മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികൾക്ക് പരിഹാരം

അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നൽകാനുള്ള സൗകര്യം ഈ മാസം മുതൽ
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികൾക്ക് പരിഹാരം


കഴിഞ്ഞ നാലര വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 228419 പരാതികൾക്ക് പരിഹാരം. 52682 പരാതികളിൽ നടപടി തുടരുകയുമാണ്. നവംബർ ആറ് വരെ ആകെ 306234 പരാതികളാണ് ലഭിച്ചത്.

ഈ മാസം മുതൽ അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നൽകാനുള്ള സൗകര്യം നിലവിൽ വരും. പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരാതി നൽകുന്ന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ പുതിയ സോഫ്റ്റ്‌വെയർ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകും. പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ജില്ലാ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


പരാതി ലഭിക്കുമ്പോൾ മുതൽ തീർപ്പാക്കും വരെ ഓരോ നീക്കവും എസ്.എം.എസ്സിലൂടെ പരാതിക്കാരനെ അറിയിക്കും. ടോൾ ഫ്രീ നമ്പറിലൂടേയും (1800 425 7211 ) ഓൺലൈനായും പരാതിയുടെ തൽസ്ഥിതി പരാതിക്കാർക്ക് അറിയാം. പരാതികൾ രണ്ടാഴ്ചകം തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ പരിശോധനയും അന്വേഷണവും ആവശ്യമുള്ള പരാതികൾ തീർപ്പാക്കാൻ പരമാവധി 30 ദിവസവും അനുവദിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com