ജീവിതവും വിശപ്പുമാണ് ഘടകം; എ എ റഹിം

ജീവിതവും വിശപ്പുമാണ് ഘടകം; 
എ എ റഹിം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്ന വേളയിൽ ഡിവൈഎഫ്ഐയുടെ പ്രതീക്ഷകളെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ യുവജന നേതാവുമായ എ എ റഹീമുമായി അന്വേഷണം ഡോട് കോം നടത്തിയ അഭിമുഖം

Q

തുടര്ഭരണം ആണ് വരുന്നതെങ്കിൽ അനുരഞ്ജന നിലപാട് തന്നെയാകുമോ ഇനിയും ഡിവൈഎഫ്ഐ സ്വീകരിക്കുന്നത്?


A

ഡിവൈഎഫ്ഐ പ്രേത്യകിച്ച് എവിടെയും അനുരഞ്ജന നിലപാട് എടുത്തിട്ടില്ല. ഡിവൈഎഫ്ഐ ഓരോ ഘട്ടത്തിലും യുവ ജനങ്ങളുടെ പ്രശ്നം സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്താറുണ്ട്. അത് യുഡിഎഫ് ആകുമ്പോഴും ശരി എൽഡിഎഫ് ആകുമ്പോഴും ശരി. അതിൽ യുഡിഎഫ് മുഖം തിരിഞ്ഞു നിൽക്കാറുണ്ട്. എൽഡിഎഫ് അതിനോട് ഡിവൈഎഫ്ഐ ആശിക്കുന്ന നിലയിൽ പ്രവർത്തിക്കാറുണ്ട്. മുൻ കാലങ്ങളിൽ ഡിവൈഎഫ്ഐ ഈ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തും. സര്ക്കാർ അത് ചെയ്യാതിരിക്കുമ്പോൾ പ്രക്ഷോഭ മുഖത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴതിന്റെ ആവശ്യം വന്നിട്ടില്ല.

ഉദാഹരണത്തിന്, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ക്ഷേമനിധി ഏർപ്പെടുത്തണം. ഡിവൈഎഫ്ഐയുടെ ആവശ്യമായിരുന്നു അത്. ഐടി മേഖലയിൽ പ്രവൃത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങളും ആളുകളും ആവശ്യപ്പെട്ടൊരു കാര്യമാണ്. ഡിവൈഎഫ്ഐ എന്തായാലും ഇക്കാര്യം ആവശ്യപെട്ടിട്ടുണ്ട്. അത് ഇപ്പോൾ അംഗീകരിച്ചു. അത് പോലെ പിഎസ് സി റാങ്കു ലിസ്റ്റുകളുടെ വിഷയം വന്നപ്പോൾ ചില കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടതുണ്ട്. അത് സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തി. സർക്കാർ അത് നീട്ടി. ഒരാവശ്യം ക്രിയാത്മകമായി മുന്നോട്ടു വെയ്ക്കുന്നു. ഇപ്പോൾ നിയമനങ്ങൾ വൈകി പോകുന്ന ഒരു സമയം ഉണ്ടായിരുന്നു. നിയമനങ്ങൾ വൈകിപോകുന്നതിന്റെ അടിസ്ഥാനപരമായ ഒരു കാരണം മുകൾ തട്ടിൽ നിൽക്കുന്ന കേസുകളായിരുന്നു. അത് എല്ലാകാലത്തും ഉള്ള ഒരു പ്രശ്നമായിരുന്നു. ആ പ്രശ്നം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സർക്കാരിന്റെ ശ്രെദ്ധയിൽപെടുത്തി. സർക്കാർ അത് വളരെ കാര്യക്ഷമമായി നടപ്പിലാക്കി. പിഎസ് സിക്ക് വിട്ട സ്ഥാപനങ്ങളുടെ നിയമനങ്ങൾ അടിയന്തരമായി പിഎസ് സി വഴി തന്നെ നടപ്പിലാക്കാൻ കഴിയുന്ന വിധമുള്ള പ്രേത്യക ചട്ടങ്ങൾ ഉണ്ടാക്കാൻ വൈകിപോകുന്ന സാഹചര്യം ഉണ്ടായിരുന്നു. അടിയന്തരമായി തന്നെ അത് സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തി. സർക്കാർ അത് ചെയ്തു. മുൻകാലങ്ങളിൽ സർക്കാർ അനുകൂലമായി ചെയ്യാതിരിക്കുമ്പോൾ നമുക്ക് കൂടുതൽ ഒച്ച വെയ്‌ക്കുകയും സമരം ചെയ്യേണ്ടി വരും. ഇത് അതല്ല, സർക്കാരിന്റെ ശ്രെദ്ധയിൽ വരുന്ന കാര്യങ്ങൾ സർക്കാർ ക്രിയാത്മകമായി ഉദ്യോഗാര്ഥികള്ക്കായി വേണ്ടി ചെയ്യുന്നു, യുവജനങ്ങൾക്ക് വേണ്ടി ചെയ്യുന്നു. യുവജനങ്ങളുടെ സർക്കാരാണിത്.

സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിൽ വന്ൻ സൂപ്പർ ഫാബ് ലാബ് സ്റ്റാർട്ടപ്പുകളുടെ വികാസത്തിൽ വലിയൊരു സ്വാധീനം ചെലുത്തിയ കാര്യമാണ്. ന്യൂജനറേഷനു ആവശ്യമായ പുതിയ പുതിയ കാര്യങ്ങൾ വളരെ ക്രിയാത്മകയി ചെയ്തുകൊണ്ടിരുന്ന സർക്കാരാണിത്. എല്ലാ കാലത്തും അതെ ,യുഡിഎഫിനോട് ഞങ്ങൾ ആവശ്യപ്പെടും. യുഡിഎഫ് അത് ചെയ്യാതിരിക്കുമ്പോഴാണ് ഞങ്ങൾക്ക് അന്ന് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. ഇത് സർക്കാർ തന്നെ ചെയ്യുക ആണ്. ഞങ്ങൾ ആവശ്യപെടുന്നു, ഈ സർക്കാർ അത് ചെയ്യുന്നു. നിരവധി കാര്യങ്ങൾ നമ്മൾ ആവശ്യപ്പെടാതെ തന്നെ ചെയ്യുന്നു.

ഡിവൈഎഫ്ഐ എപ്പോഴും കേരളത്തിന്റെ സർവ്വതല സ്പര്ശിയാണ്. ചെറുപ്പമാണ് ഡിവൈഎഫ്ഐയിലെ അംഗങ്ങൾ. അപ്പോൾ അവന്റെ കായികമേഖല, അവന്റെ കല, സംസ്കാരിക മേഖല ഇങ്ങനെ എല്ലാ വിശാലമായ മേഖലകളും, യൂത്തിന്റെ മനസ് എവിടെയെല്ലാം സഹകരിക്കുമോ, യുവത എവിടെയെല്ലാം ഉണ്ടാകുമോ അവിടെയെല്ലാം വളരെ ക്രിയാത്മകമായ പരിശ്രമത്തിൽ ഡിവൈഎഫ്ഐ ഉണ്ടാകും. ഇപ്പോൾ റീസൈക്കിൾ കേരള 11 കോടി സമ്പാദിച്ചു. അതൊരു ചെറിയ കാര്യമല്ല. പുതിയ കാലം ആവശ്യപ്പെടുന്നത് ക്രീയാത്മകമായ രാഷ്ട്രീയമാണ്. യൂത്തിനെ കേരളത്തിന്റെ പൊതു മാനവ വിഭവ ശേഷിയിൽ അണിനിരത്തിന്നതിനും ആവശ്യമായ ഇടപെടലുകൾ ഡിവൈഎഫ്ഐ നടത്തും.

Q

നിയമസഭാ തെരെഞ്ഞെടുപ്പിന് തുടക്കമാകുന്ന സമയത്ത് തന്നെ മെട്രോമാൻ ഈ ശ്രീധരന്റെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് പേടിയുണ്ടോ?

