ടൂറിസം; 455 കോടി പാക്കേജ് ആര്‍ക്ക് വേണ്ടി? 
Investigations

ടൂറിസം; 455 കോടി പാക്കേജ് ആര്‍ക്ക് വേണ്ടി? 

ലോകം അകലം പാലിക്കുമ്പോള്‍ ടൂറിസം മേഖലയിലെ കോടികളുടെ പാക്കേജിന്‍റെ ഗുണഫലം എന്തായിരിക്കും

Harishma Vatakkinakath

Harishma Vatakkinakath

കോവിഡ് കാലത്ത് വിനോദ സഞ്ചാര മേഖലയ്ക്ക് കേരള സർക്കാർ വക 455 കോടി പാക്കേജ്. ലോകം അകലം പാലിക്കുന്നത് തുടരുകയാണ്. ഈ വേളയിൽ വിനോദ സഞ്ചാര പുന:രുദ്ധാരണത്തിന് ലോകം പാകപ്പെട്ടിട്ടുണ്ടോ? ഈ സംശയം ദൂരീകരിക്കപ്പെടുന്നിടത്തായിരിക്കും ടൂറിസം വകുപ്പിന് അനുവദിക്കപ്പെട്ടിട്ടുള്ള കോടികളുടെ പാക്കേജിൻ്റെ ഗുണഫലം ഉരുതിരിയുക.

എങ്ങനെയാണ് ഈ 455 കോടി വിനിയോഗിക്കപ്പെടുക? എന്തൊക്കെയാണ് ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍? കോവിഡ് കാലത്ത് ഈ പാക്കേജ് ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമോ? ചോദ്യങ്ങള്‍ ഏറെയുണ്ട്. ടൂറിസം വകുപ്പിന്‍റെ പ്രവര്‍ത്തങ്ങള്‍ക്കായി ബാഹ്യ ഏജന്‍സികളെ തേടുകയാണ്. ഇത് സംബന്ധിച്ച് ഇതിനോടകം തന്നെ സര്‍ക്കാരിന്‍റെ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ച വിജ്ഞാപനം.
കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ച വിജ്ഞാപനം.

ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനുള്ള 455 കോടിയില്‍ എത്ര കോടി ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പോക്കറ്റിലേക്ക് പോകും. അവശേഷിക്കുന്ന തുക ആര്‍ക്കൊക്കെ ഉപകാരപ്പെടും എന്നതിനെക്കുറിച്ച് ഇനിയും തിട്ടമല്ല. കോടികള്‍ വകയിരുത്തുമ്പോള്‍ അതെങ്ങനെ വിനിയോഗിക്കപ്പെടുമെന്നതിനെക്കുറിച്ചുള്ള ധാരണ അനിവാര്യമല്ലെന്നുണ്ടോ? ഈ കോവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് ജനങ്ങളുടെ ഉപജീവനുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളുടെ ലാഭ നഷ്ടങ്ങള്‍ കണക്കാക്കുകയെന്നത് അപ്രസക്തമാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി ചിലഘട്ടങ്ങളില്‍ പ്രഖ്യാപിക്കുന്ന ആശ്വാസ പാക്കേജുകളുടെ ലാഭ നഷ്ടങ്ങള്‍ കണക്കാക്കിയേ മതിയാകൂ. അതായിരിക്കണം യഥാര്‍ത്ഥ ധനതത്വശാസ്ത്രം അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം.

