ട്വന്‍റി 20; രാഷ്ട്രീയ ബദലോ? കമ്പനി ഭരണമോ?

കോര്‍പ്പറേറ്റ് അടിമത്തത്തിന്‍റെ ഇരകളാകുകയാണോ ജനം.
ട്വന്‍റി 20; രാഷ്ട്രീയ ബദലോ? കമ്പനി ഭരണമോ?

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പ് ഐക്യജനാധിപത്യ മുന്നണിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും നിലംപരിശാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. കാല്‍ നൂറ്റാണ്ട് തികയുന്ന ജനകീയാസൂത്രണവും വികേന്ദ്രീകൃതാധികാരവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടം നല്‍കാതെ എതിര്‍ ഭാഗത്തെ മറികടക്കാനും തട്ടകമുറപ്പിക്കാനുമുള്ള മുന്നണികളുടെ കൊണ്ടുപിടിച്ച പരിശ്രമങ്ങളായിരുന്നു ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കിയ ചിത്രം.

നവഉദാരവല്‍ക്കരണത്തിന്‍റെ ഫലമായി രൂപംകൊണ്ട പുത്തന്‍ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വിധേയപ്പെട്ട ശരാശരി മലയാളിയുടെ പൊതുബോധത്തിലേക്ക് നുഴഞ്ഞു കയറാന്‍ സ്വതന്ത്ര കൂട്ടായ്മകള്‍ക്ക് സാധിച്ചെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. കിഴക്കമ്പലത്തിനപ്പുറം മാങ്ങാവിപ്ലവം തീര്‍ത്ത് അജയ്യരായി നില്‍ക്കുന്ന ട്വന്‍റി 20 എന്ന കൂട്ടായ്മ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ ഭരണവും വെങ്ങോല പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഒമ്പത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും സ്വന്തമാക്കി ഇനി ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പാണെന്ന പരസ്യ പ്രചാരണവും ട്വന്‍റി 20 നടത്തിക്കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അപായ സൂചന നല്‍കി ജനഹൃദയം കീഴടക്കുന്ന ട്വന്‍റി 20 അനുകരണീയ മാതൃകയായി അവതരിപ്പിക്കുന്നതില്‍ കഴമ്പുണ്ടോ? വാഗ്ദാനം ചെയ്തതു പോലെ കിഴക്കമ്പലം സിംഗപ്പൂരായോ? മാറി മാറി വന്ന മുന്നണികളില്‍ മനം മടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ബദല്‍ മാതൃകയായി നിലകൊള്ളാന്‍ ട്വന്‍റി 20ക്ക് സാധിക്കുമോ? മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വിമര്‍ശനമായി ചിത്രീകരിക്കപ്പെടുന്ന കൂട്ടായ്മ ജനങ്ങളെ കോര്‍പ്പറേറ്റ് അടിമത്തത്തിന്‍റെ ഇരകളാക്കുകയാണോ ചെയ്യുന്നത്?

കിറ്റക്സും കിഴക്കമ്പലവും

വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തിയാണ് എംസി ജേക്കബ്. 1968 ലാണ് ഇദ്ദേഹം അന്ന-അലുമിനിയം എന്ന പേരിൽ കിഴക്കമ്പലത്ത് തന്‍റെ വ്യവസായ സംരംഭങ്ങള്‍ക്ക് അടിത്തറ പാകുന്നത്. തുടര്‍ന്ന് എട്ടു വർഷങ്ങൾക്ക് ശേഷം 'സാറാസ്' എന്ന പേരിൽ കറിപ്പൊടികൾ വിപണിയിലിറക്കി. 1978ലാണ് കിഴക്കമ്പലം ടെക്സ്റ്റയിൽസ് എന്നതിന്റെ ചുരുക്ക രൂപത്തിലറിയപ്പെടുന്ന കിറ്റക്സ് എന്ന ബ്രാൻഡിനു തുടക്കം കുറിച്ചത്.

എംസി ജേക്കബ്
എംസി ജേക്കബ്

മുണ്ട്‌, ബെഡ്‌ഷീറ്റ്‌ എന്നിവയാണ്‌ കമ്പനി‌ ആദ്യം നിര്‍മ്മിച്ചിരുന്നത്‌. പിന്നീട്‌ ലോകത്തിന്റെ വ്യവസായ ഭൂമികയില്‍ ഇടം പിടിച്ച കിറ്റക്‌സിന്‍റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങളിലേക്കുള്ള വസ്‌ത്രനിര്‍മ്മാണ കയറ്റുമതിയിലൂടെ കോടികള്‍ മൂല്യമുള്ള വിദേശ നാണ്യം രാജ്യത്തിന് നേടിക്കൊടുത്ത് വര്‍ഷങ്ങളുടെ പാരമ്പര്യം കിറ്റക്സിനെ മുന്‍ നിര ബിസിനസ് സാമ്രാജ്യങ്ങളുമായി കിടപിടിക്കാന്‍ പ്രാപ്തമാക്കി. എംസി ജേക്കബിന്റെ മരണ ശേഷം മക്കളായ ബോബി ജേക്കബും സാബു ജേക്കബുമാണ്‌ കമ്പനികളുടെ നടത്തിപ്പ് ഏറ്റെടുത്തത്.

ഇന്ത്യയിലെ 150 ഓളം തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ ബ്ലീച്ചിങ്ങും ഡൈയിങ്ങും ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്‍റ്സിനും തിരുപ്പൂരിലെ മുരുകംപാളയത്ത് ബ്ലീച്ചിങ്ങിനും ഡൈയിങ്ങിനുമായി 4 യൂണിറ്റുകൾ ഉണ്ടായിരുന്നു.

ഇവ പുറംതള്ളുന്ന വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും 30കിലോ മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടു. 25000 ലധികം മനുഷ്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി. അവിടങ്ങളിലെ കൃഷി വ്യാപകമായി നശിച്ചു. തുടര്‍ന്ന് നീണ്ട വർഷക്കാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ പ്രദേശവാസികള്‍ ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും കമ്പനിക്ക് പ്രതികൂലമായ വിധി സമ്പാദിച്ചു.

