ദേശീയ ദുരന്തനിവാരണ ഫണ്ടും ദുരവസ്ഥയും 

എന്‍ഡിആര്‍എഫ് പൊതുജനങ്ങളില്‍ നിന്ന് എങ്ങനെ സംഭാവനകള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്
ദേശീയ ദുരന്തനിവാരണ ഫണ്ടും ദുരവസ്ഥയും 

രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ ദുരന്ത നിവാരണത്തിനായി പിഎം കെയേര്‍സ് (PM CARES) ഫണ്ട് കോടികള്‍ സമാഹരിക്കുമ്പോള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപീകരിക്കപ്പെട്ട നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട് (NDRF), ഒരു ബാങ്ക് അക്കൗണ്ടുപോലുമില്ലാതെ, പൊതുജനങ്ങളില്‍ നിന്ന് എങ്ങനെ സംഭാവനകള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം.

2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് എന്‍ഡിആര്‍എഫ് രൂപീകരിക്കുന്നത്. ഇതിലെ 46ാം വകുപ്പ് പ്രകാരം ഭരണഘടനയ്ക്ക് ഏതെങ്കിലും അപകടകരമായ ദുരന്ത സാഹചര്യങ്ങള്‍ നേരിടാൻ എൻ‌ഡി‌ആർ‌എഫ് ഉപയോഗിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതുപ്രകാരം, കേന്ദ്ര സർക്കാരിന് എല്ലാ വർഷവും ഫണ്ടിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും, അത് പിന്നീട് ദുരന്തനിവാരണത്തിനായി ഉപയോഗിക്കുകയും ചെയ്യാം. കൂടാതെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 46 (1) (ബി) പ്രകാരം, ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിലേക്ക് സംഭാവന നൽകാം. എന്നാല്‍ പൊതുജനങ്ങൾക്ക് സംഭാവന നൽകാനുള്ള സംവിധാനം ഇല്ലാത്തതിനാൽ ഇതുവരെ യാതൊരു വിധ സമാഹരണവും എന്‍ഡിആര്‍എഫ് നടത്തിയിട്ടില്ലെന്നതാണ് വാസ്തവം.

ദുരന്തസാഹചര്യങ്ങളെ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനായി 1948 ൽ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് പി‌എം‌എൻ‌ആർ‌എഫ് രൂപീകരിച്ചത്. ഈ ഫണ്ടിന് ബജറ്റ് സംഭാവനകളില്ല, പകരം പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകള്‍ മാത്രമാണ് ശേഖരിക്കുന്നത്. ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും, ഒരു സ്വതന്ത്ര ഓഡിറ്റർ ഓഡിറ്റ് ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളതാണ്.

പി‌എം‌എൻ‌ആർ‌എഫിന് സമാനമായ നിബന്ധനകളിലാണ് പി‌എം കെയേഴ്സ് ഫണ്ടിന്റെ പ്രവർത്തനങ്ങളും സജ്ജീകരിച്ചിട്ടുള്ളത്. ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ഒരു പൊതു ചാരിറ്റബിള്‍ ട്രസ്റ്റാണെന്നും, ഏതെങ്കിലും സർക്കാർ ഉത്തരവ് പ്രകാരമല്ല ഫണ്ടിന്‍റെ പ്രവര്‍ത്തനങ്ങളെന്നും പിഎംഒ വ്യക്തമാക്കുന്നു. അതിനാല്‍ പി‌എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന് വിധേയമല്ല. അതുകൊണ്ട് തന്നെ ഫണ്ടിലേക്ക് എത്ര തുക സംഭാവനയായി ലഭിച്ചു, എത്ര ചിലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല.

അതേസമയം, പാർലമെൻറ് നിയമത്തിലൂടെ രൂപീകരിച്ച എൻ‌ഡി‌ആർ‌എഫ് വിവരാവകാശ നിയമത്തിന് വിധേയമാണ്, കൂടാതെ സി‌എജി ഓഡിറ്റു ചെയ്യുന്ന ഈ സംവിധാനം, പി‌എം‌എൻ‌ആർ‌എഫ്, പി‌എം കെയർസ് ഫണ്ടുകളേക്കാൾ സുതാര്യവുമാണ്. അതായത്, പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സാരം. ഈ സാഹചര്യം കണക്കിലെടുത്ത്, പി‌എം കെയേഴ്സ് ഫണ്ട് ശേഖരിക്കുന്ന മുഴുവൻ തുകയും എൻ‌ഡി‌ആർ‌എഫിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

പൊതു ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിന് എന്‍ഡിആര്‍എഫില്‍ പ്രത്യേകിച്ച് ഒരു ഓര്‍ഡിനന്‍സോ, നടപടിക്രമങ്ങളോ ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അറിയാന്‍ സാധിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിആര്‍എഫ് സംബന്ധിച്ച വിവരങ്ങള്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെന്‍ഡിച്വര്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് കൈകാര്യം ചെയ്യുന്നതെന്നാണ്, ആക്ടിവിസ്റ്റ് ലോകേഷ് ബാത്ര ഫയല്‍ ചെയ്ത ആര്‍ടിഐയ്ക്ക്, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ വകുപ്പില്‍ നിന്ന് കിട്ടിയ മറുപടി.

തുടര്‍ന്ന് എക്സ്പെന്‍ഡിച്വര്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്കും, ദുരന്ത നിവാരണ അതോറിറ്റിക്കും അയച്ച കത്തുകള്‍ ഉത്തരമില്ലാതെ കിടക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ എൻ‌ഡി‌ആർ‌എഫിന് അക്കൗണ്ടുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com