തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം; വിജയത്തുടര്‍ച്ച പ്രധാനം: എ വിജയരാഘവന്‍

ബിജെപി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും വിജയരാഘവന്‍ പറഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം; വിജയത്തുടര്‍ച്ച പ്രധാനം: എ വിജയരാഘവന്‍

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്‍െറ ഗുണഫലം കോണ്‍ഗ്രസും ബിജെപിയും പങ്കിടുകയാണ്. ബിജെപി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്ലാ മേഖലകളിലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. തുടക്കത്തില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കണക്കുകള്‍ കൃത്യമായി വന്നതോടെ ഇടതുപക്ഷം നേടിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും മികവാര്‍ന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്​ച നടത്തി അഭിപ്രായങ്ങള്‍ സ്വരുപീക്കുകയാണ്​ ഇതിന്‍െറ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടര്‍ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പര്യടനത്തിന്റെ വിശദാംശങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗീകരിച്ചു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി അവരുടെ നിര്‍ദേശവും അഭിപ്രായങ്ങളും സ്വീകരിക്കുകയും അവ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം ഡിസംബര്‍ 22ന് രാവിലെ കൊല്ലത്ത് നിന്നാണ്​ ആരംഭിക്കുന്നത്​. അതേദിവസം തന്നെ വൈകുന്നേരം പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കി, വൈകീട്ട് കോട്ടയം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

ഡിസംബര്‍ 26 -കണ്ണൂര്‍, കാസര്‍കോട്​. 27 -കോഴിക്കോട്​, വയനാട്​. 28 -മലപ്പുറം, പാലക്കാട്. 29 തൃശൂര്‍. 30 രാവിലെ എറണാകുളം. വൈകീട്ട് ആലപ്പുഴയിലെ കൂടിക്കാഴ്​ചയോടെ പര്യടനം അവസാനിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com