മാറുന്ന സിനിമയും തമാശകളും... 

നവാഗത സംവിധായകന്‍ അഷ്‌റഫ് ഹംസ സംസാരിക്കുന്നു.
മാറുന്ന സിനിമയും തമാശകളും... 

തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ ന്യൂജനറേഷന്‍ സിനിമ ചര്‍ച്ചകളുടെ ഫ്രെയിമില്‍ സജീവമായ മുഖമാണ് അഷ്റഫ് ഹംസ. പൊന്നാനിക്കാരനായ ഈ സിനിമപ്രേമി തമാശ എന്ന ചലച്ചിത്രത്തിലൂടെ ഗൗരവമേറിയ ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെയാണ് അഭ്രപാളിയിലെത്തിച്ചത്. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒരു ഫീച്ചര്‍ ഫിലിം സംവിധായകനാകുമ്പോള്‍, സര്‍വ്വ പിന്തുണയും നല്‍കി കൂടെ നിന്ന സുഹൃത്തുക്കളാണ് അഷ്റഫിന്‍റെ ബലം. നവാഗതരുടെ സിനിമ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്ന ഈ കോവിഡ് കാലത്ത് സംഘടനകളുടെ അനാവശ്യ വാശികളിലും പുതിയ വിവാദങ്ങളിലും നിലപാട് വ്യക്തമാക്കി അഷ്റഫ് ഹംസ ചേരുന്നു...

സിനിമ എപ്പോഴാണ് കൂടെ കൂടിയത്?

കുട്ടിക്കാലം മുതലേ സിനിമ കൂടെതന്നെയുണ്ട്, കാരണം മറ്റൊന്നുമല്ല വാപ്പയ്ക്ക് പൊന്നാനിയിലൊരു തിയറ്ററുണ്ട്, അലങ്കാര്‍. കൂടെ ചില സിനിമകള്‍ നിര്‍മ്മിക്കുകയും, വിതരണം ചെയ്യുകയും ഒക്കെയുണ്ടായിട്ടുണ്ട്. അപ്പോള്‍ സിനിമയുടെ പോസ്റ്ററുകളും വിശേഷങ്ങളുമൊക്കെയായി സിനിമയ്ക്കകത്ത് തന്നെയാണ് ഞാന്‍ വളരുന്നതും. അങ്ങനെ വരുമ്പോള്‍ സിനിമ മോഹം ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. കുട്ടിക്കാലത്തൊക്കെ അവധിക്കാലങ്ങളില്‍ തിയറ്ററില്‍ തന്നെയായിരിക്കും ഞാന്‍. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണും. ചിലപ്പോള്‍ വെളിയിലിരുന്ന് സൗണ്ട് ട്രാക്ക് കേള്‍ക്കും. എന്നിട്ട് സീനുകളും സാഹചര്യങ്ങളും മനസ്സില്‍ നടന്നിരുന്നത്. പക്ഷെ സിനിമയോടുള്ള മോഹം എന്നും ഉള്ളിലുണ്ടായിരുന്നു. ബാക്കി സംഭവിച്ചതൊക്കെ സൗഹൃദങ്ങളുടെ പുറത്താണ്.

സുഹൃദ് ബന്ധങ്ങള്‍ എങ്ങനെയാണ് സിനിമ മോഹത്തെ സ്വാധീനിച്ചത്?

കൂട്ടുകാരില്‍ ഒരാള്‍ പുതുതായി ഒരു ക്യാമറ വാങ്ങിയപ്പോഴാണ് ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. യുപി ജയരാജിന്‍റെ ബീഹാര്‍ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു എന്‍റെ ആദ്യത്തെ ഷോ‍ട്ട് ഫിലിം. ചെറിയ ബഡ്ജറ്റില്‍ സുഹൃത്തുക്കള്‍ തന്നെ അഭിനയം, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. സുഹൃത്ത് വലയത്തിനുള്ളില്‍ തന്നെയാണ് ഡോക്യുമെന്‍ററികളും ഉണ്ടാകുന്നത്. പിന്നീട് ചില പരസ്യചിത്രങ്ങള്‍ ചെയ്തു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അങ്ങനെയൊക്കെയാണ് സിനിമയില്‍ ചില ചങ്ങാത്തങ്ങളുണ്ടാകുന്നത്. മുഹ്സിന്‍ പരാരി, സക്കരിയ തുടങ്ങി മലപ്പുറത്തുകാരായ ചില സിനിമക്കാരുമായി നല്ല ബന്ധങ്ങളുണ്ടായി. കെഎല്‍10 പത്ത് എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച് ഒരു സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്യാന്‍ മുഹ്സിന്‍ എന്നെ സമീപിച്ചു. അങ്ങനെയാണ് ഞാന്‍ എറണാകുളത്തേക്ക് ചെല്ലുന്നത്. ആ വഴിക്കാണ് സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുമായി സൗഹൃദത്തിലാകുന്നതും 'തമാശ' യുണ്ടാകുന്നതും.

