തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; 227 പേര്‍ക്ക് ഇന്ന് രോഗബാധ
Kerala

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; 227 പേര്‍ക്ക് ഇന്ന് രോഗബാധ

സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു

By News Desk

Published on :

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 170 പേര്‍ നെഗറ്റീവായി. മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാര്‍ഡിലെ രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ കോവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്ബത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

അതേസമയം തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നൊരു മരണം കൂടി സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഹൃദ്രോഗിയായ ഇവര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് പൊസീറ്റീവ് ഫലമാണ് വന്നത്.

കോവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്ബോള്‍ ഒരാള്‍ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ക്ലസ്റ്ററുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീരദേശത്തിന് പുറമെ ചില സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാപ്പിഡ് ആന്റിജന്‍ പരിശോധന ഈ മാസം നാലാം തീയതി മുതല്‍ ജില്ലയില്‍ നടത്തുന്നുണ്ട്. പുല്ലുവിള ഉള്‍പ്പെടെയുള്ള കടലോര മേഖലയില്‍ 1150 ടെസ്റ്റുകള്‍ ഇന്ന് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com