ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന യുവതി
India

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന യുവതി

ദ്വാരഹത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

Geethu Das

Geethu Das

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ പീഡപ്പിച്ചെന്ന് യുവതി. ദ്വാരഹത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. 2016 മുതല്‍ 2018 വരെ നിരവധി തവണ തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എംഎല്‍എയുടെ വീടിന് അടുത്താണ് താന്‍ താമസിച്ചിരുന്നതെന്നും ഇത് എംഎല്‍എയുമായുള്ള പരിചയത്തിന് വഴിയാക്കിയെന്നും യുവതി ആരോപിക്കുന്നു.

പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു. മുസൂരി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി എംഎല്‍എ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എംഎല്‍എ ആണെന്നും ഡിഎന്‍എ പരിശോധന നടത്തിയാല്‍ ഇക്കാര്യം തെളിയുമെന്നും യുവതി പറയുന്നു.

അതേസമയം എംഎല്‍എയുടെ ഭാര്യ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതി ഭര്‍ത്താവിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ വിവാദമായി മാറി. എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി ഗൗരവമുള്ളതാണെന്നും കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രീതം സിംഗ് ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com