സിനിമയില്‍ സൗഹൃദം എത്രത്തോളം പ്രാധാന്യമുള്ള ഘടകമാണ്?

സൗഹൃദത്തിലൂടെയാണ് സിനിമയുണ്ടാകുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മുഹ്സിന്‍ എന്നെ കൂടെ കൂട്ടുന്നതും ഒരു സ്ക്രിപ്റ്റ് എഴുതാന്‍ സ്വാതന്ത്ര്യം തരുന്നതും സൗഹൃദത്തിന്‍റെ പുറത്താണ്. ആ സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടാണ് സിനിമ മേഖലയില്‍ കുറേ പേരെ പരിചയപ്പെടാനും, ഇന്‍ഡസ്ട്രിയെക്കുറിച്ച് കൂടുതലറിയാനും പറ്റുന്നത്. ആ സമയത്ത് ഞാന്‍ സ്വയം ചെയ്യാനായി തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റുണ്ടായിരുന്നു. അതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചെമ്പന്‍ വിനോദ് ജോസിനെയായിരുന്നു തീരുമാനിച്ചിരുന്നത്. അതിന്‍റെ കഥ പറയാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് പോയപ്പോഴാണ് 'ഒന്‍ഡ്രു മൊട്ടക്കഥൈ' എന്ന കന്നട സിനിമയെക്കുറിച്ചും അതിന്‍റെ റീമേക്ക് സാധ്യതകളെക്കുറിച്ചും എന്നോട് പറയുന്നത്. ആ സിനിമയെ എന്‍റെതായ രീതിയില്‍ സമീപിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും തരികയും ചെയ്തു. സിനിമയെക്കുറിച്ച് സമീര്‍ താഹിറുമായി ചര്‍ച്ചകളുണ്ടായപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു, ഞാന്‍ ക്യാമറ ചെയ്യട്ടേ എന്ന്... എനിക്കറിയാം അദ്ദേഹം എല്ലാ സിനിമകളും ഏറ്റെടുക്കുന്ന വ്യക്തിയല്ല എന്നത്. എന്നോടുള്ള സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും പുറത്താണ് അങ്ങനെ ചോദിച്ചതും കൂടെ നിന്നതും. പിന്നെ ചെമ്പന്‍, ലിജോ, ഷൈജു ഖാലിദ്, എന്നിവര്‍ക്കൊപ്പം സമീറും പ്രൊഡക്ഷനുമായി സഹകരിച്ചു. സിനിമയ്ക്ക് പാട്ടെഴുതാന്‍ മുഹ്സിനോട് ഞാന്‍ ആവശ്യപ്പെടുന്നത് അദ്ദേഹം നന്നായി കവിതയെഴുതും എന്നെനിക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവരെ കൂടാതെ സക്കരിയ, ഖാലിദ് റഹ്മാന്‍ തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് തമാശയുടെ വിജയം. എല്ലാം സൗഹൃദം കൊണ്ട് സംഭവിച്ചതാണ്.

അഷ്റഫ് ഹംസ തമാശയ്ക്ക് മുന്‍പും ശേഷവും?

സത്യത്തില്‍ ഇത്രവലിയ ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാനായിട്ടില്ല...ഒരുപാട് നല്ല അഭിപ്രായങ്ങളും പ്രശംസകളും കിട്ടി. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നിലെ സിനിമ മോഹത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. ഇപ്പൊ എല്ലാര്‍ക്കും ബോധ്യപ്പെട്ടു. സാധാരണയില്‍ സാധാരണമായ എന്‍റെ ജീവിതത്തിലെ ചില ദിവസങ്ങളില്‍ ഇതുപോലെ ഇന്‍റര്‍വ്യൂ കോളുകള്‍ വരുന്നു എന്നതാണ് മറ്റൊരു വ്യത്യാസം.

തമാശ സിനിമയുടെ ലൊക്കേഷന്‍.
തമാശ സിനിമയുടെ ലൊക്കേഷന്‍.