കമ്പനി തുടർന്നവിടെ പ്രവർത്തിക്കണമെങ്കിൽ മലിന ജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന, മലിന രാസപദാർത്ഥങ്ങൾ സംസ്ക്കരിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിർദ്ദേശിച്ചത്. ഒരു യൂണിറ്റ് സ്ഥാപിക്കാൻ 40 മുതല്‍ 45 കോടി രൂപ വേണം. ഇതിന്‍റെ നടത്തിപ്പിനായി വര്‍ഷാ വര്‍ഷം 15 കോടിയോളമാണ് ചെലവ്. അതായത് ഒരു യൂണിറ്റിന് അറുപതോളം കോടി രൂപ ചെലവാക്കേണ്ടതായി വരും. കിറ്റക്സിനെ സംബന്ധിച്ച് തിരുപ്പൂരില്‍ ഡൈയിങ് യൂണിറ്റ് തുടരണമെങ്കില്‍ മൊത്തം 4 യൂണിറ്റുകൾക്കായി 240 കോടി ചെലവ് തുടക്കത്തിൽ തന്നെ വേണം. വര്‍ഷത്തിലുള്ള പ്രവര്‍ത്തന ചെലവ് ഇനത്തില്‍ 60 കോടി വേറെയും. അങ്ങനെയാണ് കിഴക്കമ്പലത്തേക്ക് കിറ്റക്സ് ഡൈയിങ് യൂണിറ്റ് പറിച്ചു നടുന്നത്. കേരളത്തിൽ ഇതുവരെ ഏതെങ്കിലും വസ്ത്ര നിര്‍മാണ കമ്പനി ചെയ്യാത്ത സാഹസമായിരുന്നു അത്.

കിഴക്കമ്പലത്തെ കിറ്റക്സ് ഗാര്‍മെന്‍റ്സ്
കിഴക്കമ്പലത്തെ കിറ്റക്സ് ഗാര്‍മെന്‍റ്സ്

1995 മുതല്‍ 2000 വരെ സിപിഐഎമ്മാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഇടവിട്ട് ഭരിച്ചു. ഇടത് പക്ഷം പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് 2007ലാണ് കിറ്റക്സ് കിഴക്കമ്പലത്ത് ബ്ലീച്ചിങ് ആന്‍ഡ് ഡൈയിങ് യൂണിറ്റ് സ്ഥാപിക്കുന്നത്. എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തിരുപ്പൂരിലേതിന് സമാനമായി ഇവിടെയും മലിനീകരണ പ്രശ്നങ്ങള്‍ ഉടലെടുത്തു.

കമ്പനിക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തണുപ്പിക്കാനായിരുന്നു കിറ്റക്സ് ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടറങ്ങിയത്. ജനങ്ങൾക്ക് പച്ചക്കറിയും മറ്റും സൗജന്യം നൽകി ജനത്തെ കയ്യിലെടുക്കുകയെന്നതായിരുന്നു ഇതിന്‍റെ ആദ്യ പടി. തമിഴ് നാട്ടിൽ മുടക്കേണ്ടിവരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതി ഈ സൗജന്യ പച്ചക്കറി വിതരണത്തിനെന്ന വസ്തുത വിസ്മരിക്കപ്പെടാന്‍ പാടില്ല. ഈ കണ്‍കെട്ട് വിദ്യയില്‍ മയങ്ങിയ ജനം കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്തും ഏറ്റുവാങ്ങി.

കിറ്റക്സും സാമൂഹ്യ പ്രതിബദ്ധതയും

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അഥവാ കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധത വ്യവസായവത്കരണത്തിന്റെ കാലം തൊട്ട് തന്നെ പ്രചരണത്തിലുണ്ടായിരുന്ന ആശയമാണ്. ലോകത്താകമാനം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇത് വഴിവെച്ചു. കോര്‍പ്പറേറ്റുകളുടെ അനിയന്ത്രിതമായ ചൂഷണത്തിനെതിരായ മനോഭാവത്തേയും പ്രക്ഷോഭത്തേയും തടയുക എന്ന അപ്രഖ്യാപിത അജണ്ടയുടെ ഭാഗമാണ് ഈ ആശയം.

ഉള്ളവനും ഇല്ലാത്തവനുമിടയിലെ അന്തരം കുറയ്ക്കുക എന്നതാണ് സിഎസ്ആറിന്‍റെ കാതല്‍. 21ാം നൂറ്റാണ്ടില്‍ കോര്‍പ്പറേറ്റുകളുടെ ബിസിനസ് വളരുന്നതിനോടൊപ്പമാണ് സിഎസ്ആര്‍ എന്ന ആശയവും വികസിച്ചത്. കമ്പനികള്‍ തങ്ങളുടെ ആകെ മൂലധനത്തിന്റെ ഒരോഹരി സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടി മാറ്റിവെക്കുക, അതുവഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം, സിഎസ്ആറിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഒരു കമ്പനിക്ക് പൊതുജനങ്ങളോടോ സമൂഹത്തോടോ സാമൂഹിക ഉത്തരവാദിത്തമില്ലെന്നും അതിന്റെ ഏക ഉത്തരവാദിത്തം ഓഹരിയുടമകളാണെന്നുമാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍ വാദിച്ചത്. കമ്പനികള്‍ നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് എത്തരത്തില്‍ ലാഭമുണ്ടാക്കാം എന്ന് മാത്രമാണ് ചിന്തിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിഎസ്ആറിന്‍റെ പേരില്‍ കുറച്ച് കാര്യങ്ങള്‍ മാത്രം ചെയ്ത് കമ്പനി പേരെടുക്കാന്‍ ശ്രമിക്കുമെന്ന വാദങ്ങളും സജീവമാണ്.

മില്‍ട്ടന്‍ ഫ്രീഡ്മാന്‍
മില്‍ട്ടന്‍ ഫ്രീഡ്മാന്‍

കോര്‍പ്പറേറ്റ് എത്തിക്സിന്റെ ഭാഗമായി 2013ല്‍ കേന്ദ്ര കമ്പനി ആക്ടിന്റെ 135-ാം വകുപ്പില്‍ ഭേദഗതി വരുത്തിക്കൊണ്ട് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് (സിഎസ്ആര്‍ ഫണ്ട്) എന്നത് നിര്‍ബന്ധിതമാക്കിയപ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുമായി മുന്നോട്ടുവന്നത്. ഇതുപ്രകാരം ആയിരം കോടി ടേണ്‍ ഓവറുള്ളതോ അഞ്ഞൂറ് കോടിക്കുമേല്‍ ആസ്തിയുള്ളതോ, അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതോ ആയ എല്ലാ കമ്പനികളും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനമെങ്കിലും സിഎസ്ആറിനായി മാറ്റിവെക്കണം.

