നീന്തലില്‍ റെക്കോഡിട്ട് ഡോള്‍ഫിന്‍ രതീഷ് ഗിന്നസില്‍

അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ് കരുനാഗപ്പള്ളി ചെറിയഴീക്ക് സ്വദേശിയായ രതീഷ് (38) ഗിന്നസില്‍ ഇടം നേടിയത്.
നീന്തലില്‍ റെക്കോഡിട്ട് ഡോള്‍ഫിന്‍ രതീഷ് ഗിന്നസില്‍

കരുനാഗപ്പള്ളി: കൈകളിലും കാലുകളിലും വിലങ്ങിട്ട് പത്ത് കിലോമീറ്റര്‍ ടിഎസ് കനാലിലെ ചുഴിയും വേലിയേറ്റവും താണ്ടി ഡോള്‍ഫിന്‍ രതീഷ് നീന്തിക്കയറിയത് ഗിന്നസ് റെക്കോഡിലേക്ക്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ് കരുനാഗപ്പള്ളി ചെറിയഴീക്ക് സ്വദേശിയായ രതീഷ് (38) ഗിന്നസില്‍ ഇടം നേടിയത്.

ഉഡുപ്പി സ്വദേശിയായ ഗോപാല്‍ ഖാര്‍പ്പിയുടെ 3.8 കിലോമീറ്റര്‍ റെക്കാഡ് ഭേദിക്കാനാണ് ഗിന്നസ് അധികൃതര്‍ രതീഷിന് അനുമതി നല്‍കിയത്. മുന്‍ നാഷണല്‍ നീന്തല്‍ റെക്കാഡ് വിജയികളായ ലിജുവും അനൂജയുമാണ് റെക്കോഡിന് സാക്ഷികളായത്. ഇവര്‍ രതീഷിനൊപ്പം ബോട്ടില്‍ സഞ്ചരിച്ചു.

ഇരുപത് സെന്റിമീറ്റര്‍ നീളമുള്ള വിലങ്ങില്‍ കൈകളും 30 സെന്റിമീറ്റര്‍ നീളമുള്ള വിലങ്ങില്‍ കാലുകളും ബന്ധിച്ചാണ് രതീഷ് ഗിന്നസ് ബുക്കിലേക്ക് നീന്തി കയറിയത്. രാവിലെ 8.45ന് പണിക്കര്‍കടവ് പാലത്തിന് സമീപം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഫ്‌ലാഗ് ഒഫ് ചെയ്തു. ടി.എസ്. കനാലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ നാട്ടുകാരുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ നീന്തി തുടങ്ങിയ രതീഷ് ആദ്യ ഒന്‍പത് കിലോമീറ്റര്‍ നാല് മണിക്കൂറില്‍ പിന്നിട്ടു. അവസാന ഒരു കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര മണിക്കൂറെടുത്തു. ചുഴിയും വേലിയേറ്റവും മറികടന്ന് അഴീക്കല്‍ പാലത്തിന് കീഴിലെത്തിയ രതീഷിനെ നാട്ടുകാര്‍ തോളിലേറ്റി. മൂന്ന് തവണ ലിംക ബുക്ക് ഒഫ് റെക്കോഡും ഒരു തവണ അറേബ്യന്‍ ബുക്ക് ഒഫ് റെക്കാഡും രതീഷ് നേടിയിട്ടുണ്ട്.

ചിത്രം: ദി ഹിന്ദു

Related Stories

Anweshanam
www.anweshanam.com