മുഖ്യമന്ത്രിയുടെ ടൂറിസം ആശ്വാസ പാക്കേജ്

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സംരംഭകർക്കുമായാണ്‌ പ്രസ്തുത പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. സംരംഭകര്‍ക്ക് ഇതിന്‍റെ ഭാഗമായി വാണിജ്യ ബാങ്കുകളും കേരള ബാങ്കും വായ്‌പ അനുവദിക്കും. ഇങ്ങനെ നല്‍കുന്ന വായ്പകള്‍ക്ക് പലിശ ഇളവ്‌ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ 5000 ടൂറിസം സംരംഭകർക്ക് പ്രവർത്തന മൂലധനവായ്‌പ ലഭ്യമാക്കുന്നതാണ് സംരംഭക വായ്‌പാ പദ്ധതി. 2500 ചെറുകിട സംരംഭകർക്ക് ഒരുലക്ഷം മുതൽ മൂന്നുലക്ഷം രൂപവരെയും 2500 വൻകിട സംരംഭകർക്ക് അഞ്ചുലക്ഷംമുതൽ 25 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുക. 355 കോടി രൂപയുടെ വായ്‌പാ സഹായമുണ്ടാകും. പദ്ധതിയിൽ ആറുമാസത്തേക്ക് വായ്‌പാ തിരിച്ചടവ് വേണ്ട. ആദ്യവർഷത്തെ പലിശയുടെ 50 ശതമാനം സർക്കാർ വഹിക്കും. ഇതിനായി ടൂറിസം വകുപ്പ് 15 കോടി രൂപ നീക്കിവയ്‌ക്കും.

ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീം പ്രകാരം 20,000 മുതൽ 30,000 രൂപവരെ വായ്‌പ ലഭ്യമാക്കും. ഒന്‍പത്‌ ശതമാനമാണ്‌ ബാങ്ക്‌ പലിശ‌. കേരള ബാങ്കുവഴി നടപ്പാക്കുന്ന പദ്ധതിയിൽ പലിശയുടെ മൂന്ന് ശതമാനം ഗുണഭോക്താവ് വഹിക്കണം. ആറുശതമാനം ടൂറിസം വകുപ്പ്‌ നൽകും. തുടക്കത്തില്‍ നാലുമാസം വായ്‌പ തിരിച്ചടവ് ഒഴിവാക്കിയിട്ടുണ്ട്. 50,000 തൊഴിലാളികൾക്ക്‌ 100 കോടി രൂപ വിതരണം ചെയ്യും. പലിശ ഇളവിനായി ഒന്‍പത്‌ കോടി രൂപ ടൂറിസം വകുപ്പ്‌ വഹിക്കും. ഇതൊക്കെയാണ് പദ്ധതിയുടെ ഏകദേശ രൂപരേഖ.

രണ്ടു സ്കീമുകളിലുമായി നല്‍കുന്ന വായ്പകള്‍ക്ക് ടൂറിസം വകുപ്പ് പലിശയിനത്തില്‍ നീക്കി വയ്ക്കുന്നത് 24 കോടിയാണ്. ഈ തുക എങ്ങനെ, എവിടെ നിന്ന് എന്ന കാര്യം പാക്കേജില്‍ പരാമര്‍ശിച്ചിട്ടില്ല. പദ്ധതി പ്രകാരമുള്ള മുഴുവന്‍ തുകയും 355 കോടി, 100 കോടി എന്നിങ്ങനെ രണ്ട് സ്കീമുകളിലുമായി വിന്യസിച്ചു കഴിഞ്ഞു. എന്നാല്‍ ഈ 24 കോടിയുടെ സ്രോതസ് എന്താണ്. കോവിഡു കാരണം നിര്‍ജ്ജീവമായി കിടക്കുന്ന ടൂറിസം മേഖലയില്‍ നിന്ന് വരുമാന സാധ്യത ഒട്ടും തന്നെയില്ലാത്ത സാഹചര്യത്തില്‍ ഇത്രയും തുക ടൂറിസം വകുപ്പ് എങ്ങനെ സ്വരൂപിക്കും. ഇനി സര്‍ക്കാരിനു മുന്നില്‍ മറ്റ് വഴികളുണ്ടെങ്കില്‍ അത് എന്തുകൊണ്ട് പദ്ധതിക്കൊപ്പം വിശദീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലെ കോടികളുടെ പാക്കേജ് പ്രഹസനമാകുമോ എന്ന സംശയത്തിന് അടിസ്ഥാനം ഉത്തരമില്ലാതെ അവശേഷിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ തന്നെയാണ്.

പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ ആരംഭിക്കുകയെന്നത് ഒട്ടുമേ പ്രായോഗികമല്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ ആശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ -വായ്പ സ്വീകര്‍ത്താക്കള്‍ എന്ന് വായിക്കുക- ധൈര്യത്തോടെ എത്ര സംരംഭകര്‍ മുന്നോട്ട് വരും എന്നതിനെക്കുറിച്ച് ടൂറിസം വകുപ്പിന് ധാരണയുണ്ടോ എന്നതും വ്യക്തമല്ല. ലാഭം പൊടുന്നനെ ഇല്ലെങ്കിലും വരുമാനം പ്രതീക്ഷിക്കപ്പെടുന്നിടത്താണ് ഒരു സംരംഭം വളരുന്നത്. ഇത് സംരംഭക സംസ്കാരത്തിന്‍റെ ഒരു ലളിതമായ തത്വം. പക്ഷെ ഈ സാഹചര്യത്തില്‍ ഇത് എത്രത്തോളം യാഥാര്‍ത്ഥ്യവത്കരിക്കപ്പെടും എന്ന വസ്തുത വായ്പ സ്വീകരിക്കുന്ന സംരംഭകരെ അലട്ടാതിരിക്കില്ല. ഇവിടെയാണ് ഈ പദ്ധതി എത്രത്തോളം വിജയപ്രദമാകും എന്ന ആശങ്ക ശക്തിപ്പെടുന്നത്.

ഇനി, സംരംഭകര്‍ക്ക് പുറമെ, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ് മുഖ്യ അജണ്ടയെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് കാലത്ത് പ്രഖ്യാപിച്ച അതിജീവന പാക്കേജുകളില്‍ അവരും ഉള്‍പ്പെടുന്നുണ്ട്. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകാതെ അവര്‍ പുറന്തള്ളപ്പെടുകയുമില്ല. പിന്നെ കടത്തിനു മേല്‍ കടമാകുന്ന ഈ പദ്ധതി എന്തിന്?

സാമൂഹിക അകലം കോവിഡ് പ്രോട്ടോകോളുകളില്‍ പ്രഥമ സ്ഥാനത്ത് തുടരുന്നതുവരെ ടൂറിസം മേഖല പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തില്ല. സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലും രോഗവ്യാപനം വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ ഗണ്യമായി ബാധിക്കും. സര്‍വ്വ തൊഴില്‍ മേഖലകളും സ്തംഭനാവസ്ഥയിലാണ്. വരുമാന സ്രോതസ്സുകള്‍ പൂര്‍ണ്ണമായും അടഞ്ഞു. മനഃശാസ്ത്രപരമായി മനുഷ്യന്‍ തകര്‍ന്നടിഞ്ഞു. ജീവിതം വഴിമുട്ടി നില്‍ക്കുന്നു. ഉപജീവനത്തിന് വേണ്ടി നട്ടം തിരിയുന്നു. ഈ സാഹചര്യത്തില്‍ വിനോദത്തിനു വേണ്ടി മനസ്സ് പാകപ്പെടുത്താന്‍ മനുഷ്യനാകുമോ. ആഗോള തലത്തില്‍ സ്ഥിതിവിശേഷം മറിച്ചല്ലാത്തതിനാല്‍ വിദേശ സഞ്ചാരികളെയും ഒരു നിശ്ചിത കാലയളവിലേക്ക് പ്രതീക്ഷിക്കുകയേ വേണ്ട.

