ഇന്ത്യന്‍ തടവറകളിലെ നീതി നിഷേധത്തിന്‍റെ കൊറോണക്കാലം
India

ഇന്ത്യന്‍ തടവറകളിലെ നീതി നിഷേധത്തിന്‍റെ കൊറോണക്കാലം

മറ്റ് രാജ്യങ്ങളില്‍ നിന്ന് മാതൃക സ്വീകരിച്ച് തടവുപുള്ളികളെ സ്വതന്ത്രരാക്കാനുള്ള നടപടികള്‍ ഇന്ത്യയും സ്വീകരിച്ചെങ്കിലും അതില്‍ പക്ഷപാതപരമായ ചില നീക്കങ്ങളുമുണ്ടായിരുന്നു.

Harishma Vatakkinakath

Harishma Vatakkinakath

സാമൂഹിക അകലമെന്ന ആശയം മദ്രാവാക്യമാകുന്ന ഈ കൊറോണക്കാലത്ത് ജനനിബിഡമായ അടച്ചിട്ട തടവറകളിലെ രോഗ വ്യാപനമായിരുന്നു ലോകത്ത് അങ്ങോളമിങ്ങോളമുള്ള ഭരണകൂടങ്ങളുടെ ആശങ്കകളിലൊന്ന്. ഏപ്രില്‍ ആദ്യ വാരത്തോടു കൂടി തന്നെ പല രാജ്യങ്ങളിലെയും തിരക്കേറിയ ജയിലുകളില്‍ പകുതിയിലധികം തടവു പുള്ളികള്‍ കൊറോണ പോസിറ്റീവായിരുന്നു. സാമൂഹിക അകലം എന്നത് ഏറെ വിദൂരമായ തടവറകളില്‍ രോഗവ്യാപനത്തിന്‍റെ നിരക്കും കൂടുതലായിരിക്കും. ഇതോടെ ചൈന,ഇന്‍റോനേഷ്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും പ്രതിസന്ധിഘട്ടം കണക്കിലെടുത്ത് തടവു പുള്ളികളെ സ്വതന്ത്രരാക്കുന്ന നടപടിയിലേക്ക് നീങ്ങി. ജയിലറകള്‍ ഹോട്ട്സ്പോട്ടകളാകുന്ന സ്ഥിതി വിശേഷം ഇന്ത്യയിലുമുണ്ടായി.

ഔറങ്കാബാദ് ജയിലില്‍ 29 ഓളം തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍, മുംബൈയിലെ ആർതർ റോഡ് ജയിലിൽ 80 തടവുകാര്‍ രോഗ ബാധിതരായി. രാജ്യത്ത് ഏറ്റവും തിരക്കേറിയ തീഹാര്‍ ജയില്‍ വൈറസ് ഭീഷണിയുടെ പിടിയിലാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് മാതൃക സ്വീകരിച്ച് തടവുപുള്ളികളെ സ്വതന്ത്രരാക്കാനുള്ള നടപടികള്‍ ഇന്ത്യയും സ്വീകരിച്ചെങ്കിലും അതില്‍ പക്ഷപാതപരമായ ചില നീക്കങ്ങളുമുണ്ടായിരുന്നു. കേസുകള്‍ തെളിയിക്കപ്പെടാതെ, വാദം പൂര്‍ത്തിയാകാതെ ജയിലറകളില്‍ കിടക്കുന്ന സിഎഎ, എന്‍ആര്‍സി പ്രക്ഷോഭകരും, ചില രാഷ്ട്രീയ തടവുകാരും ഇപ്പോഴും ജയിലറകളില്‍ തന്നെയാണ്. അവരില്‍ വൈറസ് വ്യാപനത്തിന് സാധ്യതയേറിയ ഗര്‍ഭിണികളുണ്ട്, അറുപത് കഴിഞ്ഞവരുണ്ട്.

ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത് കഴി‍ഞ്ഞ ഏപ്രില്‍ 10നായിരുന്നു. ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസത്തില്‍ കാലെടുത്തുവയ്ക്കുന്ന ആ 27 കാരി യുഎപിഎ ചുമത്തപ്പെട്ടാണ് അറസ്റ്റിലാകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമെന്ന ആശയത്തിനു തന്നെ ക്ഷതമേല്‍പ്പിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ, തന്‍റെ ജനാധിപത്യാവകാശമുപയോഗിച്ച് പ്രതിഷേധിച്ചു എന്നതാണ് സഫൂറ ചെയ്ത കുറ്റം. അഞ്ചുമാസം ഗര്‍ഭിണിയായ അവര്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു. തക്കതായ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആ ഗര്‍ഭിണിക്കു നേരെയുള്ള അന്യായം. വൈറസ് വ്യാപനത്തിന്‍റ ആശങ്കാജനകമായ നാളുകളെണ്ണിയാണ് അവര്‍ തടവുമുറിയില്‍ കഴിച്ചുകൂട്ടുന്നത്.

