വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: യുഡിഎഫിന്റെ ഉപവാസ സമരം രാഷ്ട്രീയ നാടകം: ടി കെ മുരളി-അഭിമുഖം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം:  യുഡിഎഫിന്റെ ഉപവാസ സമരം രാഷ്ട്രീയ നാടകം: ടി കെ മുരളി-അഭിമുഖം

വാമനപുരം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ കുറിച്ചും വാമനപുരം നിയോജക മണ്ഡലത്തിന്റെ എംഎൽഎ ശ്രീ. ടി കെ മുരളിയുമായി അന്വേഷണം ഡോട് കോം നടത്തിയ ഇന്റർവ്യൂ

Q

മുൻ കാലങ്ങളിലെ ജനപ്രതിനിധികളെ അപേക്ഷിച്ച് തന്റെ മണ്ഡലം ഏറ്റവും കൂടുതൽ പ്രാവശ്യം സന്ദർശിച്ച ഒരു ജനപ്രതിനിധി എന്ന് തോന്നുന്ട്ണ്ടോ?

A

ആരുമായിട്ടും താരതമ്യം ചെയ്യാൻ ഞാൻ ആളല്ല. ആവശ്യങ്ങൾക്കെല്ലാം നിരവധി പ്രാവശ്യം നിരന്തരമായി എന്റെ മണ്ഡലം ഞാൻ സന്ദർശിക്കാറുണ്ട്.

Q

തുടർച്ചയായ എൽഡിഎഫ് സ്‌ഥാനാർത്ഥികളുടെ വിജയമാണ് താങ്കളുടെ മണ്ഡലമായ വാമനപുരത്ത് ഉണ്ടായിട്ടുള്ളത്. ഈ വിജയങ്ങൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമിത വിശ്വാസം കൂട്ടുന്നുണ്ടോ?

A

അമിത വിശ്വാസം ഒന്നുമില്ല. ഉറപ്പായും എൽഡിഎഫ് തന്നെ ഇവിടെ ജയിക്കുമെന്നുള്ള ശുഭ പ്രതീക്ഷ ഉണ്ട്.

Q

പാലങ്ങൾ, റോഡുകൾ ,ആശുപത്രിയുടെ വികസനങ്ങൾ, പൊതുകെട്ടിടങ്ങളുടെ വികസനങ്ങൾ ഉൾപ്പടെ ചെറുതും വലുതുമായ നിരവധി വികസനങ്ങൾ. 'വികസന നായകൻ' എന്ന പേരിനർഹനായോ ?

A

അതൊക്കെ നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പക്ഷെ 1000 കോടി രൂപയോളം വരുന്ന വികസന പദ്ധതികൾ ഈ നിയോജക മണ്ഢലത്തിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ള ഒരു ചാരിതാർഥ്യം എനിക്കുണ്ട്. പൊതുവിൽ കേരളത്തിൽ ആകെ വികസന മുന്നേറ്റമാണ്. അതിന്റെ ഭാഗമായി വാമനപുരത്തിനും മുന്നേറാൻ ആയിട്ടുണ്ട്.

Q

വെഞ്ഞാറമൂട് ഇരട്ട കൊലപാത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇപ്പോൾ ഉപവാസ സമരവുമായി രംഗത്ത് വന്നിട്ടുണ്ടല്ലോ? താങ്കൾക്ക് എന്താണ് അതിൽ പറയാനുള്ളത് ?

A

സ്വന്തം കുറ്റബോധം മറക്കാനും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാനും വേണ്ടി നടത്തുന്ന ഒരു രാഷ്ട്രീയ പ്രേരിതമായ സമരമല്ലാതെ മറ്റൊന്നുമല്ല ഇത്. ഈ കൊലപാതകത്തെ സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തി അതിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും അതിന്റെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത് കഴിഞ്ഞിട്ടുണ്ട്. കുറ്റപത്രത്തിൽ നിന്ന് മനസിലാകുന്നത് ഇതിന്റെ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ളതാണ്. ആ രാഷ്ട്രീയ ഗൂഢാലോചനയെ സംബന്ധിച്ച് സ്വാഭാവികമായും വരും കാലങ്ങളിൽ അന്വേഷണം വരും. ഈ അങ്കലാപ്പ് വന്നതോടെയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞ ഒരു കേസ് സിബിഐക്ക് വിടണം എന്ന മുറവിളിയുമായി യുഡിഎഫ് രംഗത്ത് വരുന്നത്.

