ഓൺലൈൻ ചൂതാട്ട കമ്പനികളുടെ പരസ്യവലകൾ

ഈ ഓൺലൈൻ ചൂതാട്ടത്തിന്റെ പരസ്യങ്ങൾക്കായി അവർ ഉപയോഗിക്കുന്നതാകട്ടെ രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ യുവാക്കളെ വരെയാണ്
ഓൺലൈൻ ചൂതാട്ട കമ്പനികളുടെ പരസ്യവലകൾ

രാജ്യം ഓൺലൈൻ റമ്മി എന്ന മഹാവിപത്തിന്റെ പിടിയിലായിട്ട് നാളുകൾ ഏറെയാകുന്നു. നിരവധി പേർ ഈ ഓൺലൈൻ റമ്മി കളികളിലൂടെ സാമ്പത്തിക നഷ്ടത്തിന് ഇരയായി. നിരവധിപേർ പണം നഷ്ടമായിട്ടും പണം തിരിച്ചുപിടിക്കാമെന്ന മോഹത്തിൽ കളിതുടരുകയാണ്. ഇതിന് ഇവർക്ക് പ്രചോദനം ആകുന്നതാകട്ടെ ഏത് മാധ്യമം തുറന്നാലും നിരന്തരം കാണുന്ന പരസ്യങ്ങളുമാണ്.

വീഡിയോ പരസ്യങ്ങൾ, മെയിൽ സന്ദേശങ്ങൾ, എസ്എംഎസ് സന്ദേശങ്ങൾ എന്ന് വേണ്ട എല്ലാ മേഖലയിലും ഓൺലൈൻ റമ്മി നിറഞ്ഞാടുകയാണ്. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഓൺലൈൻ റമ്മിയുടെ പ്രവാഹമാണ്. രാജ്യത്തെ പല പ്രമുഖ ഓൺലൈൻ പോർട്ടലുകളിലും ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമെ എസ്എംഎസ് സന്ദേശമായും ഇമെയിൽ ആയും ഇവ മിക്കവരുടെയും ശ്രദ്ധയിൽ ഒരിക്കലെങ്കിലും എത്തുന്നു.

ഈ ഓൺലൈൻ ചൂതാട്ടത്തിന്റെ പരസ്യങ്ങൾക്കായി അവർ ഉപയോഗിക്കുന്നതാകട്ടെ രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ യുവാക്കളെ വരെയാണ്. ഈ അടുത്തകാലത്ത് യൂട്യൂബ് എപ്പോൾ ഓപ്പൺ ചെയ്താലും കണ്ടിരുന്ന രണ്ട് പേരായിരുന്നു ആഷികും ജാഫറും. 'ഫാർമസിയിൽ ജോലി ചെയ്യുന്ന ആഷിക് എന്ന പാലക്കാട്ടുകാരന് എംപിഎൽ വഴി ഗെയിം കളിച്ച് 18000 രൂപ വരെ നേടിയിട്ടുണ്ടെന്നാണ് പരസ്യം. ആ പണമുപയോഗിച്ച് ആഷിക് മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോയി അടിച്ചു പൊളിച്ചു എന്നും പറയുന്നുണ്ട്.'

'അത്പോലെ മറ്റൊരാളാണ് ജാഫർ, കണ്ണൂരിൽ വീടുള്ള ഇയാൾ 30000 രൂപയാണ് വിൻ ചെയ്‌തത്. ഈ പണം കൊണ്ട് ഊട്ടി - കൂനൂർ ട്രിപ്പ് പോകാനാണ് ജാഫറിന്റെ ആഗ്രഹം.' ‌ ഇതാണ് യൂട്യൂബിൽ കഴിഞ്ഞ നാളുകളിൽ നിറഞ്ഞ് നിന്നിരുന്ന രണ്ട് പരസ്യങ്ങൾ. മലയാളികളുടെ ഏറെ ട്രോളുകൾക്ക് വിധേയമായ രണ്ട് പരസ്യങ്ങൾ കൂടിയാണ് ഇവ. ഈ പറയുന്ന വ്യക്തികളുടെ പേരും നാടുമെല്ലാം വ്യാജനായിരിക്കാം. ചിലപ്പോൾ നേരുമാകാം. എന്നാൽ ഏതൊരു പരസ്യവും പോലെ ഇത് നിരന്തരം കാണുന്ന ചിലർക്കെങ്കിലും ഈ ആപ്പ് വഴി പണമുണ്ടാക്കാമെന്ന മോഹം ഉദിക്കും. ഇത് പിന്നീട് പല വലിയ ചൂതാട്ടങ്ങളിലും എത്തിക്കുകയും ചെയ്യും.

'ജാഫറിനെയും ആഷിഖിനെയും' പോലുള്ള സാധാരണക്കാർ മാത്രമല്ല ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനതാരം വിരാട് കോഹ്‌ലിയും തെന്നിന്ത്യൻ സിനിമാ താരം തമന്നയും സൂപ്പർ മോഡൽസും എല്ലാം ഈ വിഭാഗത്തിൽ ഉണ്ട്. കോടികൾ തന്നെയാണ് ഇത്തരം പരസ്യങ്ങൾക്ക് വേണ്ടി ചൂതാട്ട കമ്പനികൾ പൊടിക്കുന്നത് എന്നത് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. കോടികൾ മുടക്കുന്നവർ അതിന്റെ പലമടങ്ങ് തിരിച്ചു പിടിക്കാൻ ശ്രമിക്കും എന്ന് വ്യക്തമാണ്. ഈ തിരിച്ചുപിടിക്കലുകൾക്ക് വിധേയരാകുന്നതാകട്ടെ ഓൺലൈൻ വഴി പണം ഉണ്ടാക്കാൻ മോഹിച്ച സാധാരണക്കാരുമാകും.

എന്നാൽ ഏറ്റവും രസകരമായ കാര്യം ഈ പരസ്യങ്ങളിൽ അഭിനയിക്കുന്നവരോ ഓൺലൈൻ ചൂതാട്ടം നടത്തുന്നവരോ നിയമത്തിന് മുന്നിൽ കുറ്റക്കാർ അല്ല എന്നുള്ളതാണ്. സ്വാതന്ത്ര്യ ലബ്ദിക്ക് മുൻപ് 1867ൽ പാസാക്കിയ പബ്ലിക്ക് ഗാംബ്ലിങ് ആക്ടാണ് (ഇന്ത്യൻചൂതാട്ട നിയമം-1867) ഇപ്പോഴും രാജ്യത്ത് നിലവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടാൽ കേവലം 200 രൂപ പിഴ. അതല്ലെങ്കിൽ മൂന്നുമാസം തടവ്. എന്നാൽ, ഓൺലൈൻ ചൂതാട്ടത്തെ ഇന്ത്യൻ ചൂതാട്ട നിയമം പ്രതിപാദിക്കുന്നില്ല. അക്കാലത്ത് ഓൺലൈൻ സാങ്കേതിക വിദ്യയൊന്നും വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാൽ 1867 പാസാക്കിയ നിയമത്തിൽ അതിനെ കുറിച്ച് പരാമർശമില്ല. അതിനാൽ തന്നെ രാജ്യത്ത് ഓൺലൈൻ ചൂതാട്ടത്തെ തടുക്കാൻ നിയമമൊന്നുമില്ല. ഇത് ഉണ്ടാക്കേണ്ട നമ്മുടെ പ്രതിനിധികൾ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com