ഇത് കമ്പനിക്ക് ഇഷ്ടമുള്ള വിധത്തില്‍ ചില നിബന്ധനകളോടെ ഉപയോഗിക്കാം. പാശ്ചാത്യ മുതലാളിത്തം സ്വയേച്ഛപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുതലാളിത്തം നിര്‍ബന്ധിത നിയമ സംവിധാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ കിറ്റക്‌സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ചതാണ് ട്വന്റി 20. ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററിയില്‍ രജിസ്റ്റര്‍ ചെയ്ത് ട്വന്‍റി 20 ചാരിറ്റബിള്‍ സൊസൈറ്റിയാകുന്നത് 2013ലാണ്.

എന്നാല്‍, സിഎസ്ആര്‍ മുതലെടുത്തുകൊണ്ട് കമ്പനി കിഴക്കമ്പലത്തെ ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുകയാണുണ്ടായത്. കിറ്റക്‌സ് ഗാര്‍മെന്‍റ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബാണ് ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍. ഇവരുടെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. "വ്യവസായം തുടങ്ങിയ കാലം മുതല്‍ ഇതിനായി ശ്രമം നടത്തിയിരുന്നു. ആദ്യകാലത്ത് ഇതിനുള്ള സാമ്പത്തികമുണ്ടായിരുന്നില്ല. പിന്നീട് ഇതിനുള്ള അവസ്ഥയായതോടെ നാട്ടിലെ പ്രമുഖരെ എല്ലാം വിളിച്ചു കൂട്ടി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ കണ്ടെത്തി. ആദ്യ യോഗത്തിന് ആവേശപൂര്‍വം നിരവധി പേരെത്തി. പിന്നീട് ആവേശം കുറഞ്ഞു വന്നു. എന്നാല്‍ പിന്മാറാന്‍ ഞങ്ങള്‍ തയാറായിരുന്നില്ല. ഒടുവില്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് സംഘടന തുടങ്ങി," ഇത് സാബു എം ജേക്കബ് ട്വന്‍റി 20യുടെ രൂപീകരണവേളയില്‍ പറഞ്ഞ വാക്കുകള്‍.

സാബു എം ജേക്കബ്
സാബു എം ജേക്കബ്

അതേസമയം, പാടങ്ങളും തോടുകളും നിറഞ്ഞ കിഴക്കമ്പലത്ത് കിറ്റക്സ് ആരംഭിച്ച ഡൈയിങ് യൂണിറ്റ് വന്‍ മാലിന്യപ്രശ്നങ്ങള്‍ക്ക് വഴിതുറന്നു. കിറ്റക്സ് പ്ലാൻ്റുകളിൽ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നത് ജലസ്രോതസ്സുകളിലേക്കാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രശ്നം രൂക്ഷമായതോടെ 2012ലാണ് ഒരു പ്രവര്‍ത്തന സമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുന്നത്.

യുഡിഎഫായിരുന്നു അന്ന് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ ഇടപെട്ടെങ്കിലും മലിനീകരണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ കമ്പനി ഒരുക്കമായിരുന്നില്ല. കമ്പനി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നിരവധി വിദഗ്ധ സമിതികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ സമിതിയുടെ പരിശോധനയിലും കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങള്‍ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കുന്നതല്ല എന്നായിരുന്നു കണ്ടെത്തല്‍.

ഒരു കമ്പനി പ്രവര്‍ത്തിക്കാൻ ആവശ്യമായ 36ൽ 35 ലൈസൻസുകളും തങ്ങള്‍ക്കുണ്ടെന്ന് കമ്പനി വാദിക്കുമ്പോഴും 36ാമത്തെ ലൈസന്‍സിന് വേണ്ട അനുമതി നല്‍കേണ്ടിയിരുന്ന പഞ്ചായത്ത് അതിന് വിമുഖത കാട്ടി. കമ്പനി ഉയര്‍ത്തുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്തതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു പഞ്ചായത്ത്. പിന്നീട് കോടതിയുടെ അന്ത്യശാസനം വേണ്ടി വന്നു ലൈസന്‍സ് പുതുക്കി കിട്ടാന്‍. ഇതിനു പുറമെ പ്രദേശത്തെ പട്ടികജാതി കോളനിയില്‍ ഒരു പൊതു കിണര്‍ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമത്തിന്‍റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികാരികള്‍ തടഞ്ഞു. ഇതോടെയാണ് പഞ്ചായത്ത് തങ്ങള്‍ക്ക് തന്നെ ഭരിച്ചാല്‍ എന്തെന്ന ആശയം ട്വന്‍റി 20 നേതൃത്വത്തിന്‍റെ ബുദ്ധിയിലുദിച്ചത്.

കൊട്ടിഘോഷിച്ച കിഴക്കമ്പലം മോഡല്‍

രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ട്വന്‍റി 20 കിഴക്കമ്പലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സാമൂഹ്യ പ്രവര്‍ത്തനം ആധികാരികമായി പഠിച്ചിറങ്ങിയവരെ മുന്‍ നിര്‍ത്തി പഞ്ചായത്തിലെ വാര്‍ഡു തലത്തില്‍ നടത്തിയ വ്യക്തമായ സര്‍വ്വെയുടെ ഫലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും.

പാവപ്പെട്ടവര്‍ക്ക് വീട്, നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, ചികിത്സാ സഹായം, റോഡ് നിര്‍മാണം, കുടിവെള്ള പദ്ധതി, ജൈവ കൃഷി, 2,800 കുടുംബങ്ങള്‍ക്കായി 14,000 മുട്ടക്കോഴികള്‍, ആടുകള്‍, താറാവുകള്‍, പ്രമുഖ സ്വകാര്യബാങ്കുമായി സഹകരിച്ച് യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം, 2000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍, ജാതി, തെങ്ങ്, റമ്പൂട്ടാന്‍, ഞാലിപ്പൂവന്‍, പേര,സപ്പോട്ട എന്നിവയ്ക്ക് പുറമെ ഏഴുലക്ഷം പച്ചക്കറി തൈകളുടെ വിതരണം, അഞ്ചു വര്‍ഷത്തിനകം കിഴക്കമ്പലത്തെ ഹരിതമനോഹര പഞ്ചായത്താക്കി മാറ്റുമെന്ന വാഗ്ദാനം, തുടങ്ങി ഇത്തരം കൂട്ടായ്മകള്‍ നാടു മുഴുവന്‍ ഉണ്ടാകട്ടെ എന്നു തോന്നിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു കിഴക്കമ്പലം സാക്ഷിയായത്.