അടുത്ത കാലത്ത് തെറ്റിദ്ധാരണപരമായ ഒരു വാർത്ത ഒരു പ്രമുഖ പത്രത്തിൽ വന്നു.'ഫോറൻസിക് റിപ്പോർട്ട് പ്രകാരം ഇത് രാഷ്ട്രീയ കൊലപാതകമല്ല. മരണപ്പെട്ടവർ മുഖം മൂടി ധരിച്ചു കൊണ്ടാണ് സംഭവ സ്ഥലത്ത് പോയത്', ഇതൊക്കെ 100 ശതമാനം വ്യാജമായ വാർത്തകളാണ്. ഈ നാട്ടിലെ എല്ലാവർക്കുമറിയാവുന്നതാണ്. കൊലപാതകത്തിന്റെ സന്ദർഭത്തിൽ തന്നെ തെറ്റായ വാർത്തകളും ആരോപണങ്ങളുമായിട്ടാണ് യുഡിഎഫ് ഇതിനെ നേരിട്ടത്. ഇപ്പോൾ കൂടുതലായി ഇവർ പ്രതിക്കൂട്ടിലാകുമെന്ന് കണ്ടപ്പോൾ അതിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയിട്ടുള്ള ഒരു രാഷ്ട്രീയ നാടകമാണ് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ സമരം. സിബിഐയെ യുഡിഎഫിന് ഇത്ര വിശ്വാസം വന്നത് എന്നാണ് എന്നത് ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തുകയാണ്.

Q

മലയോര ഹൈവേയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?

A

മലയോര ഹൈവേ കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റുന്ന ഒരു ദേശീയ പാതയാണ്. അതിൽ ഒരു തർക്കവുമില്ല. അതിന്റെ 28 കിലോമീറ്ററോളം എന്റെ നിയോജക മണ്ഢലത്തിന്റെ മലയോര മേഖലയിലൂടെയാണ് കടന്ന് പോകുന്നത്. പശ്ചിമ ഘട്ടത്തിന്റെ താഴ്വരയിലൂടെ, അത് ഏകദേശം പ്രധാനപ്പെട്ട റീജിയൻ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. പുനർ റീജിയന്റെ പണി കരാർ ആയികൊണ്ടിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ കേരളത്തിൽ മലയോര പാതയെ തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയ വികസന സാധ്യതയാണ് കേരളത്തിന് ലഭ്യമാകുന്നത്. എന്റെ നിയോജക മണ്ഡലത്തിലും അതിന്റെ പ്രയോജനം ലഭിക്കുകയാണ്.

മലയോര ഹൈവേ
മലയോര ഹൈവേ
Q

താങ്കളുടെ മണ്ഡലത്തിലെ യുവാക്കളുടെ സാന്നിധ്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

A

യുവജന സമൂഹം ബഹുഭൂരിപക്ഷവും ഇടത്പക്ഷ മനസുള്ളവരാണ്. ഇടത്പക്ഷത്തോടൊപ്പം നിൽക്കുന്നവരുമാണ്. യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യകം പരിഗണന കൊടുക്കുവാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു ഗവണ്മെന്റാണിത്. ഈ മണ്ഢലത്തിലും അവരുടെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കും. എന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ, മാനിഫെസ്റ്റോ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് ടർഫുകൾ സ്ഥാപിക്കണമെന്നും യുവജന സങ്കേതങ്ങൾ രൂപീകരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.

Q

സ്ത്രീകളുടെ ഉന്നമനത്തിനായി തൊഴിൽപരമായി എന്തെങ്കിലും വികസനം താങ്കളുടെ മണ്ഡലത്തിൽ ചെയ്യണമെന്നുള്ള ഒരു ആഗ്രഹമുണ്ടോ?

