ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂഷണമാകുമ്പോള്‍ പെരുവഴിയിലാകുന്ന പാവങ്ങള്‍
Kerala

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂഷണമാകുമ്പോള്‍ പെരുവഴിയിലാകുന്ന പാവങ്ങള്‍

ആദിവാസികള്‍ക്ക് പട്ടയം നല്‍കാനെന്ന വ്യാജേന വനാവകാശനിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഏകപക്ഷീയം.

By Harishma Vatakkinakath

Published on :

വനങ്ങളുടെയും, പ്രകൃതിവിഭവങ്ങളുടെയും അനിയന്ത്രിതമായ ചൂഷണവും, പ്രകൃതിയുടെ താളം തെറ്റിക്കുന്ന തരത്തിലുളള വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുസമ്പത്തിന്‍റെ തകര്‍ച്ചയും ഒരു പുതിയ ചര്‍ച്ചാ വിഷയമല്ല. വിഭവങ്ങളുടെ മേലുള്ള കടന്നാക്രമണവും, അവ കൈവശപ്പെടുത്താന്‍ തദ്ദേശ ജനസമൂഹത്തിനുമേല്‍ അനീതി കാട്ടുന്നതും, ചരിത്രാതീതകാലം മുതല്‍ക്കേ നിലനിന്നുപോന്നിരുന്ന, മര്‍ദ്ദിതചൂഷക സംവിധാനങ്ങളെ കൃത്യമായി വേര്‍തിരിച്ചിരുന്ന ഒരു വസ്തുതയാണ്. എല്ലാതരത്തിലുളള രാഷ്ട്രീയ, ജാതി, വര്‍ഗ്ഗവിവേചനങ്ങളുടെയും യഥാര്‍ത്ഥ ചാലകശക്തി വിഭവങ്ങളുടെ മേലുള്ള അധികാരവും, ചൂഷണവും തന്നെയാണ്.

വനത്തിനും, വനവിഭവങ്ങളുടെയും മേലുള്ള ഗോത്രവര്‍ഗ്ഗങ്ങളുടെ വിവേചനാധികാരത്തെ നിയമപരമായി പുനസ്ഥാപിക്കുന്നതാണ് 2006ല്‍ നിലവില്‍ വന്ന വനാവകാശനിയമം. തുടര്‍ച്ചയായ ആദിവാസി പ്രക്ഷോഭങ്ങളുടെ ആകെത്തുകയായ ഈ നിയമം വനാവകാശ രേഖയില്ലാതെ തന്നെ വനത്തിന്‍റെ അവകാശി ഗോത്രവര്‍ഗങ്ങളാണെന്നത് നിഷ്കര്‍ഷിക്കുന്നു.

ഈ നിയമ സംവിധാനങ്ങള്‍ അട്ടിമറിച്ചുകൊണ്ട്, പട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം പറിച്ചെടുക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഉത്തരവിലൂടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളെ വനാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ജണ്ടയ്ക്ക് പുറത്തുള്ള വനഭൂമി റവന്യൂഭൂമിയാക്കി തരംമാറ്റാം. ഇത്തരത്തില്‍ മാറ്റപ്പെടുന്ന ഭൂമിയില്‍ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം പതിച്ച് നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ ആരോപണം. ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കുമായി വനാവകാശ നിയമം അട്ടിമറിച്ചിട്ട് ആദിവാസി ക്ഷേമമെന്ന ബാനറില്‍ വിളംബരം നടത്തുന്നത് ഇടതു സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ശക്തം.

