യുപിയിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊന്ന മൂന്ന് പേർ പിടിയിൽ

പ്രതികൾ ചില സംഭാഷണങ്ങൾ നടത്താനെന്ന പേരിൽ രാകേഷ്​ സിങ്ങിന്റെ വീട്ടിലെത്തുകയും എല്ലാവരും ചേർന്ന്​ മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു
യുപിയിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊന്ന മൂന്ന് പേർ പിടിയിൽ

ബൽറാംപുർ: ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകന്റെയും സു​ഹൃത്തി​ന്റെയും കൊലപാതകത്തിൽ മൂന്നുപേർ അറസ്​റ്റിൽ. ലലിത്​ മിശ്ര, കേശവാനന്ദ്​ മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ്​ അറസ്​റ്റിലായത്​. രണ്ടുദിവസം മുമ്പാണ്​ 35കാരനായ മാധ്യമപ്രവർത്തകൻ രാകേഷ്​ സിങ്​, സുഹൃത്ത്​ പിൻറു സാഹുവിനെയും വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്​.

അറസ്റ്റിലായ മൂന്ന് പ്രതികളും കൊലപാതക കുറ്റം സമ്മതിച്ചതായി ബൽറാംപുർ പൊലീസ്​ വ്യക്തമാക്കി. പ്രതികളിലൊരാളായ കേശവാനന്ദിന്റെ മാതാവ്​ ഗ്രാമത്തലവയാണ്​. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട്​ രാകേഷ്​ സിങ്​ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതേ തുടർന്ന്​ പ്രതികൾക്ക്​ രാകേഷ്​ സിങ്ങിനോട്​ പക തോന്നി. പ്രതികൾ ചില സംഭാഷണങ്ങൾ നടത്താനെന്ന പേരിൽ രാകേഷ്​ സിങ്ങിന്റെ വീട്ടിലെത്തുകയും എല്ലാവരും ചേർന്ന്​ മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകം അപകടമരണമാണെന്ന്​ വരുത്തിതീർക്കാൻ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചാണ്​ വീട്​ കത്തിച്ചതെന്ന്​ പ്രതികൾ മൊഴി നൽകി. പ്രാദേശിക പത്രത്തിലാണ്​ രാകേഷ്​ സിങ്​ ജോലി ചെയ്​തിരുന്നത്​. 32 കാരനായ സുഹൃത്ത്​ പിൻറു സാഹുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തീപിടത്തിൽ ഇരുവരുടെയും ശരീരത്തിന്​ 90 ശതമാനം പൊള്ളലേറ്റിരുന്നു. സാഹു സംഭവ സ്​ഥലത്തുവെച്ചും രാകേഷ്​ ആശുപത്രിയിൽവെച്ചുമാണ്​ മരിക്കുന്നത്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com