നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നു; അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ന്യായീകരിച്ച് പ്രതികൾ

പ്രതികളെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇവരെ പിടികൂടുന്നതിനായി കൊച്ചി പോലീസ് പെരിന്തൽമണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്
നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നു; അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ന്യായീകരിച്ച് പ്രതികൾ

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ ഉപദ്രവിച്ച കേസിൽ പ്രതികരിച്ച് പ്രതികൾ. പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് നടിയെ ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.

ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ പറഞ്ഞു. നിയമോപദേശം ലഭിച്ചത് കൊണ്ടാണ് ഒളിവില്‍ പോയതെന്ന് പ്രതികൾ. ഇവർ ഉടൻ പൊലീസിൽ കീഴടങ്ങിയേക്കും.

അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇവരെ പിടികൂടുന്നതിനായി കൊച്ചി പോലീസ് പെരിന്തൽമണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിക്കും. സംഭവത്തിൽ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com