ഊരുഭൂമി സര്‍ക്കാര്‍ ഭൂമിയാകുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ 2019 ഏപ്രിൽ 29ന് നടന്ന യോഗത്തിലാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍പെട്ട ഉടുമ്പന്നൂർ വില്ലേജിലെ സെറ്റിൽമെന്‍റുകളിൽ ആദിവാസികൾ കൈവശംവെച്ചിരുന്ന ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണോ വനം വകുപ്പിനാണോ എന്ന ചർച്ച തുടങ്ങിയത്. തുടര്‍ന്ന് ഇടുക്കി കലക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വനാവകാശ നിയമം അട്ടിമറിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഇതു പ്രകാരം, 2006ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകിയ കൈവശവകാശ രേഖകൾ റദ്ദാക്കാനും റവന്യൂ പട്ടയമാക്കി കൈയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് കൈമാറാനുമാണ് സര്‍ക്കാര്‍ തീരുമാനം.

ഹിൽസ്മെൻ സെറ്റിൽമെന്‍റ് ഉൾപ്പെട്ടുവരുന്ന മുഴുവൻ ഭൂമിയും പതിച്ചുനൽകാനാണ് ഉത്തരവ്. ‘പുരയിടം’, ‘തരിശ്’, ‘നിലം’ എന്ന് രേഖപ്പെടുത്തിയ, വനംവകുപ്പിന്‍റെ ജണ്ടക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ഭൂമിയെല്ലാം സർക്കാർ ഭൂമിയെന്ന നിലയിൽ പതിച്ചുനൽകും. ഇതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വനഭൂമിയിലെ ആദിവാസി ഊരുകളിൽ നൽകിയ വനാവകാശ രേഖകൾ ആദ്യഘട്ടത്തിൽ റദ്ദാക്കും.

ഇത് പ്രബല്യത്തിൽ വന്നാൽ കേരളത്തിലെ ആദിവാസികളിൽ പതിനായിരക്കണക്കിനാളുകള്‍ക്ക് വ്യക്തിഗത വനാവകാശം നഷ്ടപ്പെടും. പട്ടയം കിട്ടിയാല്‍ പട്ടയഭൂമിയ്ക്ക് പുറത്ത് പോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും റദ്ദാകും. ആദ്യം നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ജില്ലകളിലേക്കും ഭേദഗതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടെ അതിരപ്പിള്ളി പദ്ധതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് നിയമപരമായി മറികടക്കാം. ഭൂമിയുടെ ഉടമസ്ഥത സർക്കാറിന്‍റെ കയ്യിലായാല്‍, ഭൂമി ക്വാറി മാഫിയകൾക്കും ഭൂമി മാഫിയകൾക്കും പതിച്ചുനൽകാൻ വഴിയൊരുങ്ങുകയും ചെയ്യും.

മാറുന്ന ചട്ടങ്ങളും വ്യവസ്ഥകളും

2006ൽ വനാവകാശ നിയമം പാർലമെന്‍റിൽ പാസാക്കിയതോടെ പരമ്പരാഗതമായി വനത്തിൽ കൃഷിചെയ്തും വനത്തെ ആശ്രയിച്ചും ജീവിക്കുന്ന ആദിവാസികൾക്ക് വനഭൂമിയിലെ അവകാശം അംഗീകരിച്ചിരുന്നു. 2008ലെ ചട്ടമനുസരിച്ച് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും ഭൂമി നഷ്ടപ്പെടാൻ പാടില്ലെന്നും അവകാശികൾക്ക് മാത്രമേ ഭൂമി കൈമാറാൻ കഴിയൂ എന്നും വ്യവസ്ഥ ചെയ്തു. സർക്കാറിനോ മറ്റ് ഏജൻസികൾക്കോ ഏറ്റെടുക്കാൻ കഴിയുന്നതല്ല ഈ ഭൂമി.

വനാവകാശ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ അട്ടിമറിച്ചാണ് ഇടത് സർക്കാർ ആദിവാസികളുടെ ഊരുഭൂമികൾ (ഹിൽസ്മെൻ സെറ്റിൽമെന്‍റ് ഭൂമി) 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തുന്നത്. 1961ലെ കേരള വനനിയമത്തിന്‍റെ ഭാഗമായി നിലവില്‍ വന്ന ഹിൽമെൻസ് ചട്ടം ഹൈക്കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതിനാൽ 1964ലെ ഭൂപതിവ് ചട്ടങ്ങൾക്കനുസരിച്ച് ഹിൽമെൻസ് (ആദിവാസി) സെറ്റിൽമെന്‍റ് ഉൾപ്പെടെ മുഴുവൻ ഭൂമിയും സർവേ ചെയ്ത് പതിച്ചുനൽകാമെന്നാണ് ഉത്തരവ്.