A

ഒരിക്കലുമില്ല. അദ്ദേഹം ഏറ്റവും നല്ല എഞ്ചിനീയർ ആയിരുന്നു. ഇപ്പോഴും അപ്പോഴും അദ്ദേഹത്തിന്റെ വൈഭവം രാജ്യത്തിന് ലഭിച്ചിട്ടുള്ളതുമാണ്. എന്ന് പറഞ്ഞ് അദ്ദേഹം ഒരു രാഷ്ട്രീയകാരനാകില്ലല്ലോ. പാലം പണിയുടെ രസതന്ത്രവും അദ്ദേഹത്തിന് അറിയാം. പക്ഷെ, സമൂഹത്തിന്റെ മനഃശാസ്ത്രവും രസതന്ത്രവും അദ്ദേഹത്തിന് അറിയില്ല. അറിയുമായിരുനെങ്കിൽ, അദ്ദേഹം ബിജെപിയിൽ ചേരുമായിരുന്നില്ല.

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തുള്ള ബിജെപി പ്രവേശനത്തിന്റെ പിന്നിൽ പല കഥകളും കേൾക്കുന്നുണ്ട്. എന്തുകൊണ്ട് പോയി ,അതൊക്കെ കാലം തെളിയിക്കേണ്ടതാണ്. ബിജെപിയിൽ പല തരത്തിലുള്ള ആളുകളും പോയിട്ടുള്ളത് ,അല്ലെങ്കിൽ പോയിട്ടുള്ളവരൊക്കെ പല കാരണങ്ങളാൽ പോയിട്ടുള്ളവരാണ്. അത് വ്യക്തിപരമായ കാരണങ്ങളാണ്. എന്തായാലും ഞാൻ അതിലേക്ക് കടക്കുന്നില്ല.

ഇത്രമാത്രമേ ഉള്ളു , ഇടത്പക്ഷ ജനാധിപത്യ മുന്നണിയോ കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിലോ ശ്രീധരന്റെ ബിജെപി പ്രവേശനം ഒരു ചലനവും പ്രേത്യകിച്ച് ഉണ്ടാക്കാൻ പോകുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ചലനങ്ങൾ മാത്രമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങൾ മാത്രമാണ്. കേരളത്തിന്റെ പൊതു ജനങ്ങളുടെ പ്രശ്നം മെട്രോമാൻ ബിജെപി ആയോ ആർഎസ്എസ് ആയോ എന്നുള്ളതല്ല. മറിച്ച് പാചക വാതകത്തിന്റെയും പെട്രോളിന്റെയും വില കൂടുന്നു എന്നുള്ളതാണ് സാധാരണകാരായ ജനങ്ങളുടെ പ്രശ്നം. അവരുടെ കുട്ടികൾ പഠിക്കുന്ന പള്ളികൂടങ്ങൾ ഇനിയും ഹൈ ടെക് ആയി നിലനിൽക്കണം എന്നും അവരുടെ ആരോഗ്യം സൗഖ്യപ്പെടണം എന്നുള്ളത് മാത്രമാണ് ജനങ്ങൾ നോക്കി കാണുന്നത്.