A

തീർച്ചയായും. കുടുംബസ്‌ത്രീ മുഖാന്തരം സ്ത്രീ ശാക്തീകരണത്തിന് വഴി തെളിയിക്കാനാകും. വാമനപുരം ബ്ലോക്കിന് സൂഷ്മ സംരഭങ്ങൾ തുടങ്ങുന്നതിനു ആവശ്യമായ പദ്ധതി ആവിഷ്കരിച്ച് മുൻപോട്ടു പോകുകയാണ്. സിഡി പദ്ധതി നടപ്പിലാക്കിയ ഒരു ബ്ലോക്ക് പഞ്ചായത്താണ്. സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് വേണ്ടി എല്ലാ മുൻഗണയും ഇതുവരെ നൽകിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ പദ്ധതികൾ ഞങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും.

Q

തുടർന്നും അധികാരത്തിൽ വന്നാൽ മണ്ഡലത്തിൽ ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന വികസനങ്ങൾ എന്തൊക്കെയാണ്?

A

എംഎൽഎ സ്ഥാനം ഉറപ്പാണ് എന്നുള്ളതിനോട് ഞാൻ പ്രതികരിക്കുന്നില്ല. അത് തീരുമാനമൊന്നും വന്നിട്ടില്ല. പാർട്ടിയും മുന്നണിയും പറയുന്നത് അനുസരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ എല്ലാം രാഷ്ട്രീയ ശീലം. എൽഡിഎഫിന് ഈ മണ്ഡലത്തിൽ ഇനിയും കുറെയധികം കാര്യങ്ങൾ ചെയ്യനാമെന്നാഗ്രഹമുണ്ട്. ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 1000 കോടിയോളം രൂപയുടെ വികസന പദ്ധതികൾ കൊണ്ടുവരാനും അതിൽ തന്നെ ചിലതൊക്കെ പൂർത്തീകരിക്കാൻ ഉണ്ട്. വെഞ്ഞാറമൂട് ഫ്‌ളൈഓവർ , അതിന്റെ കരാർ വരെ ആയി നിൽക്കുകയാണ്. പക്ഷെ അത് തുടങ്ങാൻ ചില തടസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് നമുക്ക് പൂർത്തീകരിച്ച് എടുക്കാനാകണം. അത്പോലെ ഒരുപാടു സ്ഥാപനങ്ങൾ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ചില സ്ഥാപനങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ പാലോട് അനുവദിച്ചിട്ടുണ്ട്, അത് പൂർത്തീകരിക്കണം. വെഞ്ഞാറമൂട് കേന്ദ്രമാക്കി ഒരു

ഡിവൈഎസ്പി ഓഫീസ് കൊണ്ടുവരണം, പനവൂർ കേന്ദ്രമാക്കി ഒരു പോലീസ് സ്റ്റേഷൻ കൊണ്ടുവരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് പോലെ യുവജനങ്ങളെ സഹായിക്കുന്ന ഒരു പദ്ധതി എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് ടർഫുകൽ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയാണ്.

വാമനപുരം നദിയുടെ ഇരു തീരങ്ങളിലുമാണ് എന്റെ നിയോജക മണ്ഡലം. യഥാർത്ഥത്തിൽ വാമനപുരം നദിയാണ് ഈ നിയോജക മണ്ഡലത്തിലെ സംസ്കാരം വളർത്തിയെടുത്തത്. അതിനെ ആശ്രയിച്ചാണ് കൃഷിയും മറ്റ് അനുബന്ധ ജോലികളും എല്ലാം പണ്ടുമുതലേ ചെയ്തു വരുന്നത്. ആ നദിയിൽ നിന്ന് ചില ശുദ്ധജല പദ്ധതികൽ ഉണ്ട്. കൃഷിക്കാവശ്യമായ ജലശേഖരം നടത്തുന്നതുമൊക്കെ മുൻപ് അതിൽ നിന്നായിരുന്നു. അത് സംബന്ധിച്ച് ഒരു സമഗ്രമായ പുനരുദ്ധാരണം ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്ത സ്ഥാപനമായ ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ചില പഠനങ്ങൾ നടത്തിയിട്ടുണ്ട്. മറ്റു ചിലരും ഇത് സംബന്ധിച്ച് ചില പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇവരെയെല്ലാം സംയോജിപ്പിച്ച് കൊണ്ട് ഒരു ജനകീയ പദ്ധതിയായി വാമനപുരം നദിയുടെ പുനരുദ്ധാരണം . ഇതിൽ എല്ലാം ഉൾപെടും ,കുടിവെള്ള ലഭ്യത,ജലസേചന സൗകര്യങ്ങൾ സൃഷ്ടിക്കൽ ഇതെല്ലം അടങ്ങുന്ന ഒരു സമഗ്ര പദ്ധതി വലിയ ജനപങ്കാളിത്തത്തോടെ ആവിഷ്കരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഇതൊരു ഗ്രാമീണ മലയോര മേഖലയാണ്. ചില പദ്ധതികൾക്കെല്ലാം തുടക്കമിട്ടു കഴിഞ്ഞു. അതെല്ലാം പൂർത്തിയാക്കി എടുക്കണം. സമ്പൂർണ കുടിവെള്ള മണ്ഡലമാക്കി മാറ്റാനാകണം. ഇപ്പോൾ അതിൽ ഒരുപാടു പുരോഗതി വന്നിട്ടുണ്ട്. വേനൽ വന്നാലും കുടിവെള്ള ക്ഷാമം ഇല്ലാത്ത തരത്തിൽ ജല സംരക്ഷണം നടപ്പിലാക്കണം എന്നൊക്കെ ഉള്ളത് എന്റെ ആഗ്രഹങ്ങളാണ്.