ഇങ്ങനെ, വെറുമൊരു ഗ്രാമ പ്രദേശമായ കിഴക്കമ്പലത്തെ ജനഹൃദയങ്ങള്‍ ജയിക്കാന്‍ ട്വന്‍റി 20ക്ക് സാധിച്ചു. ട്വന്‍റി 20യുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്ക് ബിരിയാണിയും അന്ന അലൂമിനിയത്തിന്‍റെ പാത്രങ്ങളും സമ്മാനമായി ലഭിച്ചു. കിറ്റക്സ് ഗാര്‍മെന്‍റ്സില്‍ വച്ച് നടന്ന ഫ്ലവേഴ്സ് ടിവിയുടെ ആദ്യത്തെ ഫിലിം അവാര്‍ഡും തൃപ്പൂണിത്തുറ അത്തച്ചമയത്തെ വെല്ലുന്ന ഓണം ഘോഷയാത്രയും ആഘോഷങ്ങളുമെല്ലാം കിഴക്കമ്പലംകാര്‍ക്ക് പുതുമയായിരുന്നു. ആ പഞ്ചായത്തില്‍ ജനിച്ചെന്നതില്‍ ഗര്‍വ്വു തോന്നിക്കുന്ന അനുഭവങ്ങളായിരുന്നു. മാറി മാറി വന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കാത്ത ഇനി ലഭിക്കാന്‍ ഒട്ടുമേ സാധ്യതയില്ലാത്ത സുഖ സൗകര്യങ്ങള്‍ നല്‍കി സാബു എം ജേക്കബ് ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയപ്പോള്‍ ട്വന്‍റി20 വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുമെന്ന എല്ലാ സാധ്യതകളും തെളിയുകയായിരുന്നു. അങ്ങനെ കിഴക്കമ്പലത്തിന്‍റെ രാഷ്ട്രീയ ചരിത്രം കീഴ്മേല്‍ മറിഞ്ഞു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്ത് ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 പഞ്ചായത്ത് ഭരണത്തിന്‍റെ പടികയറുന്നത്. എന്നാല്‍ കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം, കാവുങ്ങപറമ്പ് എന്നീ വാര്‍ഡുകളില്‍ കിറ്റക്‌സിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടേയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പഞ്ചായത്ത് ഭരണസമിതിയുമായി മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ അടക്കം തര്‍ക്കമുണ്ടായിരുന്ന കമ്പനി സ്വയം പഞ്ചായത്താകുന്നതാണ് പിന്നീട് കിഴക്കമ്പലം കണ്ടത്. അധികാരത്തിലെത്തിയതിനു പിന്നാലെ ഭരണഘടന നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്ക് പുറത്ത് കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഫലത്തില്‍ കൊണ്ട് വന്ന് കിഴക്കമ്പലത്തെ ട്വന്‍റി20 മോഡല്‍ കൊട്ടിഘോഷിക്കുന്ന സ്ഥിതിവിശേഷമായിരുന്നു ഇതിന്‍റെ ഫലം.

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരെ മുതലാളിയുടെ തൊഴിലാളികളാക്കുന്നതായിരുന്നു ട്വന്‍റി 20യുടെ അജണ്ട. " പഞ്ചായത്തില്‍ അധികാരത്തിലെത്തി ആദ്യം ചേര്‍ന്ന മീറ്റിങ്ങില്‍ നമ്മല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപോലെയാകരുതെന്നും നാടു നന്നാകുമ്പോള്‍ കുടുംബവും നന്നാകണമെന്നും സാബു ജേക്കബ് പറഞ്ഞു. അങ്ങനെ ജനപ്രതിനിധികള്‍ക്ക് ഓണറേറിയത്തിന് പുറമെ ശമ്പളം തരുമെന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു," ട്വന്‍റി 20യുടെ മറവില്‍ കിറ്റക്സ് മുതലാളി സാബു ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണമാണ് കിഴക്കമ്പലത്ത് നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി രാജിവെച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെവി ജേക്കബ് അന്വേഷണം. കോമിനോട് പറഞ്ഞു.

"രണ്ടു മാസത്തിന് ശേഷം വിളിച്ച മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞത്, നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ഞാന്‍ പറയുന്നത് കേള്‍ക്കാനാണ് എന്നായിരുന്നു. ഇതോടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുതലാളിയില്‍ നിന്ന് 25000 രൂപ ശമ്പളം മേടിക്കുന്ന തൊഴിലാളിയായി, മെമ്പർമാർ 15000 രൂപയുടെ ശമ്പളക്കാരും. പഞ്ചായത്ത്‌ കമ്മിറ്റികൾ കിറ്റക്സിന്‍റെ ഓഫീസിലും മുതലാളിയുടെ വീട്ടിലുമായിരുന്നു കൂടിയത്. ഇക്കാലയളവില്‍ കമ്പനിയിലേക്കുള്ള എല്ലാ റോഡുകളും വീതി കൂട്ടി. മുതലാളിയുടെ പാടശേഖരങ്ങള്‍ സംരക്ഷിക്കാന്‍ തോടും തടയണകളും പണിതു. ജനപ്രതിനിധി എന്ന നിലയില്‍ ജനത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ സാധിച്ചിരുന്നില്ല പലപ്പോഴും," ജേക്കബ് കൂട്ടിച്ചേര്‍ത്തു.

കെവി ജേക്കബ്
കെവി ജേക്കബ്

പഞ്ചായത്തിന്റെ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും മാസശമ്പളം നല്‍കുന്ന നടപടി പരിപൂര്‍ണമായും ഭരണഘടനാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട്-9ല്‍ അനുച്ഛേദം 243നും ഉപച്ഛേദങ്ങള്‍ക്കും സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട അംഗങ്ങള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് ഇതിലൂടെ നടത്തുന്നത്. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് 'ശമ്പളം' നല്‍കുന്നു എന്ന കാര്യം തെറ്റായ പ്രചാരണമാണെന്നാണ് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറയുന്നത്. ജനപ്രതിനിധികള്‍ക്ക് കിട്ടുന്ന ഓണറേറിയം തുച്ഛമായ തുകയാണ്. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ക്ക് പണം ആവശ്യമാണ്. അതിനാല്‍ പഞ്ചായത്തിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായമായാണ് ഈ തുക നല്‍കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ അദ്ദേഹം പരമര്‍ശിച്ചു.

ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റിത്തീര്‍ക്കും എന്ന് വാഗ്ദാനം നല്‍കിയാണ് ട്വന്‍റി 20 പഞ്ചായത്ത് ഭരണത്തിലെത്തുന്നത്. എന്നാല്‍, എറണാകുളം ജില്ലയിലെ എണ്‍പത്തിയേഴ് പഞ്ചായത്തുകളില്‍ ഫണ്ട് വിനിയോഗത്തിന്റെയും പദ്ധതി നടപ്പിലാക്കലിന്റെയും കാര്യത്തില്‍ 2019-ലെ കണക്കുകളും ഗ്രേഡിങ്ങും അനുസരിച്ച് അന്‍പത്തിയൊന്നാം സ്ഥാനത്താണ് കിഴക്കമ്പലം പഞ്ചായത്ത് എന്നതാണ് വസ്തുത. അതായത്, കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്താക്കാന്‍ പോയിട്ട് എറണാകുളം ജില്ലയില്‍ ആദ്യസ്ഥാനങ്ങളിലുള്ള പഞ്ചായത്തുകളുമായി മത്സരിക്കാന്‍ പോലും ട്വന്‍റി 20യുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കഴിഞ്ഞില്ല.

കിഴക്കമ്പലം പഞ്ചായത്ത് കാര്യാലയം
കിഴക്കമ്പലം പഞ്ചായത്ത് കാര്യാലയം

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണകാലയളവില്‍ 39 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്ന പഞ്ചായത്തിനെ 13 കോടി 57 ലക്ഷം രൂപ മിച്ചം വയ്ക്കുന്ന ഒരു പഞ്ചായത്തായി മാറ്റിയെന്നാണ് സാബു എം ജേക്കബ് പറയുന്നത്. ഈ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍ രംഗത്ത് വന്നിരുന്നു.

"പഞ്ചായത്തിന് ലഭിക്കുന്ന സർക്കാർ ധന പിൻതുണയുടെ പണം ട്രഷറിയിൽ നിന്നാണ് മാറിയെടുക്കേണ്ടത്. അത് യഥാർത്ഥ ചെലവുകൾക്കൊത്തേ കിട്ടു. അതായത്, പൗരന്മാർക്ക് സബ്സിഡി നൽകുന്നു എന്നിരിക്കട്ടെ. എന്തിനാണോ സബ്സിഡി നൽകുന്നത് ആ പ്രവൃത്തി അല്ലെങ്കിൽ പര്‍ച്ചേസ് നടന്നതിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ സഹിതം ക്ലെയിം സമർപ്പിച്ചാലേ പണം കിട്ടു. അതും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറാനേ കഴിയു . ഡയറക്ട് ബെനെഫിഷ്യറി ട്രാന്‍സ്ഫര്‍, മരാമത്തു പ്രവൃത്തികളാണെങ്കിൽ പ്രവൃത്തി പൂർത്തിയാക്കിയ സാക്ഷ്യങ്ങൾ സഹിതം ബില്ല് സമർപ്പിക്കണം. അപ്പോൾ പണി ചെയ്തവർക്ക് നേരിട്ട് പണം കിട്ടും. അതായത്, മരാമത്ത് പണി ചെയ്തയാൾക്ക്, സാധനങ്ങളോ സേവനങ്ങളോ സപ്ലൈ ചെയ്തവർക്ക്, ഗുണഭോക്താക്കൾക്ക് നേരിട്ട്…. ഇങ്ങനെ മാത്രമേ പഞ്ചായത്തിന് വികസന ഫണ്ടുകൾ ( Maintenance grant അടക്കം) ചെലവു ചെയ്യാനാകു. ഒരു വർഷം അനുവദിക്കപ്പെടുന്ന ഫണ്ടുകൾ ഇങ്ങനെ വിനിയോഗിക്കപ്പെടാത്തത് പോകും. വരും വർഷം ഇതും കൂട്ടി ചെലവ് ചെയ്തോളു എന്ന് സർക്കാർ പറഞ്ഞാല്‍ വരും വർഷം അത് ഇതേ രീതിയിൽ ചെലവു ചെയ്യാം. അത് മിച്ചമല്ല. കെടു കാര്യസ്ഥത കൊണ്ട് തൻ വർഷം ചെലവഴിക്കാൻ പറ്റാത്ത പണം എന്നാണ് അർത്ഥം,"ഗോപകുമാര്‍ മുകുന്ദന്‍റെ കുറിപ്പില്‍ പറയുന്നു.

അപ്പോള്‍ സാബു ജേക്കബ് ആവര്‍ത്തിച്ച് പറയുന്ന ബാങ്ക് ഡെപ്പോസിറ്റായുള്ള 13 കോടി 57 ലക്ഷം ഏതാണ്? "പഞ്ചായത്തിന്റെ തനത് നികുതി വരുമാനമുണ്ട്. അത് പഞ്ചായത്തിന് സ്വാതന്ത്ര്യമുള്ള പണമാണ്. പല വിധത്തിൽ പഞ്ചായത്തിന് കിട്ടുന്ന ധനസഹായങ്ങളുടെ കൂടെ പഞ്ചായത്തിന്റെ ഈ തനതു നികുതി വരുമാനവും ചേർത്ത് വികസന പദ്ധതികൾ രൂപപ്പെടുത്തി ഡിപിസിയ്ക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങി നടപ്പാക്കുകയാണ് പഞ്ചായത്തുകൾ ചെയ്യുന്നത്. ഈ പദ്ധതികൾ നടന്നില്ലെങ്കിൽ സർക്കാർ വിഹിതം കിട്ടില്ല. പഞ്ചായത്തിന്റെ തനതു ഫണ്ടോ ? അത് കയ്യിലിരിക്കും. മിച്ചമാകും. പ്ളാൻ ചെയ്ത പദ്ധതികൾ നടക്കില്ല എന്നു മാത്രം," ഗോപകുമാര്‍ മുകുന്ദന്‍റെ കുറിപ്പ് തുടരുന്നു.