ബിജെപിക്ക് മെട്രോമന്റെ പ്രവേശനം വലിയൊരു കാര്യമായി അവകാശപ്പെടാനുണ്ടാകും. അത് അത്ര മാത്രമേയുള്ളു. ഒരു വ്യക്തി അല്ല ഒരു സമൂഹത്തിന്റെ വിധി നിർണയിക്കുന്നത്. അദ്ദേത്തിന്റെ വ്യക്തിപരമായ തീരുമാനവും വ്യക്തിപരമായ ലാഭനഷ്ടങ്ങളുമാകും അത്. അല്ലാതെ പൊതുസമൂഹവുമായി ബാധിക്കുന്ന ഒരു പ്രശ്നമല്ല. ഇടത് പക്ഷം ജനങ്ങൾക്കിടയിലാണ് നില്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാത്തത് കൊണ്ട് ഇടത്പക്ഷത്തേയും ഇത് ബാധിക്കില്ല. കേരളത്തിലെ ജനങ്ങളെ ആരും വിലകുറച്ച് കാണരുത്. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധത വളരെ വലുതാണ്. അത് ആളുകൾ എടുക്കുന്ന നിലപാടുകളാണ്. ഒരാളെ കേരളം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ സൗന്ദര്യത്തിന്റെയോ മികവിന്റെയോ അടിസ്ഥാനത്തിലല്ല. മറിച്ച്, അവർ പൊതു വിഷയങ്ങളിൽ എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്. പിന്നെ ചില കാര്യങ്ങളിൽ അവരുടെ വൈഭവത്തിന്റെയോ അടിസ്ഥാനത്തിലും അംഗീകരിക്കും. ഈ ശ്രീധരനും ഒരു മേഖലയിൽ വൈഭവം തീർച്ചയായും ഉണ്ട്. അതൊന്നും ഒരു ദിവസം കൊണ്ട് തള്ളിപറയാവുന്നത് അല്ല. എന്തായാലും അതൊക്കെ കേരളത്തിന്റെ പൊതുസമൂഹത്തിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ല. ജനങ്ങൾ എപ്പോഴും തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യുക ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രേശ്നത്തെ കുറിച്ചാണ്. അതിൽ ഈ ശ്രീധരൻ ഒരു ഘടകമേ അല്ല.

Q

അടുത്തിടെ രാഹുൽഗാന്ധി ജനങ്ങളുമായി അടുത്തിടപഴകുന്ന പല തരത്തിലുള്ള ഫോട്ടോകളും വിഡിയോകളും ഒക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വരുന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രിസിന്റെ വോട്ടുപിടിക്കൽ തന്ത്രമായി താങ്കൾക്ക് തോന്നുന്നുണ്ടോ?


A

ഒരാൾക്ക് കടലിൽ ചാടാൻ കഴിവുണ്ടോ, ഒരാൾ കടലി നീന്തുമോ , ഒരാൾ കുളത്തിലാണോ നീന്തുന്നത് ഇതൊന്നും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നമല്ല. അദ്ദേഹം കുക്കറി ഷോയിൽ പങ്കെടുക്കുന്നു. ഇതൊക്കെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കാം. അത് അദ്ദേത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ രീതികൾ ആയിരിക്കാം. പക്ഷെ ജനങ്ങളുടെ പൊതുവായ പ്രശ്നം അതല്ല. ഓരോ മനുഷ്യന്റെയും പ്രശനം ഓരോ ദിവസവും ജീവിത ചെലവ് ഉയർന്നു വരുന്നതാണ് എന്നതാണ്. പാചക വാതകത്തിന്റെയും പെട്രോളിൽന്റെയും വില കൂടുന്നതിനനുസരിച്ച് അവന്റെ വരുമാനം കൂടുന്നില്ല. അവന്റെ ചെലവ് കൂടുകയാണ്. എങ്ങനെ ജീവിക്കണം എന്ന ചോദ്യമാണ് മനുഷ്യന്റെ മുൻപിൽ ഉള്ളത്. അല്ലാതെ വേറെയൊരാൾക്ക് കടലിൽ ചാടാൻ ശേഷിയുണ്ടോ കടലിൽ ചാടി നീന്താൻ കഴിവുണ്ടോ ഇതൊന്നുമല്ല ജനങ്ങളുടെ പ്രശ്നം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് പ്രശ്നം.


Q

കേരളത്തിൽ സെലിബ്രിറ്റീസ് കോൺഗ്രെസ്സിലേക്ക് തിരിയുന്നത് അടുത്തിടെയായി ഒരു ട്രെൻഡിങ് ആയിരുന്നല്ലോ? അവരെ ആരാധിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങൾ വോട്ടിന്റെ കാര്യത്തിൽ ഇടതിന് തിരിച്ചടി നേരിടുമെന്ന ഒരു ഘടകം ആണെന്ന് തോന്നുണ്ടോ?


A

താങ്കളുടെ 'ജീവിതവും വിശപ്പും ആണ് ഘടകം'. അല്ലാതെ വേറെ ഒന്നുമല്ല !

No stories found.
Anweshanam അന്വേഷണം
www.anweshanam.com