ആദിവാസി വനാവകാശ നിയമം അട്ടിമറിച്ച സർക്കാരിനെതിരെ ആദിവാസി ഗോത്രമഹാസഭ
Kerala

ആദിവാസി വനാവകാശ നിയമം അട്ടിമറിച്ച സർക്കാരിനെതിരെ ആദിവാസി ഗോത്രമഹാസഭ

ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളെയാണ് സർക്കാർ വനാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്

By M Salavudheen

Published on :

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിനായി ആദിവാസി വനാവകാശ നിയമം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ. ആദിവാസിക്ക് പട്ടയം നല്‍കാനെന്ന വ്യാജേനയാണ് വനാവകാശനിയമം റദ്ദാക്കിയത്. ഇത് തുടക്കം മുതലേ ആദിവാസി സമൂഹം എതിർക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാണെന്നാണ് ആദിവാസി ഗോത്രമഹാസഭ ഉന്നയിക്കുന്ന ആരോപണം.

ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളെയാണ് ജൂണ്‍ രണ്ടിലെ റവന്യൂ വകുപ്പിന്റെ ഉത്തരവിലൂടെ സർക്കാർ വനാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ജണ്ടയ്ക്ക് പുറത്തുള്ള വനഭൂമി റവന്യൂഭൂമിയാക്കി തരം മാറ്റാം. ഇത്തരത്തില്‍ മാറ്റപ്പെടുന്ന ഭൂമിയില്‍ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം പതിച്ച്‌ നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാൽ ഇതോടെ ആദിവാസികൾക്ക് പ്രത്യേകമായി ലഭിച്ച അവകാശം ഇല്ലാതാകും.

നിലവിൽ വനത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും ആദിവാസികളുടെ പ്രത്യേക അനുമതി വേണം. എന്നാൽ നിയമം റദ്ദാക്കുന്നതോടെ ആദിവാസികൾക്ക് അവരുടെ ഭൂമിയിലുള്ള ഈ അവകാശം ഇല്ലാതാകുകയും സംസ്ഥാന സർക്കാരിന് ഇഷ്ടപ്രകാരമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും സാധിക്കും. ഏകപക്ഷീയമായ ഈ തീരുമാനത്തിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നാണ് ഗോത്രമഹാസഭയുടെ ആരോപണം.

വനവകാശം ഇല്ലാതാക്കി ആദിവാസികൾക്ക് പട്ടയം നൽകുമെങ്കിലും, പട്ടയം കിട്ടിയാല്‍ പട്ടയഭൂമിയ്ക്ക് പുറത്ത് പോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും റദ്ദാകും. ആദ്യം നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ജില്ലകളിലേക്കും ഭേദഗതി വ്യാപിപ്പിക്കും. ഇതോടെ അതിരപ്പിള്ളി പദ്ധതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് നിയമപരമായി മറികടക്കാം.

2006ല്‍ പാര്‍ലമെന്റ് പാസാക്കിയതാണ് വനാവകാശ നിയമം. ഇത് ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാരിന് റദ്ദാക്കാനാവില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. ഒപ്പം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവരാന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആദിവാസി ഗോത്രമഹാസഭ അറിയിച്ചു.

Anweshanam
www.anweshanam.com