കിഴക്കമ്പലത്ത് 2019– 20 ൽ 146 പദ്ധതികൾക്കായി ഇങ്ങനെ എല്ലാ ഫണ്ടും കൂട്ടി ചേർത്ത് 19.17 കോടി രൂപയുടെ പരിപാടികൾക്കാണ് അംഗീകാരം കിട്ടിയത്. ചെലവിട്ടത് 3.88 കോടി . അതായത് 20.3 ശതമാനം. ഇതിൽ 9.9 കോടി രൂപ തനത് ഫണ്ടായിരുന്നു. അതിൽ നിന്ന് ചെലവിട്ടത് 7.55 ശതമാനമാണ്. നിശ്ചിത പദ്ധതികൾ നടപ്പാക്കാതെ തനത് ഫണ്ട് ഡെപ്പോസിറ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മൊതലാളിയുടെ പണം ഇല്ലാതെ തന്നെ കിഴക്കമ്പലത്ത് പൊതുപ്പണം ഉണ്ട്. അതു ചെലവാക്കാതെ തന്റെ ഔദാര്യങ്ങള്‍ നല്‍കി മേനി നടിക്കുന്ന കബളിപ്പിക്കലാണ് നടക്കുന്നത്. സിവിക് അഡ്മിനിസ്ട്രേഷനെ തകര്‍ത്ത് കോര്‍പ്പറേറ്റ് ഔദാര്യത്തെ പകരം വെച്ച് നിയമാനസൃതമാണെന്ന് കാട്ടുകയാണ് ട്വന്‍റി 20 ചെയ്യുന്നതെന്നും ഗോപകുമാര്‍ മുകുന്ദന്‍ പറയുന്നു. കൂടാതെ ജനപ്രതിനിധികള്‍ക്ക് ശമ്പളം നല്‍കുന്നതും പഞ്ചായത്ത് കമ്മിറ്റി കമ്പനി വളപ്പിലോ ഗസ്റ്റ് ഹൗസിലോ മൊതലാളിയുടെ സാന്നിദ്ധ്യത്തില്‍ ചേരുന്നതും നിയമപരമായി കൈകാര്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഗോപകുമാര്‍ മുകുന്ദന്‍ ധനമന്ത്രി തോമസ് ഐസകിനൊപ്പം
ഗോപകുമാര്‍ മുകുന്ദന്‍ ധനമന്ത്രി തോമസ് ഐസകിനൊപ്പം

വര്‍ണകാര്‍ഡുകളുടെ കിനാശ്ശേരി

ട്വന്‍റി 20 വികസന മാതൃകയായി വന്‍ തോതില്‍ പ്രചരിച്ചത് ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റും സാധനങ്ങള്‍ക്കുള്ള സബ്സിഡികളുമാണ്. 2015ല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ട്വന്‍റി 20യുടെ നേതൃത്വത്തില്‍ നടന്ന വിശദമായ സര്‍വ്വെയുടെ ഫലമായി പഞ്ചായത്തിലെ 8600 കുടുംബങ്ങള്‍ക്കായി 4 തരത്തിലുള്ള 7620 കാര്‍ഡുകള്‍ നല്‍കി. ആളുകളുടെ സാമൂഹ്യ- സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയാണ് ഈ കാര്‍ഡുകള്‍ വിതരണം ചെയ്തതെന്നാണ് പറയപ്പെടുന്നത്.

"സാധാരണ റേഷന്‍ കാര്‍ഡുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ജനങ്ങളെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍തിരിക്കുന്നത്. എന്നാല്‍ ട്വന്‍റി 20യുടെ കാര്യത്തില്‍ അങ്ങനെയല്ല. കൂട്ടായ്മയുടെ മീറ്റിങ്ങുകള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കുന്നതാണ് അളവുകോല്‍. ഒരു വീട്ടില്‍ നിന്നുള്ള പങ്കാളിത്തം കുറയുന്നതിനനുസരിച്ച് ഡിസ്കൗണ്ട് ഓഫറുകളും കുറയും," മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെവി ജേക്കബ് പറയുന്നു.

"കുടുംബസമേതം ട്വന്റി 20യുടെ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ക്ക് 70% ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ ലഭ്യമാകും. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമാണ് പ്രവര്‍ത്തകനെങ്കില്‍ 50% ഡിസ്‌ക്കൗണ്ട് ലഭിക്കും. പ്രവര്‍ത്തകന്‍ ഇല്ലാത്ത അനുഭാവി കുടുംബം ആണങ്കില്‍ 30-മുതല്‍ 40 വരെ സബ്‌സിഡിയില്‍ സാധനം ലഭിക്കും. ഇതിന് വ്യത്യസ്ഥ നിറത്തിലുള്ള കാര്‍ഡുകള്‍ ഉണ്ട്. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സാധനവും ലഭിക്കില്ല. സാധനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ കമ്പനികളുടെ CSR ഫണ്ടില്‍ വകയിരുത്തപ്പെടും. യഥാര്‍ത്ഥത്തില്‍ ചെപ്പടിവിദ്യകള്‍ കാട്ടി ആളുകളെ കൂടെ നിര്‍ത്തുന്ന കോര്‍പ്പറേറ്റ് തന്ത്രമാണ് ഇതിലൂടെ നടക്കുന്നത്," ജേക്കബ് പറഞ്ഞു.

ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റ്
ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റ്

ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റ് വഴി വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യസാധങ്ങള്‍ക്കുള്ള ഡിസ്കൗണ്ടുകള്‍ക്ക് പിന്നിലും കോര്‍പ്പറേറ്റ് തന്ത്രമാണെന്ന് കെവി ജേക്കബ് പറയുന്നു. " അഞ്ച് ഇനങ്ങള്‍ക്ക് മാത്രമാണ് ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റില്‍ ഡിസ്കൗണ്ട് ലഭിക്കുന്നത് വേറൊന്നിനുമില്ല. അരിയുടെ കാര്യത്തില്‍ ആദ്യത്തെ 10 കിലോ എടുക്കുമ്പോള്‍ അതിന് 150 രൂപയാണ് വില. എന്നാല്‍ രണ്ടാമത്തെ പത്ത് കിലോ എടുക്കുമ്പോള്‍ വില 320 ആകും. ഒരു വീട്ടിലേക്ക് ഏകദേശം എത്ര രൂപ ചെലവാകുമെന്നും എത്ര ഭക്ഷ്യസാധനങ്ങള്‍ വേണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. അതിന്‍റെ നാലിലൊന്നിനാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്"

