മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
India

ഓപ്പറേഷന്‍ താമര-റിവേഴ്സ് വേര്‍ഷനും മണിപ്പൂര്‍ ഭരണ പ്രതിസന്ധിയും 

എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാന്‍ നില്‍ക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനാണ് ബി.ജെ.പി ഇപ്പോള്‍ മണിപ്പൂരില്‍ നേതൃത്വം നല്‍കുന്നത്. 

Harishma Vatakkinakath

Harishma Vatakkinakath

കൂറുമാറ്റവും കുതിരക്കച്ചവടങ്ങളും അട്ടിമറി വിജയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മുഖമുദ്രയാണെന്ന വസ്തുത സാധൂകരിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ക്കാണ് നാം കഴിഞ്ഞ കുറച്ചു കാലമായി സാക്ഷിയാകുന്നത്. ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് എന്നിങ്ങനെ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളെ താഴെയിറക്കി മറുപക്ഷം ഭരണം കൈയ്യടക്കിയതിന്‍റെ ഉദാഹരണങ്ങള്‍ പലതാണ്. പ്രത്യേകിച്ചും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ സഹജമാണ്. നാമതിനെ ഓപ്പറേഷന്‍ താമര, ഓപ്പറേഷന്‍ കമല്‍, എന്നിങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തു.

എന്നാല്‍, സമീപകാലത്ത് കണ്ടതില്‍ വച്ച് അല്‍പം ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ് വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍. ഓപ്പറേഷന്‍ കമല്‍-റിവേഴ്സ് വേര്‍ഷന്‍ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിയില്‍ നിന്ന് മൂന്ന് എം.എല്‍.എമാരാണ് രാജിവെച്ചത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയിലെ നാല് എംഎല്‍എമാരും, ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ നാലുപേരും മന്ത്രിമാരാണ്. ഇതില്‍ ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ സിംഗും ഉള്‍പ്പെടുന്നു. എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാന്‍ നില്‍ക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനാണ് ബി.ജെ.പി ഇപ്പോള്‍ മണിപ്പൂരില്‍ നേതൃത്വം നല്‍കുന്നത്.

ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ സിംഗ്
ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ സിംഗ്

എസ് സുഭാഷ് ചന്ദ്ര സിംഗ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്‍റായി എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിമാരായ ഉപമുഖ്യമന്ത്രി വൈ ജോയ്കുമാര്‍ സിംഗ് , എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിംഗ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിംഗും സ്വതന്ത്ര എം.എല്‍.എ ഷഹാബുദ്ധീനുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പില്‍ എത്തി നില്‍ക്കെ ബി.ജെ.പിക്ക് തലവേദനയാകുന്നത്.

പ്രതിസന്ധികളുടെ തുടക്കം

കഴിഞ്ഞ കുറച്ചുമാസങ്ങളായി സംസ്ഥാനകാര്യങ്ങളില്‍ ഒറ്റയാള്‍ പട്ടാളമായി നിലകൊള്ളുന്ന ബിരേന്‍ സിംഗിന്‍റെ രീതികള്‍ സഖ്യകക്ഷികളെ ചൊടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചാകുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ബിരേൻ സിംഗ്, ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള ജോയ്കുമാറിനെയും വൈദ്യുതി, പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള ബി.ജെ.പി മന്ത്രി തൊങ്കം ബിശ്വജിത് സിങ്ങിനെയും അതത് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. 250 കോടി അധികമായി കടമെടുത്തെന്ന് കാട്ടി സംസ്ഥാനത്തിനുള്ള പേയ്മെന്‍റ് നിര്‍ത്തലാക്കാന്‍ റിസര്‍വ്വ് ബാങ്ക്, സ്റ്റേറ്റ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലായിരുന്നു നടപടി. തുടര്‍ന്ന് ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിശ്വജിത്തും മറ്റ് ചില നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അന്ന് ബിജെപി ദേശീയ പ്രസിഡന്‍റായിരുന്ന അമിത് ഷായോടും ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിൽ നിന്നുള്ള ഇടപെടലിന് ശേഷം ബിരേന്‍ സിംഗ്, ബിശ്വജിത്തിനെ തിരിച്ചെടുത്തെങ്കിലും, ജോയ്കുമാറിന് സിവിൽ ഏവിയേഷൻ വകുപ്പ് നല്‍കുകയാണുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ 4നാണ് ജോയ്കുമാറിനെ ധനകാര്യ വകുപ്പിലേക്ക് തിരിച്ചെടുത്തത്. എന്നാല്‍ കോവിഡ് പ്രതിരോധ നടപടികളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചെന്നു കാട്ടി അദ്ദേഹത്തെ വീണ്ടും ചുമതലയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ കാരണങ്ങളൊക്കെയും കൂറുമാറ്റത്തിനുള്ള വഴി തുറന്നു.

കോണ്‍ഗ്രസ് എന്ന ഏറ്റവും വലിയ ഒറ്റകക്ഷി

കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്നത് ഒക്രം ഇബോബി സിംഗിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കിട്ടിയില്ല. 60 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റായിരുന്നു. 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലായിരുന്നെങ്കിലും 21 സീറ്റ്‌ മാത്രം നേടിയ ബിജെപി പ്രാദേശിക പാർട്ടികളായ എൻപിപി, എൻപിഎഫ്, എൽജെപി എന്നിവരുടെ പിന്തുണയോടെ മണിപ്പൂരില്‍ ആദ്യമായി ഭരണം കയ്യാളുകയായിരുന്നു.

ഒക്രം ഇബോബി സിംഗ്
ഒക്രം ഇബോബി സിംഗ്

ഇങ്ങനെ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ അല്ലാത്തയിടങ്ങളില്‍ പ്രാദേശിക പാർട്ടികളുമായി ചേർന്നും, എംഎൽഎമാരെ അടർത്തി മാറ്റിയും ബിജെപി മുന്നേറിയപ്പോൾ കോൺഗ്രസിന്റെ കൈയിൽ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മേല്‍ക്കോയ്മ ഒന്നൊന്നായി നഷ്ടപ്പെട്ടു. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി ഭരണത്തിൽ വന്നു. നാഗാലാന്റിലും മേഘാലയയിലും ഭരണത്തിൽ പങ്കാളികളായി. ഏറ്റവും ഒടുവിൽ 2018 ൽ മിസോറം കൂടി കോൺഗ്രസിന് നഷ്ടപ്പെട്ടതോടെ ബിജെപി ഏറെനാളായി പറഞ്ഞിരുന്ന കോൺഗ്രസ് മുക്ത ഭാരതത്തിലേക്കായിരുന്നു കാര്യങ്ങള്‍ കടന്നത്.

മണിപ്പൂരിലെ പുതിയ സംഭവ വികാസം കോണ്‍ഗ്രസിന് പ്രതിസന്ധിഘട്ടത്തില്‍ ഒരു സുവര്‍ണ്ണാവസരമാണ്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും അടിയന്തരമായി നിയമസഭ വിളിച്ചു കൂട്ടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ ഒക്രം ഇബോബി സിംഗ് അവിശ്വാസ പ്രമേയത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ കാണും. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ പോയാല്‍ മൂന്ന് വർഷം മുൻപ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും നിലനിർത്താനാകാതിരുന്ന ഭരണം എത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

Anweshanam
www.anweshanam.com