അമേരിക്കന്‍ -ഇറാനിയന്‍ ആകാശ 'ഏറ്റുമുട്ടല്‍' ഒഴിഞ്ഞത് തലനാരിഴക്ക്...

അമേരിക്കന്‍ പോര്‍ വിമാനവും ഇറാനിയന്‍ യാത്ര വിമാനവുമാണ് സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ കൂട്ടിയിടിയില്‍ നിന്ന് പറന്നകന്നത്....
അമേരിക്കന്‍ -ഇറാനിയന്‍ ആകാശ 'ഏറ്റുമുട്ടല്‍' ഒഴിഞ്ഞത് തലനാരിഴക്ക്...

സിറിയ: അമേരിക്കന്‍ പോര്‍ വിമാനവും ഇറാനിയന്‍ യാത്ര വിമാനവുമാണ് സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ കൂട്ടിയിടിയില്‍ നിന്ന് പറന്നകന്നത്. യുഎസ് യുദ്ധവിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ പൈലറ്റ് യാത്രാവിമാനത്തിന്റെ ദിശ തിരിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങളുടെ എഫ് -15 യുദ്ധ വിമാനം സുരക്ഷിതമായ അകലത്തിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുഎസ് സൈന്യം അറിയിച്ചു.

ടെഹ്റാനില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ സ്വകാര്യ കമ്പനിയായ മഹാന്‍ എയര്‍ വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്. വിമാനം സുരക്ഷിതമായി പറന്നിറങ്ങിയെന്നും നിരവധി പേര്‍ക്ക് നിസാര പരിക്കുകളുണ്ടെന്ന് ബെയ്റൂട്ട് വിമാനത്താവള തലവന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് വിമാനം ടെഹ്റാനില്‍ തിരിച്ചെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

2018 മുതല്‍ ടെഹ്റാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2015 ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു.

ഇറാനിയന്‍ യാത്രാ വിമാനം സിറിയയിലെ ടാന്‍ഫ് വ്യോമാതിര്‍ത്തി കടന്നുപോയപ്പോള്‍ പരിശോധന നടത്തുകയാണ് ഉണ്ടായതെന്ന് അമേരിക്കന്‍ സൈനികരുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

എഫ് -15 യുദ്ധവിമാനം 1,000 മീറ്റര്‍ (3,280 അടി) സുരക്ഷിതമായ അകലത്തില്‍ നിന്നാണ് മഹാന്‍ എയര്‍ വിമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് വിഷ്വല്‍ പരിശോധന നടത്തിയെന്ന് മുതിര്‍ന്ന സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചു. ടാന്‍ഫ് ഗാരിസണിലെ സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യാത്ര വിമാനത്തിന്റെ പൈലറ്റ് പോര്‍ വിമാനത്തിന്റെ പൈലറ്റിനെ ബന്ധപെട്ടു സുരക്ഷിത അകലം പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അമേരിക്കന്‍ പോര്‍ വിമാനമാണെന്ന് തിരിച്ചറിയുകയും ചെയ്തതായി ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യമായ നിയമ-രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇറാനുമായി ബന്ധമുള്ള ഗറില്ലകള്‍ക്കു വേണ്ടി മഹാന്‍ എയര്‍ ആയുധങ്ങള്‍ കടത്തിയതായി ഇസ്രായേലും അമേരിക്കയും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് സാമ്പത്തികമായും മറ്റ് പിന്തുണകളും നല്‍കിയെന്ന് പറഞ്ഞ് 2011 ല്‍ അമേരിക്ക മഹാന്‍ എയറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com