പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം നടത്തിയ  ഭര്‍ത്താവിനെ റിമാന്റ് ചെയ്തു
Kerala

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ ഭര്‍ത്താവും പ്രതിയുമായ അനിലിനെ കോടതി റിമാന്റ് ചെയ്തു.

News Desk

News Desk

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ ഭര്‍ത്താവും പ്രതിയുമായ അനിലിനെ കോടതി റിമാന്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ആസിഡ് ആക്രമണത്തിനെതിരായ പ്രത്യേകവകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീജയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ശ്രീജ. വീട്ടിലെത്താന്‍ വൈകിയെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ഭര്‍ത്താവ് യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും കയ്യിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രാണവേദനക്കിടയിലും ശ്രീജ തന്നെയാണ് മറ്റ് പഞ്ചായത്തംഗങ്ങളെ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചത്.

പഞ്ചായത്തംഗങ്ങള്‍ എത്തി യുവതിയെ ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഭര്‍ത്താവ് അനിലിനെ പിടികൂടി പൊലീസിനെ എല്‍പ്പിച്ചു. ശ്രീജയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.

Anweshanam
www.anweshanam.com