79 കാരനായ തങ്ങളുടെ അച്ഛനെ വൈറസ് വ്യാപനത്തിന്‍റെ സാധ്യത കണക്കിലെടുത്ത് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തടവില്‍ കഴിയുന്ന തെലുങ്ക് കവി വരവര റാവുവിന്റെ പെൺമക്കൾ അധികാരികള്‍ക്ക് കത്തെഴുതുകയാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനുമേല്‍, ഭീമ ഗോരേഗാവ് കേസിന്‍റെ പശ്ചാത്തലത്തില്‍ 2018ലാണ് വരവര റാവു അറസ്റ്റിലാകുന്നത്. മക്കളുടെ ആശങ്കയറിയിച്ചുകൊണ്ടുള്ള കത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു അദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭീമ ഗോരേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെൽ‌തുമ്പ്‌ഡെ, സുധ ഭരദ്വാജ്, ഗൗതം നവലഖ, ഷോമ സേ തുടങ്ങി പലരും അറുപത് കഴിഞ്ഞവരാണ്.

ഇവര്‍ ചെയ്തെന്ന് പറയുന്ന കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പകർച്ചവ്യാധി കണക്കിലെടുത്ത് മിക്ക കോടതികളും അടച്ചിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യയില്‍ അറസ്റ്റുകൾ തടസ്സമില്ലാതെ തുടരുകയാണ്. 2018ല്‍ പുറത്തുവിട്ട എന്‍സിആര്‍ബി ഡാറ്റ അനുസരിച്ച് രാജ്യത്തെ ജയിലുകള്‍ ഇതിനകം 117.6 ശതമാനം നിറഞ്ഞിരിക്കുകയാണ്, ഇതില്‍ 70 ശതമാനത്തോളം (69.41%) പേരും വിചാരണ തടവുകാരാണ്.

എ.ഐ.ഐ.എം ചീഫ് അസാദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ വേദിയില്‍ കയറിച്ചെന്ന് ഇന്ത്യ സിന്ദാബാദ്, പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയെന്ന കുറ്റത്തിന് ജയിലലടയ്ക്കപ്പെട്ട അമൂല്യ ലിയോണ എന്ന 20 കാരിക്ക് നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ജാമ്യം ലഭിച്ചു. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ മൂന്ന് കാശ്മീരി പെണ്‍കുട്ടികളും ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിപറഞ്ഞിട്ടും അവര്‍ ജയിലില്‍ തുടരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍ണ്ണമായ ഈ സാഹചര്യത്തില്‍ അവകാശ ലംഘത്തിന്‍റെ അങ്ങേയറ്റമാണ് കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലാതെ ഇവരെ തടവറയ്ക്കുള്ളില്‍ അടച്ചിടുന്നത്.

വിചാരണ തടവുകളുടെ കാലാവധി നീളുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 14, 21 എന്നിവയുടെ ലംഘനമാണെന്ന് ഇന്ത്യന്‍ ലോ കമ്മീഷന്‍ 2017 ല്‍ പുറത്തുവിട്ട ജാമ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ പറയുന്നു. ഇത് പ്രകാരം, ആരോപിക്കപ്പെട്ട കുറ്റത്തിന് നിഷ്കര്‍ഷിക്കുന്ന ശിക്ഷയുടെ പകുതിയോളം അനുഭവിച്ച പ്രതിയുടെ ജാമ്യ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതാണ്. യുഎപിഎ നിയമ സാധുതകള്‍ വ്യാത്യസ്തമാണെന്ന വാദമാണ് ഈ സാധ്യതയ്ക്കെതിരെ നിരത്താനാകുന്നത്. എന്നാല്‍, പ്രതി അന്വേഷണത്തെ തടസ്സപ്പെടുത്തുകയോ ഒളിവില്‍ പോവുകയോ ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ യുഎപിഎ കേസുകള്‍ക്കും ഇത് ബാധകമാണെന്ന് ഇന്ത്യന്‍ ലോ കമ്മീഷന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

2020 മാര്‍ച്ചില്‍ സുപ്രീം കോടതി പറത്തുവിട്ട ഉത്തരവ് പ്രകാരം രാജ്യത്ത് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിചാരണ തടവുകാരെ വിവിധ ജയിലകളില്‍നിന്ന് വിട്ടയച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം, ജയിലുകൾക്കുള്ളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പ്രകാരം ആയിരക്കണക്കിന് തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കകയും ചെയ്തു. പക്ഷെ അപ്പോഴും ചിലര്‍ക്ക് മാത്രം നീതി നിഷേധിക്കപ്പെട്ടു.

Anweshanam
www.anweshanam.com