ഇന്ത്യയില്‍ അമ്പത് വര്‍ഷത്തിനുള്ളില്‍ നാലര കോടി സ്ത്രീകളെ കാണാതായതായി യു.എന്‍
India

ഇന്ത്യയില്‍ അമ്പത് വര്‍ഷത്തിനുള്ളില്‍ നാലര കോടി സ്ത്രീകളെ കാണാതായതായി യു.എന്‍

2020 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടിലൂടെയാണ് കണക്കുകള്‍ പുറത്തുവന്നത്.

By News Desk

Published on :

ജനീവ: കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലോകത്ത് കാണാതായ 14.26 കോടി സ്ത്രീകളില്‍ 4.58 കോടിയും ഇന്ത്യയില്‍ നിന്നുള്ളവരെന്ന് യു.എന്നിന്റെ പഠന റിപ്പോര്‍ട്ട്. യു.എന്നിന്റെ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ഏജന്‍സിയായ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട 2020 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നത്.

ഗര്‍ഭാവസ്ഥയില്‍ കുട്ടികളുടെ ലിംഗനിര്‍ണയം നടത്തുന്നത് മൂന്നില്‍ രണ്ടു ഭാഗം പെണ്‍കുട്ടികളെയും കാണാതായതിന് കാരണമായെന്നാണ് പോപ്പുലേഷന്‍ ഫണ്ടിന്‍റെ വിലയിരുത്തല്‍. ജനിച്ചതിന് ശേഷമുള്ള പെണ്‍കുട്ടികളുടെ മരണ നിരക്ക് മൂന്നിലൊരു ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1970ല്‍ 6.11 കോടിയായിരുന്നു കാണാതായവരുടെ നിരക്കെങ്കില്‍ 2020ല്‍ 14.26 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 4.58 കോടി സ്ത്രീകളെയും ചൈനയില്‍ 7.23 കോടി സ്ത്രീകളെയും കാണാതായി. ചൈനയ്‌ക്കൊപ്പം തന്നെ സ്ത്രീ പ്രാതിനിധ്യം ഉള്ള രാജ്യമാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവുമുണ്ടാവുന്ന ജനന നിരക്കിലും മുന്നിലുള്ളത് ഇന്ത്യയും ചൈനയുമാണ്.

2013 നും 2017നുമിടയിലുള്ള കാലയളവില്‍ വര്‍ഷാവര്‍ഷം 460,000 ഓളം പെണ്‍കുട്ടികളെയാണ് അവരുടെ ജനനത്തോടെ കാണാതായിട്ടുള്ളത്. ആഗോള തലത്തില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും, അറിവോടെയും സമ്മതത്തോടെയും, ശാരീരികമായും വൈകാരികമായും ഉപദ്രവിക്കപ്പെടുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com