കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധനാജ്ഞ; പത്തനംതിട്ടയിലെ 16 പഞ്ചായത്തുകളിലെ നിരോധനാജ്ഞ നീട്ടി

യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ ബൈക്ക് റാലി, ഡി.ജെ എന്നിവ നടത്താന്‍ പാടില്ല
കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധനാജ്ഞ; പത്തനംതിട്ടയിലെ 16 പഞ്ചായത്തുകളിലെ  നിരോധനാജ്ഞ നീട്ടി

കോഴിക്കോട്: ജില്ലയില്‍ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റൂറല്‍ പരിധിയില്‍ കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ ബൈക്ക് റാലി, ഡി.ജെ എന്നിവ നടത്താന്‍ പാടില്ല. കണ്ടെയ്മെന്‍റ്, ക്രിട്ടിക്കല്‍ കണ്ടെയ്മെന്‍റ് സോണുകളിലും, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.

പാര്‍ട്ടി ഓഫിസുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വിസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷന്‍ റിസള്‍ട്ട് എല്‍.ഇ.ഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്.

അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ 16 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി. മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍, ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, പഴവങ്ങാടി, പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിലാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് ഒന്‍പത് അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചാണ് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കിയത്.

മുന്‍ ഉത്തരവിലെ ക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമെ ചുവടെ ചേര്‍ക്കുന്ന നിബന്ധനകളും ചേര്‍ത്താണ് ഉത്തരവായിട്ടുള്ളത്. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുളള എല്ലാ പഞ്ചായത്തുകളിലും അവശ്യമേഖലയില്‍ ഉള്‍പ്പെടാത്ത എല്ലാ കടകളും അടുത്ത ഒന്‍പത് ദിവസം അടച്ചിടണം.

പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുളള എല്ലാ കടകളും ഇക്കാലയളവില്‍ അടച്ചിടേണ്ടതാണ്. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറിയായി മാത്രം ഭക്ഷണം നല്‍കാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com