ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; മീൻ വണ്ടിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ്
Kerala

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; മീൻ വണ്ടിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ്

സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

News Desk

News Desk

ചാലക്കുടി: ചാലക്കുടിയിൽ മീൻ വണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഫ്രീസർ സംവിധാനമുള്ള മീൻ വണ്ടിയിൽ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ അരുണ്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഓടി രക്ഷപെട്ടു.

കഞ്ചാവ് കടത്താനുപയോഗിച്ചത് പറവൂർ സ്വദേശിയുടെ വാഹനമാണ്. ഈ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുപത്തഞ്ചോളം പൊലീസുകാർ അഞ്ചു സംഘമായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ.

പച്ച മീൻ കൊണ്ടുവരുന്ന ബോക്സുകൾക്കിടയിൽ 6 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കോവിഡ് സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വൻ കഞ്ചാവു ശേഖരം കടത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com