സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളോട് ക്ഷമിക്കില്ലെന്ന് ആദിത്യനാഥ്
'സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്'
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളോട് ക്ഷമിക്കില്ലെന്ന് ആദിത്യനാഥ്

ലക്നൗ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ഒട്ടും ക്ഷമിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് യുപി. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019 ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഹത്രാസ് സംഭവത്തില്‍ പൊലീസ് നടപടികളെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. ബിജെപിയില്‍ നിന്നുതന്നെ യോഗി സര്‍ക്കാരിന് വിമര്‍ശനം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ മങ്ങിയ പ്രതിഛായ തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ നീക്കം.

Related Stories

Anweshanam
www.anweshanam.com