നടിയെ ആക്രമിച്ച കേസ്; ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ നവംബര്‍ 29 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
നടിയെ ആക്രമിച്ച കേസ്; ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ നവംബര്‍ 29 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ കോവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം ഈ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രതികള്‍ നേരിട്ട് ഹാജരായിരുന്നില്ല. കേസില്‍ പ്രോസിക്യൂഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല.

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. വിചാരണ നടപടികള്‍ക്കായി കോടതി സമയപരിധി നീട്ടി നല്‍കാനാണ് സാധ്യത. ഒന്നാം പ്രതി പള്‍സര്‍ സുനി എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. വിചാരണ സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com