"കൂടാതെ ബില്ലിനു താഴെ നിങ്ങള്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ ഇത്ര ശതമാനം ലാഭിച്ചിരിക്കുന്നു എന്ന് എഴുതും. യഥാര്‍ത്ഥത്തില്‍ സാധനങ്ങളുടെ എംആര്‍പിയില്‍ നിന്നാണ് ഇത്ര രൂപ ലാഭിച്ചിരിക്കുന്നു എന്ന് പറയുന്നത്. ഡിസ്കൗണ്ടുളള അഞ്ച് ഇനങ്ങള്‍ക്ക് പുറമെ എന്ത് സാധനങ്ങള്‍ വാങ്ങിയാലും മറ്റ് ഹോള്‍സെയില്‍ ഷോപ്പുകളില്‍ നിന്ന് ഈടാക്കുന്ന അതേ വിലയാകും. 150 രൂപയ്ക്ക് അരി, 6 രൂപയ്ക്ക് പാല്‍, 13 രൂപയ്ക്ക് പഞ്ചസാര, 76 രൂപയ്ക്ക് വെളിച്ചെണ്ണ എന്നിങ്ങനെയാണ് പറയുന്നത്. പക്ഷെ അത് എത്ര കൊടുക്കുന്നു എന്ന് എവിടെയും പറയുന്നില്ല"

ഗോഡ്സ് വില്ല പദ്ധതിയാണ് ട്വന്‍റി 20 മറ്റൊരു വിജയഗാഥയായി അവതരിപ്പിക്കുന്നത്. എന്താണ് ഇക്കാര്യത്തിലെ വസ്തുത? കിഴക്കമ്പലത്തെ കോണ്‍ഗ്രസ് നേതാവ് കെഎ ആന്റണി, അന്നത്തെ കേന്ദ്ര പദ്ധതിയായ ലക്ഷം വീട് പദ്ധതിയിലേക്ക് സംഭാവന ചെയ്തതാണ് കിഴക്കമ്പലത്തെ ഇന്നത്തെ ഗോഡ്‌സ് വില്ല പ്രോജക്ട് നിലവിലുള്ള സ്ഥലം. അന്ന്, രണ്ടു വരി കല്ല് അടിത്തറയില്‍ കുമ്മായം കൊണ്ട് കല്ലു കെട്ടി മുകളില്‍ ഓലയോ ഷീറ്റോ പാകിയതായിരുന്നു വീടുകള്‍.

അങ്ങനെയിരിക്കെയാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ലക്ഷം വീട് പുനഃരുദ്ധാരണ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. അതനുസരിച്ച് പിന്നീട് വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 2013 – 14 സാമ്പത്തിക വര്‍ഷത്തില്‍, കിഴക്കമ്പലം പഞ്ചായത്തിലെ ഗോഡ്സ് വില്ല നില്‍ക്കുന്ന കോളനികളില്‍ അടക്കം 92 വീടുകളെ ഈ പദ്ധതിയില്‍ പെടുത്തി 2 ലക്ഷം രൂപ വീതം സഹായം അനുവദിച്ചു. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് വരികയും, 2015 ല്‍ ട്വന്‍റി 20 അധികാരത്തില്‍ വരികയും ചെയ്തു.

ഗോഡ്സ് വില്ല
ഗോഡ്സ് വില്ല

അധികാരത്തില്‍ വന്ന ട്വന്‍റി 20 സര്‍ക്കാര്‍ പദ്ധതി തുകയായ രണ്ടു ലക്ഷവും, ഗുണഭോക്തൃ വിഹിതം എന്ന പേരില്‍ ഓരോ കടുംബങ്ങളില്‍ നിന്ന് 2 ലക്ഷം വീതവും വെച്ച് പദ്ധതി ട്വന്‍റി 20യുടേതാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തുകയ്ക്ക് പുറമേ, നാല്‍പ്പതോളം കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും കമല്‍ ഹാസന്‍, ജയറാം, തുടങ്ങി സിനിമാ താരങ്ങളുടെ സംഭാവനകളും സമാഹരിച്ച്, കെട്ടിട നിര്‍മ്മാണം കരാര്‍ നല്‍കി പണി പൂര്‍ത്തികരിച്ചു.

നല്ലവനായ ഒരു വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് സര്‍ക്കാരിന്റേയും, വീട്ടുടമസ്ഥരായ ഗുണഭോക്താക്കളുടേയും, വ്യക്തികളുടേയും, നിയമപരമായി കമ്പനികള്‍ നല്‍കേണ്ട സിഎസ്ആര്‍ ഫണ്ടിന്റേയും സഹായത്തോടെ പണി കഴിച്ച വീടുകളാണ് ഗോഡ്സ് വില്ലയിലുള്ളത്. എന്നാല്‍, ട്വന്‍റി 20യുടെ ഔദാര്യമാണിതൊക്കെ എന്ന് വിശ്വസിച്ച്, തങ്ങളുടെ സാമൂഹിക രാഷ്ട്രീയ നിലപാടുകള്‍ വരെ കമ്പനിക്ക് അടിയറ വച്ച് കഴിയുകയാണ് കിഴക്കമ്പലം നിവാസികള്‍.

കമ്പനി അടിമത്തത്തില്‍ കിഴക്കമ്പലം ജനത

രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് വലിയ ഒരു നവോത്ഥാനത്തിലേക്ക് കിഴക്കമ്പലത്തെ ജനത ഉയര്‍ന്നുവെന്നാണ് ട്വന്‍റി 20യുടെ പ്രചാരണം. എന്നാല്‍ രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് കമ്പനി അടിമത്തത്തിലേക്കാണ് കിഴക്കമ്പലം ജനത കാലെടുത്ത് വെച്ചത്. ശമ്പളം വാങ്ങുന്ന പഞ്ചായത്ത് അംഗങ്ങളും കമ്പനിയുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭരണസമിതിയും തുടങ്ങി ട്വന്‍റി 20യുടെ പരിപാടിയില്‍ പങ്കാളിത്തമുള്ളവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നത് വരെ ഈ അടിമത്തത്തിന്‍റെ ഭാഗമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ ഒരു അനുഭാവിക്കു മേല്‍ അടിച്ചേല്‍പ്പിക്കാത്ത നിയന്ത്രണങ്ങളാണ് കമ്പനി അധികാരി ചുമത്തുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയ്ക്ക് പോകരുത്, എന്നാല്‍ തങ്ങള്‍ വിളിക്കുന്ന പരിപാടികളില്‍ ഉണ്ടാവണം. ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകളുമായി ചങ്ങാത്തം പോലും പാടില്ല.

