ആലുവയിലെ കുഞ്ഞിന്റെ മരണം നാണയം വിഴുങ്ങിയിട്ടല്ല; രാസപരിശോധനാ ഫലം പുറത്ത്
Kerala

ആലുവയിലെ കുഞ്ഞിന്റെ മരണം നാണയം വിഴുങ്ങിയിട്ടല്ല; രാസപരിശോധനാ ഫലം പുറത്ത്

മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

News Desk

News Desk

ആലുവ: ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്.

സംഭവ ദിവസം, ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്.

പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ഇവിടെ നിന്നും ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടുവെന്നാണ് അന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വന്നത്. ചികിത്സാപിഴവ് മൂലമാണ്പൃഥ്വിരാജ് മരിച്ചതെന്ന് അന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിക്കുകയും തുടര്‍ന്ന് സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com