വനിതാ കമ്മീഷന്‍ അധ്യക്ഷ-മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിക്കാഴ്ച; പ്രധാന ചര്‍ച്ചാവിഷയമായി 'ലൗ ജിഹാദ്'

ഇന്റര്‍- ഫെയ്ത്ത് വിവാഹങ്ങളും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്ന് രേഖ ശര്‍മ്മ.
വനിതാ കമ്മീഷന്‍ അധ്യക്ഷ-മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിക്കാഴ്ച; പ്രധാന ചര്‍ച്ചാവിഷയമായി 'ലൗ ജിഹാദ്'

മുംബൈ: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചവിഷയമായത് ലൗ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര ഗവര്‍ണറായ ഭഗത് സിംഗ് കോഷ്യാരിയും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും കൂടിക്കാഴ്ച നടത്തിയത്.

ഈയടുത്തിടെ വിവാദമായ തനിഷ്‌ക് പരസ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ലൗ ജിഹാദിനെപ്പറ്റിയും ഇരുവര്‍ക്കുമിടയില്‍ സംസാരം നടന്നത്- എന്‍ഡിടിവി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടായതായി രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന വിഷയം രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചു. സമ്മതത്തോടെയുള്ള ഇന്റര്‍-ഫെയ്ത്ത് വിവാഹങ്ങളും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയ്ക്ക് ശേഷം കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റീല്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും, കോവിഡ് സെന്ററുകളും, ലൗ ജിഹാദ് കേസുകളിലെ വര്‍ധനവിനെപ്പറ്റിയുമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.

നിലവിലുള്ള നിയമപ്രകാരം ലൗ ജിഹാദ് എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറും വനിതാ കമ്മീഷന്‍ അധ്യക്ഷയും തമ്മിലുള്ള ചര്‍ച്ചകളില്‍ ലൗ ജിഹാദ് കടന്നുവരുന്നതെന്നാണ് പ്രധാന വിമര്‍ശനം.

Related Stories

Anweshanam
www.anweshanam.com