98,202 പേർ വിദേശത്ത് നിന്നും ഇതുവരെ സംസ്​ഥാനത്ത്​ എത്തിയതായി മുഖ്യമന്ത്രി
Kerala

98,202 പേർ വിദേശത്ത് നിന്നും ഇതുവരെ സംസ്​ഥാനത്ത്​ എത്തിയതായി മുഖ്യമന്ത്രി

തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ്​ വിമാനമിറങ്ങിയതെന്നും മുഖ്യമന്ത്രി

News Desk

News Desk

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ വിദേശത്ത് നിന്നും ഇതുവരെ 98,202 പേർ സംസ്​ഥാനത്ത്​ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 96583 പേർ വിമാനത്തിലാണ്​ വന്നത്​. 1621 പേർ കപ്പലിലും എത്തി. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ്​ വിമാനമിറങ്ങിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നാട്ടിൽ എത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, തൃശുർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവരാണ്​. യു.എ.ഇയിൽനിന്ന്​ വന്നവരിൽ 1.6 ശതമാനത്തിനാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മറ്റുരാജ്യങ്ങളിൽ നിന്ന്​ വന്നവരിൽ താജികിസ്​താൻ - 18.18, റഷ്യ 9.72, നൈജിരിയ 6.51, കുവൈത്ത്​ 5.99, ഖത്തർ 1.56, ഒമാൻ 0.78 എന്നിങ്ങനെയാണ്​ രോഗബാധിതരുടെ ശതമാനം.

നാളെ മുതൽ ദിവസം 40, 50 വിമാനങ്ങൾ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​. ഇതുകണക്കിലെടുത്ത്​ എല്ലാ വിമാനത്താവളങ്ങളിലും വിപുല സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 25 മുതൽ 30 വരെ 111 ചാർ​ട്ടേഡ്​ വിമാനവും 43 വന്ദേഭാരത്​ വിമാനവും കേരളത്തിലെത്തും. ഇന്നലെ മാത്രം 72 വിമാനങ്ങൾ വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്​ ബാധിതർക്ക്​ മെച്ചപ്പെട്ട ചികിത്സ നൽകാൻ രോഗികളുടെ എണ്ണമനുസരിച്ച്​ പ്ലാൻ എ, ബി, സി ആസൂത്രണം ചെയ്​തിട്ടുണ്ട്​. സംസ്​ഥാനത്ത്​ 29 ഒന്നാം നിര ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്​. ഇവിടെ 8537 കിടക്ക, 872 ഐ.സിയു കിടക്ക 482 വെന്റിലേറ്റർ എന്നിവയാണുള്ളത്​. രോഗികൾ കൂടിയാൽ കൂടുതൽ കിടക്ക ഉ​പയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com