Q

റോഡ് പണിയുടെ വികസനവുമായി ബന്ധപ്പെട്ട് ചെറിയ ആരോപണങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുന്നത്?

A

പ്രധാനപ്പെട്ട രണ്ടു റോഡുകൾ ഞാൻ എന്റെ ആദ്യത്തെ ബഡ്ജറ്റിൽ കിഫ്‌ബി സഹായത്തോടു കൂടി കൊണ്ടുവന്നതാണ്. രണ്ടു റോഡുകളും ഒരു കരാറുകാരനാണ് എടുത്തത്. കരാറുകാരൻ അതിൽ വലിയ തോതിൽ കാല താമസം വരുത്തി. വലിയ സമമർദ്ദവും മീറ്റിംഗുകളുമൊക്കെ അതിനു വേണ്ടി വന്നിട്ടുണ്ട്. മന്ത്രിതലത്തിലും കിഫ്‌ബി ഉദോഗസ്ഥമാരുടെ തലത്തിലും അല്ലാതെയുമൊക്കെ നിരന്തരമായ സമ്മർദ്ദം ചെലുത്തിക്കൊണ്ടാണ് ആ റോഡ് പൂർത്തീകരണത്തിലേക്ക് എത്തുന്നത്. അതിൽ രാഷ്ട്രീയ പ്രേരിതമായ ആരോപണം വെയ്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിട്ടുണ്ട്. പക്ഷെ അത് വളരെ കുറവാണ്. ആളുകൾക്കെല്ലാം കാര്യങ്ങൾ മനസിലാകുന്നതാണ്. ആ റോഡ് പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ജനങ്ങൾക്ക് ആ കാര്യത്തിൽ ഒരു സംശയം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ ബാധിക്കുന്ന ആരോപണങ്ങൾ വെയ്ക്കണ്ട കാര്യമില്ല. ഞാൻ അക്കാര്യത്തിൽ വളരെ ആത്മാർഥമായി അത് ചെയ്യിപ്പിച്ച് എടുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ തുടക്കം മുതൽ ഇതുവരെയും നടത്തിക്കൊണ്ടിരിക്കുന്നത്.

Q

'അഭിഭാഷകനിൽ നിന്ന് ജനപ്രതിനിധി' ഏതാണ് കൂടുതൽ ഇഷ്ട്പെട്ട വേഷം?

A

രണ്ടു തരത്തിലുള്ള ജോലിയാണ്. ഞാൻ അഭിഭാഷകൻ ആയിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തകനാണ്. ജനപ്രതിനിധി എന്ന നിലയിൽ ഞാൻ കാണുന്നത് എന്റെ പൊതുപ്രവർത്തനത്തിന്റെ തുടർച്ച എന്ന നിലയിലാണ്. പാർട്ടിയും മുന്നണിയും ജനങ്ങളും എന്നെ ഏല്പിച്ച ഉത്തരവാദിത്തം അത് ഭംഗിയായി നിർവഹിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രയത്നമാണ് ഞാൻ നടത്തി കൊണ്ടിരിക്കുന്നത്. രണ്ടു ജോലികളും എന്നെ സംബന്ധിച്ചടുത്തോളം എന്റെ മനസിന് ഇഷ്ടപെട്ടതാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com