"മലയാള സിനിമയും താരസങ്കല്‍പ്പങ്ങളും"- തമാശ എന്ന ചിത്രത്തിന്‍റെ വെളിച്ചത്തില്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

വ്യവസായം എന്ന അര്‍ത്ഥത്തില്‍ സിനിമയില്‍ ഒരു താരമുണ്ടാകുന്നത് വളരെ നല്ലതാണ്. പക്ഷെ അതെസമയം, ഉറച്ചു പോയ ഒരു നായക പൊതുബോധമുണ്ട് ഇന്ത്യന്‍ സിനിമകള്‍ക്ക്. അത് ബ്രാഹ്മണിക്കലായ ഒരു ചിന്താഗതിയാണ്. നന്മ, തിന്മ എന്നിവ കൃത്യമായ അളവില്‍ വേര്‍തിരിച്ചെടുത്തിട്ടുള്ള ഒരു സങ്കല്‍പ്പമാണത്. സുന്ദരന്‍, സുമുഖന്‍ എന്നീ ഘടകങ്ങളെ പൊളിച്ചടുക്കി ഒരു സിനിമ വരുമ്പോള്‍ അത് സ്വീകരിക്കപ്പെടണം. അപ്പോഴാണ് ഉയര്‍ന്ന ആസ്വാദന നിലവാരമുള്ള കാണികള്‍ നമുക്കുണ്ടാകുന്നത്. അപ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. തമാശ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ച് പറയുകയാണെങ്കില്‍ ആ സിനിമ അത് ഡിമാന്‍റ് ചെയ്തതാണ്. നാളെ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യേണ്ട ഒരു കഥാപാത്രം വരുമ്പോള്‍ അത് അദ്ദേഹത്തെ വച്ച് തന്നെ ചെയ്യണം.

മറ്റ് പല തൊഴില്‍ മേഖലകളെയും പോലെ വളരെ പ്രതിസന്ധിയിലാണ് സിനിമ മേഖലയും കടന്നുപോകുന്നത്. താങ്കളെ പോലുള്ള നവാഗതരുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കില്ലേ?

ഉറപ്പായിട്ടും. പട്ടിണിക്കാലത്ത് ജനങ്ങള്‍ക്ക് സര്‍ഗാത്മകത എത്രത്തോളം ആവശ്യമാണെന്നത് വളരെ വലിയ ചോദ്യമാണ്. അതുകൊണ്ട് തന്നെ കലാകാരന്‍മാരും കലയും ഈ പ്രതിസന്ധിഘട്ടത്തില്‍ അവസാനത്തെ ഓപ്ഷനാണ്. അതിനു മുമ്പേ അടിസ്ഥാനപരമായ ഒരുപാട് ആവശ്യങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. അങ്ങനെ വരുമ്പോള്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധിക്ക് ഒരു അവസാനം എപ്പോഴുണ്ടാകുമെന്ന് കാത്തിരിക്കേണ്ടിവരും. യാതൊരുവിധ ആശങ്കയുമില്ലാതെ ജനക്കൂട്ടം തിയറ്ററിലേക്ക് ഇടിച്ചുകയറുന്ന ഘട്ടം വരെ വളരെ പരിമിതമായ രീതിയിലായിരിക്കും സിനിമ നിര്‍മ്മിക്കപ്പെടുന്നത്. അതിനകത്ത് പോപ്പുലറായ കലാകാരന്മാരും സാങ്കേതിക വിദഗ്ദരും മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. നവാഗതര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

പാരമ്പര്യ തിയറ്റര്‍ റിലീസുകളില്‍ നിന്ന് മാറി ഡിജിറ്റല്‍ റിലീസുകളുടെ കാലമാണിത്. മാറുന്ന സിനിമ മേഖലയെ എങ്ങനെ സമീപിക്കുന്നു?

പാരമ്പര്യ റിലീസായാലും ഡിജിറ്റല്‍ റിലീസായാലും സിനിമ പ്രേക്ഷകരിലേക്ക് എത്തണം, ആളുകള്‍ കാണണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ ചില സിനിമകള്‍ തിയറ്ററില്‍ തന്നെ കാണുമ്പോഴാണ് അത് പൂര്‍ണ്ണമായും പ്രേക്ഷകരിലേക്കെത്തുന്നത്. അങ്ങനെ ആഗ്രഹിക്കുന്ന സംവിധായകരെയും നിര്‍മ്മാതാക്കളെയും ഈ മാറ്റം നിരാശപ്പെടുത്തും. തിയറ്ററില്‍ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ആര്‍പ്പുവിളികളും പ്രോത്സാഹനവുമൊക്കെയായി സിനിമ കാണുന്ന പ്രതീതി വേറെ തന്നെയാണ്. ആ കാലം നഷ്ടപ്പെടാതെ തിരിച്ചുവരുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഭൂരിഭാഗം ആളുകളും അതിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന സിനിമകളുടെ വിജയം താരമൂല്യം, സംവിധായകന്‍റെ പ്രാമുഖ്യം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇത് പുതുമുഖങ്ങള്‍ക്കും, താരങ്ങളില്ലാത്ത നല്ല സിനിമകള്‍ക്കും തിരിച്ചടിയാകുമോ?