"കമ്പനിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കിഴക്കമ്പലത്തെ ജനത പാര്‍ലമെ‍ന്‍റ് തെരഞ്ഞെടുപ്പിലും മറ്റും വോട്ടു രേഖപ്പെടുത്തുക പോലും ചെയ്യാവൂ. കഴിഞ്ഞ പാര്‍ലമെന്‍റ് തെര‍ഞ്ഞെടുപ്പില്‍ മുതലാളിയുടെ ഇംഗിതത്തിന് വിപരീതമായി വോട്ടു ചെയ്തെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് നല്‍കിയ കാർഡുകള്‍ ബ്ലോക്കു ചെയ്യുകയും ഭക്ഷ്യ സുരക്ഷാമാര്‍ക്കറ്റ് അടച്ചിടുകയും വരെ ചെയ്തു. എന്‍റെ ഉപ്പും ചോറും തിന്ന് എനിക്കെതിരെ തിരിയുന്നു എന്നിങ്ങനെ ചില വാചകങ്ങള്‍ പരസ്യമായി മീറ്റിങ്ങുകളില്‍ പറയുകയും ചെയ്യും," കെവി ജേക്കബ് പറഞ്ഞു.

"വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എംവി ജോര്‍ജ്ജിന്‍റെ മകളുടെ വിവാഹത്തിന് മുതലാളി എത്തുമ്പോള്‍ ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ പന്തലില്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ പുറത്താക്കുക വരെയുണ്ടായി. സിപിഎമ്മുമായി യോജിച്ച് പോകണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലു വര്‍ഗീസിനെയും പുറത്താക്കി. മുതലാളിയുടെ ഇച്ഛയ്ക്കനുസരിച്ചേ പഞ്ചായത്തില്‍ ഒരു റോഡു പോലും പണിയാന്‍ സാധിക്കുകയുള്ളൂ. ആഴ്ച തോറും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുന്ന മീറ്റിങ്ങിലാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ടെന്‍ഡര്‍ വിളിക്കുന്നതും കമ്പനി തന്നെയാണ്" കെവി ജേക്കബ് തുടര്‍ന്നു.

മുതലാളിയെ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ പാടില്ല. ഇത്തരത്തില്‍ നിരന്തരമായുണ്ടായ അസ്വാരസ്യങ്ങള്‍ കാരണമാണ് കെവി ജേക്കബിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കാലാവധി തീരും മുമ്പ് രാജിവെക്കേണ്ടി വന്നത്. "രാജിവെച്ച് പുറത്ത പോയ എനിക്കെതിരെ അഴിമതി ആരോപണങ്ങളും പഞ്ചായത്തംഗത്തെ ജാതിപ്പേര് വിളിച്ചെന്ന് കാട്ടി കള്ളക്കേസുവരെ കൊടുത്തു. എന്നെ തകര്‍ക്കാനും വ്യക്തിഹത്യ നടത്താനുമുള്ള പല കാര്യങ്ങളും ചെയ്തു," ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ വിഡ്ഡികളാക്കുന്ന അരാഷ്ട്രീയത

നിലവിലുള്ള ഭരണക്രമം കുത്തഴിഞ്ഞതും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണെന്നുമുള്ള പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒരു അരാജകത്വ മാനസികസ്ഥിതി ജനിപ്പിക്കുന്നതിനാണ് ട്വന്‍റി 20 ശ്രമിക്കുന്നത്. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും വിമുഖത കാട്ടുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പണം മുടക്കി വിലയ്ക്കു വാങ്ങാവുന്ന നിലയ്ക്ക് ജനാധിപത്യ സ്ഥാപനങ്ങളെ മാറ്റിയെടുക്കുകയാണ് ട്വന്‍റി 20. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ വിജയത്തിന് ഏതാണ്ട് സമാന്തരമായി, കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരി വിപണി മൂല്യനിര്‍ണ്ണയം വളര്‍ന്നതും ഈ കാലയളവില്‍ ട്വന്റി 20 യുടെ നേതാവായിരുന്ന കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആദ്യമായി സമ്പന്നരായ കേരളീയരുടെ പട്ടികയില്‍ പ്രവേശിച്ചതും തള്ളിക്കളയാനാവില്ല.

ഇന്ന് കിറ്റക്സ് ആണെങ്കില്‍ നാളെ അംബാനിയെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ പഞ്ചായത്തുകളും ജില്ലകളും സംസ്ഥാനങ്ങളും എന്തിന് ഇന്ത്യ തന്നെ ഭരിച്ചേക്കാം. കിഴക്കമ്പലത്തിന് പുറത്തേക്ക് ട്വന്‍റി 20യുടെ തന്ത്രങ്ങള്‍ ഫലം കാണുന്നതും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ഇതിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയെന്ന നയമാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. അവര്‍ക്ക് കുടിവെള്ളം വേണം, റോഡുകള്‍ വേണം, കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ വേണം. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലസ് തീയറ്ററുകളുമടങ്ങുന്ന ആഢംബര സംവിധാനങ്ങള്‍ക്കാണ് ഇനി ട്വന്‍റി 20 മുന്‍തൂക്കം നല്‍കുകയെന്ന് സാബു എം ജേക്കബ് പറഞ്ഞു കഴിഞ്ഞു. ഈ വസ്തുതയാണ് ട്വന്‍റി 20 മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപായ സൂചന നല്‍കുന്നുവെന്ന നിഗമനത്തിലെത്തിക്കുന്നത്.

ഇത്തരം കൂട്ടായ്മകളുടെ അരാഷ്ട്രീയ സ്വഭാവത്തെ തുറന്നുകാട്ടുന്നതിനോടൊപ്പം തന്നെ തങ്ങളുടെ നയവ്യതിയാനങ്ങളെപ്പറ്റി ചിന്തിക്കാനും തിരുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായില്ലെങ്കില്‍ കിഴക്കമ്പലങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ട്വന്‍റി 20യുടെയും സമാന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കുകയും ഔദ്യോഗികമായി പരിശോധിക്കപ്പെടുകയും ചെയ്യേണ്ടതിന്‍റെ അനിവാര്യതയാണ് ഇവിടെ തെളിയുന്നത്. അല്ലാത്തപക്ഷം കോര്‍പ്പറേറ്റ് ബുദ്ധികേന്ദ്രങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത വോട്ടാക്കി ജനപ്രതിനിധികളെ വിലയ്ക്കെടുക്കുകയും ഭരണ സംവിധാനങ്ങളില്‍ ഏകാധിപത്യം പുലര്‍ത്തുകയും ജനാധിപത്യ മൂല്യങ്ങള്‍ ജീര്‍ണ്ണിപ്പിക്കുകയും ചെയ്യും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com