ടൂറിസം മേഖലയ്ക്ക് അടിമുടി പ്രഹരമായി കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ ഭാവി കാര്യങ്ങള്‍ തീര്‍ത്തും പ്രവചനാതീതമാണ്. ടൂറിസം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പ്രസ്തുത വായ്പ പദ്ധതി സര്‍ക്കാരിനും വായ്പ സ്വീകരിക്കുന്നവര്‍ക്കും ഒരുപോലെ ബാധ്യതയായി തീരും. തൊഴിലും വരുമാനവുമില്ലാതെ വലയുന്ന ഒരു ജനവിഭാഗമാണ് ഈ വായ്പ പദ്ധതിയ്ക്ക് അര്‍ഹരാകാന്‍ പോകുന്നത്. നാളെ എന്തെന്നറിയാതെ രോഗഭീതിയും പരാധീനതകളും മാത്രമായി കഴിയുന്ന ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകളോര്‍ത്ത് ചക്രശ്വാസം വലിക്കേണ്ടി വരും. പറഞ്ഞറിയിക്കാവുന്നതിലുമപ്പുറം സമ്മര്‍ദ്ദം പേറി ജീവിതം തള്ളി നീക്കുന്ന അവരെ 'കടം' പടുകുഴിയിലാക്കും. ഒരു നേരത്തെ ആഹാരം പോലും ചോദ്യചിഹ്നമാകുമ്പോള്‍ പല തരത്തിലുള്ള വായ്പകള്‍ അവരെ മാനസികമായി തളര്‍ത്തും.

എല്ലാമെല്ലാമാകുന്ന കണ്‍സള്‍ട്ടന്‍സികള്‍

പ്രതിസന്ധികള്‍ പലതാകുമ്പോള്‍, ആശങ്കകള്‍ക്ക് അന്ത്യമില്ലാതാകുമ്പോള്‍ വിദഗ്ദാഭിപ്രായം തേടുകയെന്നതാണ് സര്‍ക്കാരിന്‍റെ ഏക ആശ്രയം. കോവിഡ് കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലും കണ്‍സള്‍ട്ടന്‍സികളുടെയും ഏജന്‍സികളുടെയും മറവില്‍ ഇനി ബഹുരാഷ്ട്ര കുത്തകകള്‍ കയറി മതിക്കും. കഴിഞ്ഞ ദിവസം ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച വിജ്ഞാപനം അതിലേക്കുള്ള ആദ്യപടിയാണ്. പരസ്യം, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, പിആര്‍ തുടങ്ങിയ കണ്‍സള്‍ട്ടന്‍സികള്‍/ ഏജന്‍സികള്‍/ കമ്പനികള്‍ക്ക് കേരള ടൂറിസത്തിന്‍രെ ഭാഗമാക്കാനുള്ള നീക്കം കൂടുതല്‍ ദോഷം ചെയ്യും. പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്കാണ് ചാട്ടമെന്ന് സാരം. കെപിഎംജി, പ്രൈസ് വാട്ടര്‍ കൂപ്പേര്‍സ്, ലൂയി ബര്‍ഗര്‍, സിസ്ട്ര പോലുള്ള ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളായിരിക്കും ടൂറിസം മേഖലയ്ക്കായുള്ള പാക്കേജിന്‍റെയും ആത്യന്തികമായ ഗുണഭോക്താക്കളെന്നുവേണം പറയാന്‍.

കണ്‍സള്‍ട്ടന്‍സികള്‍ അനിവാര്യമോണോ എന്ന് ചോദിച്ചാല്‍ ആണെന്നു തന്നെ പറയാം. പക്ഷെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കണ്‍സള്‍ട്ടന്‍സികള്‍ വേണമെന്ന നിര്‍ബന്ധബുദ്ധിയാണ് പ്രശ്നവത്കൃതമാകുന്നത്. ഇവിടെയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുക്കുന്നതിന് പിന്നാമ്പുറത്തെ സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് സംശയങ്ങള്‍ ഉരുത്തിരിയുന്നത്. ഇങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. സമകാലിക സര്‍ക്കാര്‍ നടപടികള്‍ അതാണ് തെളിയിക്കുന്നത്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനിടയുള്ള കണ്‍സള്‍ട്ടന്‍സി സമ്പ്രദായത്തിലൂടെ മാത്രമല്ല, മറിച്ച് എംപാനല്‍മെന്‍റ്, ഔട്ട്സോഴ്സിംഗ്, ടോട്ടല്‍ സൊല്യൂഷന്‍സ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിലൂടെയാണ് ഇവരുടെ പങ്കാളിത്തങ്ങള്‍ വര്‍ദ്ധിക്കുന്നത്.