ഏത് സിനിമ കാണണമെന്ന ഓരോരുത്തരുടെയും ചോയ്സിനാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രാധാന്യം. കുറച്ചു കൂടി ആഴത്തില്‍ സിനിമയെ സമീപിക്കുന്നവരായിരിക്കും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നത്. അവരുടെ ചോയ്സ് വെറും താരനിബിഡമായ സിനിമകളായിരിക്കില്ല. മികച്ച സിനിമകള്‍ എങ്ങനെ കാണുമെന്നതായിരിക്കും. അപ്പോള്‍ മികച്ച സിനിമകള്‍ ഉണ്ടാകണം. അതായത് നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് മാത്രമേ ഒടിടിക്കകത്ത് നിലനില്‍പ്പുള്ളൂ എന്ന് സാരം. കാരണം, ചെറിയ തിയറ്റര്‍ സ്പെയ്സില്‍ നിന്ന് ലോക സിനിമകളുടെയിടയിലേക്കാണ് നമ്മള്‍ കയറിച്ചെല്ലുന്നത്. അങ്ങനെയെങ്കില്‍ അത് വളരെ നല്ല മാറ്റമായിരിക്കും.

ഒടിടി റിലീസുകളെ പിന്തുണയ്ക്കില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം. എന്നാല്‍ ടൊവിനോ ചിത്രവുമായി ബന്ധപ്പെട്ട പൈറസി വിവാദങ്ങളും, സംഘടനയുടെ തീരുമാനത്തിലുള്ള ഇരട്ടത്താപ്പും എങ്ങനെ നോക്കിക്കാണുന്നു?

കാശുമുടക്കി ഒരു സിനിമ ചെയ്യുന്ന നിര്‍മ്മാതാവിനോ സംവിധായകനോ ഇല്ലാത്ത പ്രശ്നമെന്തിനാണ് മറ്റുള്ളവര്‍ക്ക്. ഒരു സിനിമ ഡിജിറ്റലായോ അല്ലാതെയോ ഇറക്കി അവര്‍ കാശുണ്ടാക്കിക്കോട്ടേ. അത് അവരുടെ അവകാശമല്ലേ. സിനിമയ്ക്ക് കാണികളുണ്ടാവുക എന്നതാണല്ലോ പ്രാധാന്യം. തിയറ്റര്‍ റിലീസുകള്‍ ഇപ്പോള്‍ പ്രായോഗികമല്ലാത്ത സാഹചര്യത്തില്‍ അനാവശ്യ വാശികളെന്തിനാണ്. കിലോമീറ്റേര്‍സ് ആന്‍റ് കിലോമീറ്റേര്‍സ് എന്ന ചിത്രം ആന്‍റോ ജോസഫ് ഒടിടി പ്ലാറ്റ്‌ഫോമിലോ മറ്റ് മാധ്യമങ്ങളിലോ റിലീസ് ചെയ്തോട്ടെ. പക്ഷെ അത് മാത്രം റിലീസ് ചെയ്താല്‍ മതി മറ്റുള്ളത് പാടില്ല എന്ന് പറയുന്നത് ഇരട്ടനീതിതന്നെയാണ്.

കേരള ഗവണ്‍മെന്‍റിനു കീഴില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയുമൊക്കെയുള്ളപ്പോള്‍ ഫിലിം ചേമ്പര്‍ പോലുള്ള സ്വകാര്യ ഏജന്‍സികള്‍ കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് തങ്ങളാണ് സിനിമയുടെ കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിക്കുന്നതെന്ന് പറയുന്നു. ഇതിനെ എങ്ങനെ സമീപിക്കുന്നു?

