
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.
സിആര്‍പിസി 406 പ്രകാരം ആകും ഹൈക്കോടതി ഉത്തരവ് സർക്കാർ ചോദ്യം ചെയ്യുക. കോടതി മാറ്റത്തിനുളള ആവശ്യം ആകും പ്രധാന അഭ്യര്‍ത്ഥന. ഹൈക്കോടതി നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ വാദിക്കും. 2013ലെ ഭേദഗതി പ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നും ചൂണ്ടിക്കാട്ടും.
വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചത്.
കേസില്‍ ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. വിചാരണ കോടതി മാറ്റണം എന്ന ആവശ്യത്തിനൊപ്പം വിചാരണ സമയവും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണ് സൂചന.