കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി

ഈ കൂട്ടുകെട്ടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രഏജന്‍സികളും ഇടപെടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു
കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും യുഡിഎഫും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രഏജന്‍സികളും ഇടപെടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എംഎൽഎമാരെ വിലക്കെടുത്ത് കേരളത്തിൽ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. അങ്ങനെ ഒരു ജീര്‍ണ്ണ സംസ്കാരം കേരളത്തിലില്ല. അതുകൊണ്ടാണ രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുന്നു. വര്‍ഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽഡിഎഫില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാൻ എൽഡിഎഫിന് കഴിയും. എന്നാൽ യുഡിഎഫിനോ ? വടകര മോഡൽ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്കരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു.

ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാനാവുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുന്നു. ബിജെപിയുടേതാണെന്ന് പറയുമ്പോഴും നേരത്തെ ഊ സാമ്പത്തിക നയത്തിന്റെ അവകാശികള്‍ കോണ്‍ഗ്രസാണ്. രണ്ട് കൂട്ടര്‍ക്കും ഒരേ നയമാണ്. ഒരു വ്യത്യാസവുമില്ല. ബിജെപിയടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുന്നു. സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്.

കോവിഡ് കാലത്ത് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായത് ഖജനാവ് നിറഞ്ഞുകവിഞ്ഞതുകൊണ്ടല്ല, പാവങ്ങളോടും സാധാരണക്കാരോടുമുള്ള പ്രതിബന്ധത നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്. അതാണ് എല്‍ഡിഎഫിന്റെ പ്രത്യേകത.

തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ഈ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന പതിവ് ചോദ്യം ഇത്തവണ ഉയര്‍ന്നിട്ടില്ല. അതിന്റെ അര്‍ഥമെന്താണ്. കേരള സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണ്ട യുഡിഎഫിനും ബിജെപിക്കും വിഭ്രാന്തിയിലായിരിക്കുകയാണ്.

സൗജന്യ ചികിത്സ മുതൽ റേഷനും ഭക്ഷ്യക്കിറ്റും സാമൂഹിക ക്ഷേമ പെൻഷനും എല്ലാം എല്ലാവരുടേയും കൈകളിലെത്തി. ഇതെല്ലാം ജനങ്ങളുടെ അനുഭവമാണ്. അവരുടെ മുന്നിൽ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സര്‍ക്കാര് എന്ത് ചെയ്തെന്ന് ചോദിക്കാൻ ആര്‍ക്കെങ്കിലും കഴിയുമോ? വികസന രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പശ്ചാത്തല സൗകര്യമൊരുക്കാൻ കിഫ്ബി , കേരളാ ബാങ്ക്, ഇതെല്ലാം കണ്ട് വിഭ്രാന്തിയിലായ യുഡിഎഫും ബിജെപിയും എന്തിനേയും എതിര്‍ക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ ഒക്കെ ഭിന്നിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. അതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും വലിയ ഉദാഹരണം ആണ് പൗരത്വ നിയമ ഭേദഗതി. അതിനെതിരെ ഏറ്റവും വലിയ ശബ്ദം ഉയര്‍ന്നത് കേരളത്തിൽ നിന്നാണ്. ഭരണഘടനാ സാധുത പോലും ചോദ്യം ചെയ്ത് പലരും രംഗത്തെത്തി. ജനാധിപത്യത്തിലും മതനിരപേക്ഷഥയിലും വിശ്വസിക്കുന്നവരെ അണിനിരത്താൻ ഇടത് സര്‍ക്കാര്‍ തയ്യാറായി. ഇത് ആര്‍എസ്എസിനും ബിജെപിക്കും ഇഷ്ടമാകില്ലെന്നത് സ്വാഭാവികമാണ്.

ഇടത് സര്‍ക്കാര്‍ ബദലിനായുള്ള പോരാട്ടത്തിലാണ്. കര്‍ഷക പ്രക്ഷോഭത്തിൽ ദില്ലി വിറങ്ങലിച്ച് നിൽക്കുന്നു. കര്‍ഷകരുടെ ഇച്ഛാശക്തിയാണ് അവിടെ പ്രകടമാകുന്നത്. ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികളെ ചെറുക്കുന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. അവരാണ് എൽഡിഎഫിന്‍റെ ശക്തി. എൽഡിഎഫിന്‍റെ അടിത്തറ വിപുലമായി. എൽജെഡി വന്നു. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിയിൽ വിശ്വസിക്കുന്നവര്‍ പോലും മാറി ചിന്തിക്കുന്ന അവസ്ഥയാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികളും വരുന്നു. എന്തിന് എൽഡിഎഫിന് എതിരെ നിൽക്കണം എന്ന് ചിന്തിക്കുന്ന അനേക ലക്ഷം ആളുകളുണ്ട്. ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ വമ്പിച്ച വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com