ആസാദിനെതിരെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പരാതിയുമായി വനിതാ കമീഷൻ

സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ ചന്ദ്രശേഖർ ആസാദിനെതിരെ പരാതിയുമായി വനിതാ കമ്മീഷൻ. താൻ ആ സമയത്ത് ജയിലിൽ ആയിരുന്നെന്ന് ആസാദ്
ആസാദിനെതിരെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പരാതിയുമായി വനിതാ കമീഷൻ

ന്യൂഡൽഹി: ഭീം ആർമി നേതാവും പൗരത്വ പ്രക്ഷോഭത്തിന്റെ മുഖവുമായിരുന്ന ചന്ദ്ര ശേഖർ ആസാദിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സാമൂഹ്യ മാധ്യമമായ ട്വിറ്റർ വഴി സ്‌ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന കുറ്റമാരോപിച്ചാണ് ആസാദിനെതിരെ നടപടിയെടുക്കാൻ യുപി പോലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ഉത്തർപ്രദേശ് ഡിജിപി എച്ച് സി അശ്വതിക്ക് ആസാദിനെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെയാണ് 'സ്‌ത്രീകളെ അവഹേളിക്കുന്ന തരത്തിലും മാനനഷ്ടം ഉണ്ടാക്കുന്ന തരത്തിലും ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്‌തതായി കാണുന്നു' എന്നാണ്. 'സൈബർ ഇടങ്ങളിൽ സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമവും അവഹേളനവും വർധിച്ചു വരുന്നതായി കാണുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും' എന്നും വനിതാ കമ്മീഷൻ പറയുന്നു.

ചന്ദ്രശേഖർ ആസാദ് സ്‌ത്രീ അവഹേളനം നടത്തി എന്ന് പറയുന്നത് 2018 മാർച്ച് 23 നും ഏപ്രിൽ 16 ന്റെയും ഇടയിലുള്ള കാലത്താണ്. ട്വിറ്റർ സംഭാഷണത്തിലാണ് സ്‌ത്രീ വിരുദ്ധമായി ആസാദ് പരാമർശം നടത്തിയത് എന്നാണ് പറയുന്നത്. എന്നാൽ വനിതാ കമ്മീഷൻ പറയുന്നത് പാടെ നിഷേധിക്കുകയാണ് ആസാദ്.

സ്‌ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന് പറയുന്ന ഈ കാലയളവിൽ താൻ ജയിലിൽ ആയിരുന്നു എന്ന് ചന്ദ്രശേഖർ വ്യക്തമാക്കുന്നു. 2017 മെയ് 5 ന് ഉത്തർപ്രദേശിലെ സൊഹ്‌റാൻപൂരിൽ ഡോ. ബി ആർ അംബേദ്ക്കറുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ദളിതരും രജ്‌പുത് വിഭാഗക്കാരും തമ്മിലുണ്ടായ കലാപക്കേസുമായി ബന്ധപ്പെട്ട് 2017 ജൂൺ 8 മുതൽ 2018 സെപ്റ്റംബർ 14 വരെ താൻ ജയിലിൽ ആയിരുന്നു എന്ന് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കുന്നു.

പരാമർശം നടത്തി എന്ന് പറയപ്പെടുന്ന ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയത് 2018 ഫെബ്രുവരിയിലാണെന്നും ആസാദ് പറയുന്നു. ഈ സമയത്ത് ജയിലിൽ ആയിരുന്ന, 2018 സെപ്റ്റംബറിൽ മാത്രം പുറത്തിറങ്ങിയ താൻ എങ്ങിനെ ആ സമയത്ത് ട്വിറ്റർ ഉപയോഗിച്ച് സ്‌ത്രീ വിരുദ്ധ പരാമർശം നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.

'ഞാൻ ബാബ അംബേദ്‌കർ സാഹിബിന്റെ പോരാളിയാണ്, സ്‌ത്രീ സഹോദരിമാരും പെൺമക്കളും മറ്റെന്തിനേക്കാളും വലുതാണ് എനിക്ക്. ഈ ട്വീറ്റുകൾ തെറ്റായതാണ്. ഞാൻ എന്റെ അക്കൗണ്ട് മെച്ചപ്പെടുത്തി വരികയാണ്. ജയ് ഭീം, ജയ് ഭാരത്' - മറ്റൊരു ട്വീറ്റിൽ ആസാദ് വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും പോലീസിന്റെയും കണ്ണിലെ കരടായി മാറിയ വ്യക്തിയാണ് ഭിം ആർമി നേതാവായ ചന്ദ്രശേഖർ ആസാദ്. നേരത്തെയും ദളിത് വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും സർക്കാരുകൾക്ക് തലവേദനയായിരുന്നു. ഡൽഹി ജമാ മസ്‌ജിദിന്‌ മുന്നിൽ ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നതിന് അസദിന്റെ ഈ ഇടപെടൽ മൂലം സാധിച്ചു.

അന്ന് ഡൽഹി പോലീസ് ആസാദിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സമരം കൂടുതൽ ശക്തമായിരുന്നു. പിന്നീട് ജയിലിലും സമരം തുടർന്ന ആസാദിന്റെ ആരോഗ്യ സ്ഥിതി ഒരു ഘട്ടത്തിൽ വഷളായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൗരത്വ പ്രക്ഷോഭത്തിന് അദ്ദേഹത്തിന്റെ കടന്ന് വരവോടെ ലഭിച്ച ഊർജ്ജം വളരെ വലുതായിരുന്നു.

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആളുകൾക്ക് എതിരെ കേന്ദ്ര സർക്കാരും ഡൽഹി പോലീസും തുടരുന്ന വേട്ടയുടെ ഭാഗമാണോ ചന്ദ്രശേഖർ ആസാദിനെതിരെ ഇപ്പോൾ ഉയർത്തിയ സ്ത്രീവിരുദ്ധ പരാമർശ പരാതി എന്നുള്ളതും സംശയിക്കേണ്ടതാണ്. പ്രത്യേകിച്ച് ഈ സംഭവം നടന്നു എന്ന് പറയുന്ന സമയത്ത് താൻ ജയിലിൽ ആയിരുന്നു എന്ന് ആസാദ് തന്നെ വ്യക്തമാക്കുമ്പോൾ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com