ചില മണ്ടന്‍ ഇടപെടലുകള്‍ എന്നെ ബാധിക്കുന്നേ ഇല്ല. എന്നാല്‍ സിനിമ വിപണി ചെറുതാകുമ്പോള്‍ താരങ്ങളും സിനിമ പ്രവര്‍ത്തകരും പ്രതിഫലം കുറച്ചാല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. അത്യാവശ്യമായ ഇത്തരം നടപടികള്‍ ഉണ്ടാകണം. എന്നാലേ സിനിമ നിലനിര്‍ത്താനാകൂ. മിക്കവരും അതിന് സന്നദ്ധരാകുന്നവര്‍ തന്നെയാണ്. പക്ഷെ അനാവശ്യ ഇടപെടലുകളും നിര്‍ദ്ദേശങ്ങളുമാണ് അംഗീകരിക്കാനാവാത്തത്.

സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിന്‍റെ രാഷ്ട്രീയ തലങ്ങളെയും സംവിധായകന്‍റെയും നിര്‍മ്മാതാവിന്‍റെയും തിരക്കഥാകൃത്തിന്‍റെയും സാമൂഹിക ഇടപെടലുകളെയും ചര്‍ച്ചാവിഷയമാക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഈ ബാഹ്യ ഇടപെടലുകള്‍ നല്ല കലാസൃഷ്ടിക്ക് ഭീഷണിയാകുന്നുണ്ടോ?

ഓരോരുത്തരുടെയും വ്യക്തി ജീവിതത്തില്‍ തന്നെ രാഷ്ട്രീയമില്ലേ. ഒരു പുരുഷന്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു, സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറുന്നു, സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു, അദ്ദേഹത്തിന്‍റെ നിലപാടുകളെന്താണ്. ഇങ്ങനെ ഓരോ തരത്തിലും അയാളുടെ ഉള്ളിലെ രാഷ്ട്രീയം അയാളെ സ്വാധീനിക്കുന്നുണ്ട്. അത്തരം രാഷ്ട്രീയ നിലപാടുകള്‍ സിനിമയിലും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ക്ക് പോലും ഒരു രാഷ്ട്രീയമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് അളവു വരെയെന്നത് ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു സിനിമയും ഒരു കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിനെ തടസ്സപ്പെടത്തുക, അതിന് നേരെ കല്ലെറിയുക എന്നത് വളരെ മോശം ഇടപാടായിട്ടാണ് ഞാന്‍ കാണുന്നത്.

കോവി‍ഡ് പ്രതിസന്ധിഘട്ടത്തില്‍ സിനിമ മേഖലയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാള സിനിമയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് എങ്ങനെയാണ് പിന്തുണ ലഭിക്കേണ്ടത്?

സര്‍ക്കാരിലും അവര്‍ തരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളിലും വിശ്വസിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്ന് നിരന്തരം പറയുന്നതിന്‍റെ അര്‍ത്ഥം രണ്ട് വ്യക്തികള്‍ക്കു നടുവില്‍ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് തന്നെയാണ്. അങ്ങനെ വരുമ്പോള്‍ സിനിമ തിയറ്റര്‍ തുറക്കുക എന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. അതുകൊണ്ട് അനുകൂല സാഹചര്യമുണ്ടാകുന്നത് വരെ പ്രതീക്ഷ കൈവിടാതെ തുടരുക. പ്രോട്ടോകോള്‍ അനസരിച്ച് ഷൂട്ട് ചെയ്യുകയും നിലവിലുള്ള സാധ്യതകള്‍ ഉപയോഗിക്കാന്‍ ധൈര്യപ്പെടുകയുമാണ് പ്രധാനം.

ആദ്യ സിനിമയെക്കാള്‍ അഭിനന്ദനാര്‍ഹമായ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടോ? എന്തൊക്കെയാണ് പുതിയ പ്രൊജക്ടുകള്‍?

ഉറപ്പായും. ഒരു തകര്‍പ്പന്‍ ചിത്രവുമായി തിരിച്ചുവരും. ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഞാന്‍ കണ്ടതും കേട്ടതുമായ അനുഭവസാഹചര്യങ്ങളാണ് സിനിമയായി ഭവിക്കുന്നത്. ഒന്നു രണ്ട് ആലോചനകള്‍ നടക്കുന്നുണ്ട്. എഴുത്തിലേക്ക് കടന്നിട്ടില്ല. ചെമ്പന്‍ വിനോദ് ജോസ് സ്ക്രിപ്റ്റ് തയ്യാറാക്കിയ സിനിമയാണ് അടുത്ത പ്രൊജക്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ചിത്രീകരണം എപ്പോള്‍ എങ്ങനെ എന്നുള്ളതില്‍ തീരുമാനമായിട്ടില്ല. എന്നാലും വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com