ആവശ്യത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ നമുക്കുണ്ട്. സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിന്‍റെ ഒരു സിംഹഭാഗവും ഇവരുടെ ശമ്പളയിനത്തിലാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും. ഇവരുടെ കാര്യക്ഷമതയില്‍ സര്‍ക്കാരിന് സംശയമുണ്ടോ. അതുകൊണ്ടാണോ കണ്‍സള്‍ട്ടന്‍സികള്‍ കഥയിലിടം പിടിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ മാനവവിഭവശേഷി വിനിയോഗിക്കാന്‍ മുതിരാതെയാണ് ഭരണാധികാരികളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ എല്ലാം കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിക്കുന്നത്. പിന്നെ എന്തിനാണ് ഈ ജീവനക്കാര്‍. എന്തിന് ഇവരെ തീറ്റിപ്പോറ്റുന്നു.

ടൂറിസത്തിന് വിനയായ വൈറസ്

കൊറോണ വൈറസിന്‍റെ പ്രത്യാഘാതങ്ങള്‍ തുടക്കം മുതല്‍ തന്നെ മുഴച്ചു നിന്ന മേഖലയാണ് ടൂറിസം. ആഗോള-ദേശീയ-സംസ്ഥാന തലത്തില്‍ അതിന്‍റെ അലയൊലികള്‍ ഉണ്ടായി. 2020 ഫെബ്രുവരി അവസാനമായപ്പോഴേക്കും ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചതോടെ ആഗോള ടൂറിസം വിപണി കുത്തനെ ഇടിഞ്ഞു. വിനോദസഞ്ചാരം 58 ശതമാനം മുതൽ 78 ശതമാനം വരെ കുറഞ്ഞെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹോട്ടൽ, എയർലൈൻ തുടങ്ങി മറ്റ് അനുബന്ധ മേഖലകളിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടായി.

വേൾഡ് ട്രാവൽ ആന്‍ഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) കണക്കനുസരിച്ച്, 2019 ൽ ആഗോള ജിഡിപിയുടെ 10.3 ശതമാനവും 330 ദശലക്ഷം ജോലികളും ട്രാവൽ ആൻഡ് ടൂറിസം മേഖല പ്രദാനം ചെയ്തിട്ടുണ്ട്. 3.5 ശതമാനം വളർച്ചയോടെയായിരുന്നു പ്രസ്തുത വര്‍ഷം ആഗോള ടൂറിസം മുന്നേറിയത്. ആഗോള സമ്പദ് വ്യവസ്ഥയെക്കാള്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് ഇത് രേഖപ്പെടുത്തി. എന്നാല്‍ കോവിഡാനന്തരം ടൂറിസം മേഖലയില്‍ നിന്ന് 1.2 ട്രില്യൺ ഡോളർ അല്ലെങ്കിൽ ജിഡിപിയുടെ 1.5ശതമാനം നഷ്ടപ്പെടാമെന്നാണ് ഐക്യരാഷ്ട്രസഭ ടൂറിസം ഓര്‍ഗനൈസേഷന്‍റെ വിലയിരുത്തല്‍.

തായ്‌ലൻഡിലെ ഒഴിഞ്ഞ ബീച്ച്.
തായ്‌ലൻഡിലെ ഒഴിഞ്ഞ ബീച്ച്.

