'വോയിസ് ഓഫ് ഇന്ത്യ' യൂത്ത് കോൺക്ലേവ് സ്വാതന്ത്ര്യ ദിനത്തില്‍
India

'വോയിസ് ഓഫ് ഇന്ത്യ' യൂത്ത് കോൺക്ലേവ് സ്വാതന്ത്ര്യ ദിനത്തില്‍

യുവ സമൂഹം തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കും.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന 'വോയിസ് ഓഫ് ഇന്ത്യ' യൂത്ത് കോൺക്ലേവ് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് നടക്കും. 'ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ, വികസന സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയെക്കുറിച്ച് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഉള്ള യുവ സമൂഹം തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കും.

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് പ്രചോദനം നൽകുവാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ വിവിധ ആശയങ്ങൾ സമൂഹത്തിന് മുൻപിൽ എത്തിക്കാനും നാനാത്വത്തിൻ ഏകത്വം എന്ന ആശയത്തിൽ നിന്നുകൊണ്ട് വൈവിധ്യമാണ് ഇന്ത്യ എന്ന സന്ദേശം നല്‍കാനുമാണ് 'വോയിസ് ഓഫ് ഇന്ത്യ' എന്ന പരിപാടി ലക്ഷ്യം വക്കുന്നത്.

യൂട്യൂബ് ലൈവ് ആയി നടക്കുന്ന പ്രോഗ്രാം സാമൂഹ്യപ്രവർത്തകയും നർമ്മദാ ബച്ചാവോ ആന്തോളന്റെ സ്ഥാപകയുമായ മേധാപട്കർ ഉദ്ഘാടനം നിർവഹിക്കും. 'ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും ' എന്ന ആശയം ഉയർത്തിക്കൊണ്ടുള്ള ഈ പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻപേരും അവരവരുടെ മാതൃഭാഷയിൽ ആണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത്.

ഹൈബി ഈഡൻ എം.പി, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി, ഐഐഎംഎസ്എഎം ഗുഡ് വിൽ അംബാസിഡർ ആസിഫ് അയൂബ്, എട്ട് വയസുകാരിയായ ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കുംഗുജം, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ആദം ഹാരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. റൈറ്റ് ഫൗണ്ടേഷൻ ഡയറക്ടർ രാജശ്രീ പ്രവീൺ, പാർവതി അരുൾ ജോഷി, അഞ്ജന പിവി തുടങ്ങിയവർ സംസാരിക്കും.

Anweshanam
www.anweshanam.com