1961ലെ കേരള വനനിയമത്തിന്‍റെ വകുപ്പ് ഉപയോഗപ്പെടുത്തി വനത്തിൽ അധിവസിക്കുന്നവരെന്ന നിലയിൽ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനുള്ള അധികാരം 1964ലെ ഹിൽമെൻസ് ചട്ടങ്ങൾ വനംവകുപ്പിന് നൽകിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ തുടർച്ചയെന്ന നിലയിൽ വന്യജീവികളെ പോലെ ആദിവാസികളെ നിയന്ത്രിക്കാൻ വനംവകുപ്പിന് അധികാരം നൽകുന്നതായിരുന്നു ഈ ചട്ടം. അതിനാല്‍ 1964ലെ ഈ ചട്ടം ഹൈക്കോടതി 1966ൽ ഇട്ട്യാതി കേസിൽ റദ്ദാക്കി. അതിൽ ആദിവാസികളുടെ വനാവകാശമല്ല, മറിച്ച് ആദിവാസികളുടെ മേൽ സർക്കാറിന് ഉണ്ടായിരുന്ന നിയന്ത്രണമാണ് റദ്ദു ചെയ്തത്.

വനം വകുപ്പിന്‍റെ നിയന്ത്രണം ദുർബലപ്പെടുത്തിയപ്പോഴും ആദിവാസി ഭൂമി കൈമാറ്റം നിരോധിക്കുന്ന തരത്തിൽ ആദിവാസികൾക്കുള്ള അവകാശം കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതേസമയം, 1980ൽ വനസംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതോടെ ആദിവാസികളെ വനഭൂമിയിൽനിന്ന് വനംവകുപ്പ് കുടിയിറക്കുന്ന സാഹചര്യമുണ്ടായി. 2006ലെ വനാവകാശനിയമത്തിലൂടെയാണ് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും കുടിയറക്കിനെ മറികടക്കാനായത്.

സര്‍ക്കാരിന് തന്നിഷ്ടം കാട്ടാനാകുമോ?

ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്ത സമ്പൂർണ്ണ അവകാശമാണ് ആദിവാസികൾക്ക് നിയമത്തിലൂടെ ലഭിച്ചത്. 1964ലെ ഭൂപതിവ് ചട്ടത്തിൽ രണ്ട് (ഇ) വകുപ്പ് ആദിവാസി സെറ്റിൽമെന്‍റുകളെ ‘സർക്കാർ ഭൂമി’യായി കണക്കാക്കുന്നില്ല. അതിനാൽ 2006ലെ വനാവകാശ നിയമമനുസരിച്ച് ലഭിച്ചിരുന്ന ആദിവാസികളുടെ അവകാശം റദ്ദാക്കാനും, അത് പിടിച്ചെടുത്ത് തന്നിഷ്ടംപോലെ പതിച്ചുനൽകാനും സർക്കാറിന് അധികാരമില്ല.

കേന്ദ്ര വനാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ജൂണ്‍ രണ്ടിലെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് ആദിവാസി ഗോത്രസഭയുടെ തീരുമാനം. ഒപ്പം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവരാന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. ആദിവാസി ക്ഷേമ പദ്ധതികള്‍ എന്ന പേരില്‍ പാര്‍ശ്വവല്‍കൃത സമൂഹത്തെ ചൂഷണം ചെയ്യുന്ന നടപടി സമരചരിത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുമെന്നതില്‍ സംശയമില്ല.

Anweshanam
www.anweshanam.com