സ്ത്രീ വിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയാണ് മുല്ലപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്
സ്ത്രീ വിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രസംഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയാണ് മുല്ലപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ മൊഴി തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീവിരുദ്ധ പരാമ‌ര്‍ശത്തിന് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുങ്ങി താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്ന് മുഖ്യമന്ത്രി കരുതണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രസംഗിച്ചത്. സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം.

Related Stories

Anweshanam
www.anweshanam.com