻ ആയാലും നിയമസഭയിലേക്ക് മത്സരിക്കാം. എന്നാൽ അതുമാത്രം മാനദണ്ഡം ആകരുത് എന്നാണ് എ എം ആരിഫിന്‍റെ വിശദീകരണം
പ്രാരാബ്ധമാണോ വിഷയം? തൊഴിലാളി വർഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല; വിശദീകരണവുമായി എ എം ആരിഫ്

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ എം ആരിഫ് എംപി. പ്രാരാബ്ധം മാത്രമാണ്‌ മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് യുഡിഎഫുകാർ വോട്ട് ചെയ്യുമോ എന്നതാണ് ആരിഫിന്‍റെ‌ മുഖ്യചോദ്യം. പ്രാരാബ്ധമാണ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി സജിലാൽ ലോട്ടറി വിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ്‌ ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയർന്നുവന്നതും, ചേർത്തലയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദ് കർഷക തൊഴിലാളി കുടുംബത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ നിന്ന് വളർന്നുവന്ന് നേതാവായതും സ്ഥാനാർത്ഥിത്വം ലഭിച്ചതും എന്ന് ആരിഫ് പറയുന്നു.

തൊഴിലാളി വർഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല. ക്ഷീര കർഷകൻ ആയാലും കർഷകൻ ആയാലും നിയമസഭയിലേക്ക് മത്സരിക്കാം. എന്നാൽ അതുമാത്രം മാനദണ്ഡം ആകരുത് എന്നാണ് എ എം ആരിഫിന്‍റെ വിശദീകരണം. കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായി കോൺഗ്രസും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങൾ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്‌. പാൽ വിറ്റ് ഉപജീവനം നടത്തുന്നതിന്‍റെ വാർത്തകളും ചിത്രങ്ങളുമാണ്‌ മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്.

യുഡിഎഫ് ഇതുപോലെ പ്രാരാബ്ധം അനുഭവിച്ച് വളർന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് പിടിക്കുമോ എന്ന് ചോദിച്ചതിനൊപ്പമാണ്‌ “ഇത് പാൽസൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല” എന്ന് പറഞ്ഞത്. ഇതിലൂടെ ഏതെങ്കിലും തൊഴിലിനെയോ സ്ഥാനാർത്ഥിയെയോ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അപവാദ പ്രചരണത്തിന്‍റെ ഭാഗമാണ്‌. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകർഷകനായാലും കർഷകനായാലും നിയമസഭയിലേയ്ക്കും പാൽ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ്‌ മാനദണ്ഡം എന്നാവരുതെന്നാണ്‌ ഉദ്ദേശിച്ചതെന്നും ആരിഫ് എംപി വിശദീകരിച്ചു.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ദമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ദം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയുടെ പ്രചരണാര്‍ഥം ശനിയാഴ്ച കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു വിവാദ പരാമര്‍ശം.

ജനപ്രതിനിധിയായ ആരിഫിന്റെ നാവില്‍നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്ന് അരിത പ്രതികരിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് പറഞ്ഞിട്ട് അധ്വാനിക്കുന്ന മൊത്തം തൊഴിലാളികളെയും അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും അരിത ആരോപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com