ഹഥ്റാസിലെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ്

പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേര്‍ന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും പോലീസ് പറഞ്ഞു
ഹഥ്റാസിലെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ്

ലഖ്‍നൗ: ഹഥ്റാസിലെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് യു.പി പൊലീസ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേര്‍ന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും പോലീസ് പറഞ്ഞു. ഒപ്പം, സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കഴുത്തില്‍ ഉണ്ടായ സാരമായ പരിക്കും അതിനെ തുടര്‍ന്നുണ്ടായ ആഘാതവും മൂലമാണ് 19കാരി മരണപ്പെട്ടതെന്നും എ.ഡി.ജി പ്രശാന്ത് കുമാര്‍ പറയുന്നു. കൂടാതെ, പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായിട്ടെന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ മര്‍ദ്ദിക്കപ്പെട്ടുവെന്നാണ് അവള്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കുന്നു. കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആദ്യം സംഭവത്തിൽ കൊലപാതകശ്രമത്തിന് മാത്രമാണ് യുപി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിൽ നാല് പേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഇതിൽ ബലാത്സംഗക്കുറ്റം കൂടി ചുമത്താൻ പൊലീസ് തയ്യാറായത് പോലും. പ്രതികളെ സംരക്ഷിക്കാനാണ് യുപി പൊലീസ് ആദ്യം മുതലേ ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പല തവണ ആരോപിച്ചതാണ്. പല തവണ പരാതി നൽകിയിട്ടാണ് കേസെടുക്കാൻ പോലും പൊലീസ് തയ്യാറായത് എന്നും അവർ ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകളും നിലവിളികളും മാനിക്കാതെ മൃതശരീരം തിടുക്കപ്പെട്ട് ദഹിപ്പിച്ചതിനു പിന്നാലെ യു.പി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമര്‍ശനം.

Related Stories

Anweshanam
www.anweshanam.com