234 ബില്യൺ ഡോളർ അഥവാ 2019 ലെ ജിഡിപിയുടെ 6.6 ശതമാനമാണ് ദക്ഷിണേഷ്യന്‍ ടൂറിസം സംഭാവന ചെയ്തത്. നേപ്പാള്‍, മാലിദ്വീപ് തുടങ്ങി വിദേശ സഞ്ചാരികളെ ഹഠാദാകര്‍ഷിച്ച കേന്ദ്രങ്ങള്‍ വൈറസ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ടപ്പോള്‍ 2020 ദക്ഷിണേഷ്യന്‍ ടൂറിസം മേഖലയ്ക്ക് ദുരിതപൂര്‍ണ്ണമായി. വേൾഡ് ഇക്കണോമിക് ഫോറം 2019ല്‍ പുറത്തുവിട്ട ട്രാവൽ ആൻഡ് ടൂറിസം മത്സര സൂചിക (ടിടിസിഐ) പ്രകാരം ദക്ഷിണേഷ്യന്‍ ടൂറിസം മേഖലയില്‍ മികച്ച സാധ്യതകള്‍ തുറന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 2017ല്‍ 40ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2019 ആയപ്പോഴേക്കും സൂചികയില്‍ 34ാം സ്ഥാനം കീഴടക്കിയിരുന്നു.

ദക്ഷിണേഷ്യയിലെ മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തിന്‍റെ ഭൂരിഭാഗവും ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ സംഭാവനയാണ്. 2018 ൽ ഇന്ത്യയിലെ ടൂറിസം വ്യവസായം രാജ്യത്തിന്റെ ജിഡിപിക്ക് ഏകദേശം 247 ബില്യൺ യുഎസ് ഡോളർ സംഭാവന നൽകി. 2017 ൽ രാജ്യം 10 ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്. 27.31 ബില്യൺ യുഎസ് ഡോളറിലധികം വിദേശനാണ്യ വരുമാനം നേടുകയും ചെയ്തിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ അഞ്ചുകോടി തൊഴിലവസരങ്ങളാണ് വിനോദസഞ്ചാര മേഖലയില്‍ നഷ്ടമായതെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കുകള്‍. അഞ്ച് ലക്ഷം കോടിയലധികം രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ ആഭ്യന്തര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള വിവിധ പദ്ധതികള്‍ അവതാളത്തിലാവുകയും ചെയ്തു.

ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മറ്റ് വ്യവസ്ഥാപിത വ്യവസായങ്ങളെക്കാള്‍ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഏറ്റവും വലിയ വരുമാന സ്രോതസ്സായി നിലകൊള്ളുകയും ചെയ്യുന്നതാണ് കേരളത്തിലെ ടൂറിസം മേഖല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ 10 ശതമാനമാണ് ടൂറിസം മേഖല സംഭാവന ചെയ്യുന്നത്. സംസ്ഥാനത്തെ മൊത്തം തൊഴിലിൽ 23.5 ശതമാനവും ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

രണ്ട് വർഷം തുടർച്ചയായ പ്രളയം, നിപ എന്നിവ പാതി തളര്‍ത്തിയ കേരളത്തിന്‍റെ വിനോദസഞ്ചാര മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ് ഈ കോവിഡ് കാലത്ത്. കേരളത്തിലെ ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം വരുന്ന മേഖലകളിലൊന്ന് ആഭ്യന്തര ടൂറിസമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ സീസണ്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്‍റെ രൂപത്തില്‍ തിരിച്ചടി നല്‍കി.

ടൂറിസം മേഖല പരിപൂര്‍ണ്ണമായി നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു എന്നതാണ് ഇവ സൂചിപ്പിക്കുന്നത്. ഒരു തിരിച്ചുവരവിന്‍റെ ലാഞ്ചനകള്‍ പോലും ഇവിടെയില്ല. ഈ പശ്ചാത്തലത്തിലാണ് കോടികളുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കൃത്യമായ സാമ്പത്തിക ശാസ്ത്രം രൂപപ്പെടുത്തിയിട്ടാണോ സര്‍ക്കാര്‍ ഈ പദ്ധതിക്ക് മുന്നിട്ടിറങ്ങിയത് എന്ന സംശയം ദുരീകരിക്കപ്പെടാതെ കിടക്കുന്നു. അപ്പോള്‍ 455 കോടിയുടെ ഈ വായ്പ പദ്ധതി ഫലപ്രദമാകുമോ എന്നുള്ളത് കണ്ടറിയണം.

Anweshanam
www.anweshanam.com